കോഴിക്കോട്: സ്വാതന്ത്രൃ സമരത്തിലെ മറ്റൊരു ധാരയെക്കുറിച്ച് നമുക്കു പറഞ്ഞുതന്ന എഴുത്തുകാരനാണ് എം എൻ സത്യാർഥിയെന്ന് പ്രൊഫ. കെ ശ്രീധരൻ പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ വിപ്ലവ പാതയെപ്പറ്റിയാണ് വിവർത്തനങ്ങളൊഴികെയുള്ള സത്യാർഥിയുടെ സ്വതന്ത്ര കൃതികൾ മിക്കവാറും എല്ലാം പ്രതിപാദിക്കുന്നത്. വിപ്ലവ പാതയിൽ നേരിട്ടു പങ്കാളിയായ അനുഭവത്തിൽ നിന്നാണ് അദ്ദേഹം ആ ചരിത്രം പറഞ്ഞു തന്നതെന്നും എം എൻ സത്യാർഥി അനുസ്മരണ സമ്മേളനത്തിൽ പ്രൊഫ. ശ്രീധരൻ പറഞ്ഞു.
വിവർത്തനത്തിന്നുള്ള സത്യാർഥി സ്മാരക പുരസ്കാരം പ്രശസ്ത വിവർത്തകൻ കെ വി കുമാരന് ഡോ. എം എം ബഷീർ കൈമാറി. മലയാള സാഹിത്യം ഇന്നത്തെ നിലയിലെത്തിയതിനു കാരണക്കാരിൽ ഒരാളാണ് സത്യാർഥിയെന്ന് എം എം ബഷീർ പറഞ്ഞു. വി ടി മുരളി സത്യാർഥി അനുസ്മരണ പ്രഭാഷണം നടത്തി.
കൃത്രിമമായ ഏകീകരണമാണ് മേൽക്കോയ്മ ദേശീയതയെന്നും ഭൂരിഭാഗം ജനങ്ങൾക്കും അത് തടവാണെന്നും ‘മേൽക്കോയ്മ ദേശീയതയും ജനകീയ ദേശീയതയും’ എന്ന പ്രഭാഷണത്തിൽ കെ ഇ എൻ പറഞ്ഞു. പുരസ്കാര ജേതാവ് കെ വി കുമാരൻ പ്രതിസ്പന്ദനം നടത്തി.
സ്പോർട്സ് കൗൺസിൽ ഹാളിൽ എം എൻ സത്യാർഥി ട്രസ്റ്റ് സംഘടിപ്പിച്ച സമ്മേളനത്തിൽ രാജേന്ദ്രൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ഒ കുഞ്ഞിക്കണാരൻ സ്വാഗതവും സൽമി സത്യാർഥി നന്ദിയും പറഞ്ഞു.
സത്യാർഥി പറഞ്ഞത്
സ്വാതന്ത്ര്യ സമരത്തിലെ
മറ്റൊരു ധാരയെപ്പറ്റി:
പ്രൊഫ. കെ ശ്രീധരൻ

