ആവേശം നിറച്ച് ചാമ്പ്യൻസ് ബോട്ട് ലീഗ്

ചാമ്പ്യൻസ് ബോട്ട് ലീഗിന് ചാലിയാർ സ്ഥിരം വേദിയാകും- മന്ത്രി പി എ മുഹമ്മദ് റിയാസ്

ചാലിയാറിലെ ജലജേതാവായി അഴിക്കോടന്‍ അച്ചാം തുരുത്തി

കോഴിക്കോട്: ചാമ്പ്യൻസ് ബോട്ട് ലീഗിന് ചാലിയാർ സ്ഥിരം വേദിയായിരിക്കുമെന്ന് ടൂറിസം പൊതുമരാമത്ത്- വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പ് ഐപിഎൽ മാതൃകയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളംകളി ലീഗായ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾ
ഫറോക്ക് പഴയ പാലത്തിന് സമീപം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ വള്ളം കളി ലോകപ്രശസ്തമാണ്. വടക്കൻ ജില്ലകളിലെ ടൂറിസം സാധ്യതകൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സിബിഎൽ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.

പിഡബ്ല്യൂഡി റസ്റ്റ്‌ ഹൗസുകളിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചതിനു ശേഷം 30 കോടി രൂപ അധിക വരുമാനം സർക്കാരിന് ലഭിച്ചു. ഇതിൽ ഭൂരിപക്ഷം ആളുകളും വിനോദ സഞ്ചാരികളാണെന്ന് മന്ത്രി പറഞ്ഞു. ടൂറിസം സാധ്യതകൾ വികസിക്കുന്നത് നാടിന് ഒന്നാകെ മാറ്റം കൊണ്ടുവരും.  ദേശീയപാത വികസനം 450 കിലോമീറ്റർ പൂർത്തിയായതായി മന്ത്രി പറഞ്ഞു. ദേശീയപാത വികസനം ജനങ്ങളുടെ യാത്രാസൗകര്യത്തിൽ വലിയ രീതിയിലുള്ള മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സിബിഎൽ മത്സരങ്ങൾ ചാലിയാർ പുഴയിൽ ഫറോക്ക് പുതിയ പാലത്തിൽ നിന്നും ആരംഭിച്ച് പഴയ പാലത്തിനു സമീപത്തായി അവസാനിക്കുന്ന രീതിയിലാണ് നടത്തിയത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 60 അടി നീളമുള്ള 15 ചുരുളൻ വള്ളങ്ങളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. ഓരോ വള്ളത്തിലും 30 തുഴച്ചിലുകാർ. മൂന്ന് ട്രാക്കുകളിലായി അഞ്ച് ഹീറ്റ്സ് മത്സരങ്ങളും തുടർന്ന് രണ്ട് ലൂസേഴ്സ് മത്സരങ്ങളും ഫൈനൽ മത്സരവും നടന്നു.

ഫറോക്ക് നഗരസഭ ചെയർപേഴ്സൺ എൻ സി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ വി കെ സി മമ്മദ് കോയ മുഖ്യാതിഥിയായി. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശൈലജ ടീച്ചർ, കൗൺസിലർ കെടിഎ മജീദ്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, സിറ്റി പോലീസ് കമ്മീഷണര്‍ ടി നാരായണൻ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ, ഡിടിപിസി സെക്രട്ടറി ഡോ. ടി നിഖിൽദാസ്, സിബിഎൽ സംഘാടകസമിതി കൺവീനർ ടി രാധാഗോപി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *