സ്വദേശ് ദര്ശന് പദ്ധതിയില്‍ ബേപ്പൂരും
ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: വിനോദസഞ്ചാരവും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ടൂറിസം സേവനങ്ങളുടെ വികസനവും ഉള്‍പ്പെടുന്ന സുസ്ഥിര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാറിന്റെ സ്വദേശ് ദര്ശന് പദ്ധതിയില്‍ ബേപ്പൂര്‍ നിയോജക മണ്ഡലവും. സ്വദേശ് ദര്ശന് 2.0ന്റെ കീഴില്‍ 19 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള 34 പ്രദേശങ്ങള്‍ക്കൊപ്പമാണ് ബേപ്പൂര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ബേപ്പൂര്‍ ടൂറിസം ലോഗോ പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടര്‍ സുരേന്ദ്രന് നല്കി പ്രകാശനം ചെയ്തു.
ഫറോക്ക് ഗവ. ഗണപത് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ ഹര്‍ഷില്‍ ആര് മീണ, ഫറോക്ക് നഗരസഭ ചെയര്മാന് എന്‍ സി അബ്ദുല്‍ റസാഖ്, ബേപ്പൂര്‍ മണ്ഡലം വികസന മിഷന് ചെയര്മാന് രാധ ഗോപി, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, ടൂറിസം വകുപ്പ് ജോയിന്‍ ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, ഡിടിപിസി സെക്രട്ടറി, ടൂറിസം മിഷന് ജില്ലാ കോ ഓർഡിനേറ്റര്‍ ശ്രീകല ലക്ഷ്മി, സ്വദേശ് ദര്ശന് പദ്ധതി കണ്‍സല്‍ട്ടന്റുമാരായ ഐഎന്‍ഐ ഡിസൈന്‍ സ്റ്റുഡിയോ ആര്‍ക്കിടെക്റ്റുമാരായ നോയല്‍ തോമസ്, പാര്‍വതി സജീവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കോഴിക്കോടിന്റെ വാണിജ്യ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന ഉരുവും നാവിക ചരിത്രം പറയുന്ന ലൈറ്റ് ഹൗസും ഉള്‍പ്പെടുത്തിയാണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്. ഗേറ്റ് വേ ടു മലബാര്‍ എന്നതാണ് ലോഗോയിലെ ടാഗ് ലൈന്‍.

സ്വദേശ് ദര്ശന് ബേപ്പൂര്‍ ടൂറിസം ലോഗോ മന്ത്രി പി എ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടര്‍ സുരേന്ദ്രന് നല്കി പ്രകാശനം ചെയ്യുന്നു