അണ്‍എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ പ്രശ്‌നങ്ങള്‍: സര്‍ക്കാരിന് ശുപാര്‍ശ നല്‍കും

കോഴിക്കോട്: അണ്‍ എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപികമാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് കേരള വനിതാ കമ്മീഷന്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷ.


കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ പ്രധാനപ്പെട്ട പങ്കു വഹിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളാണ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍. ഇവിടെ ജോലി ചെയ്യാന്‍ നിയമിതരായിട്ടുള്ളവര്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ, ഗവേഷണ പരിചയമോ ഒക്കെയുള്ള ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മാനേജ്‌മെന്റുകളുടെ പീഡനങ്ങള്‍ക്ക് ഈ മേഖലയിലെ അധ്യാപകരും അനധ്യാപകരും ഇരയാകുന്നുണ്ട്. തൊഴില്‍ മേഖലയില്‍ ഒട്ടേറെ അവകാശങ്ങള്‍ നേടിയെടുത്ത സംസ്ഥാനമാണ് കേരളം. തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടാണ് വനിതാ കമ്മീഷന്റെ മുന്നില്‍ വരുന്ന പരാതികളിലേറെയും. ജനകീയ ഇടപെടലുകളാണ് ഇന്നത്തെ അഭിമാനകരമായ നിലയില്‍ കേരളത്തെ എത്തിച്ചത്. അണ്‍ എയ്ഡഡ് സ്‌കൂള്‍ മേഖല ഉള്‍പ്പെടെ തൊഴില്‍ മേഖലയിലെ ചൂഷണങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ജനകീയ ഇടപെടലിലൂടെ സാധിക്കുമെന്നും അധ്യക്ഷ പറഞ്ഞു.


അണ്‍ എയ്ഡഡ് സ്‌കൂള്‍ മേഖലയിലെ അധ്യാപകരുടെയും അനധ്യാപകരുടെയും ശമ്പള സ്ഥിതി സങ്കടകരമാണെന്ന് അധ്യക്ഷത വഹിച്ച വനിത കമ്മീഷനംഗം വി ആര്‍ മഹിളാമണി പറഞ്ഞു. തൊഴില്‍ സുരക്ഷ ഈ മേഖലയില്‍ ഇല്ലെന്നത് വേദനാജനകമാണ്. ചില സ്ഥലങ്ങളില്‍ ജീവനക്കാരുടെ ശമ്പളം മാനേജരുടെ അക്കൗണ്ടിലേക്ക് തിരികെ നല്‍കേണ്ട സ്ഥിതി നിലവിലുണ്ട്. അണ്‍എയ്ഡഡ് മേഖലയിലെ സ്‌കൂളുകളില്‍ നിന്നും ജോലി നഷ്ടപ്പെടുന്നവര്‍ക്ക് പ്രായം ഏറിയതുമൂലം പിഎസ്‌സി പരീക്ഷ എഴുതുന്നതിനോ മറ്റു സ്ഥാപനങ്ങളിലേക്കു പോകുന്നതിനോ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും കമ്മീഷനംഗം പറഞ്ഞു.
ഏതു സമയവും പിരിച്ചു വിടാവുന്ന കൃത്യമായ തൊഴില്‍ സേവന, വേതന വ്യവസ്ഥകളില്ലാത്ത മേഖലയാണ് അണ്‍ എയ്ഡഡ് വിദ്യാഭ്യാസ രംഗമെന്ന് വിശിഷ്ടാതിഥിയായ
കെ കെ രാമചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. യൂണിയന്‍ രൂപീകരിച്ചാല്‍ സ്‌കൂളുകളില്‍നിന്നു പുറത്താക്കും എന്ന സ്ഥിതി ഈ മേഖലയിലുണ്ട്. ഇതു നല്ലതല്ല. ട്രേഡ് യൂണിയനുകളുടെ ഇടപെടല്‍ ഈ മേഖലയില്‍ ഉണ്ടാകണം. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വനിതാ കമ്മീഷന്റെ മാതൃകാപരമായ ഇടപെടലാണ് ഉണ്ടായിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വേണു കക്കട്ടില്‍ ചര്‍ച്ച നയിച്ചു.
വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, ട്രേഡ് യൂണിയന്‍ നേതാവ് അഡ്വ. എം രാജന്‍, റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന, അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *