വോട്ടെണ്ണല്‍: ജീവനക്കാരെ നിയോഗിച്ച് ഉത്തരവായി


കോഴിക്കോട്: കോഴിക്കോട്, വടകര  ലോക്‌സഭാ മണ്ഡലങ്ങളില്‍ ജൂണ്‍ 4 ന് നടക്കുന്ന വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരുടെ രണ്ടാം റാന്‍ഡമൈസേഷന്‍ നടത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിയമന ഉത്തരവ് പുറപ്പെടുവിച്ചു. രണ്ട് മണ്ഡലങ്ങളിലെയും വോട്ടുകള്‍ എണ്ണുന്നതിനായി ഓരോ ടേബിളിലേക്കുമുള്ള കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ ഉള്‍പ്പെടുന്ന കൗണ്ടിംഗ് ടീമിനെയും മൈക്രോ ഒബ്‌സര്‍വര്‍മാരെയുമാണ് റിസര്‍വ് സഹിതം നിയമിച്ചത്.

വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയുക്തരായ ജീവനക്കാര്‍ക്കുള്ള നിയമന ഉത്തരവ് ഓണ്‍ലൈനായി സ്ഥാപനമേധാവികള്‍ക്ക് ജൂണ്‍ 3 ന് തിങ്കളാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ലഭ്യമാകും. സ്ഥാപനമേധാവികള്‍ നിയമന ഉത്തരവ് ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ മുഖേന എത്രയും വേഗം ഡൗണ്‍ലോഡ് ചെയ്ത് അതത് ജീവനക്കാര്‍ക്ക് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന്റെ സ്റ്റാറ്റസ് സ്ഥാപന മേധാവികള്‍ ഓര്‍ഡര്‍ സോഫ്റ്റ്‌വെയറില്‍ അപ്ഡേറ്റ് ചെയ്യണം. ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റിംഗ് ഓര്‍ഡര്‍ www.order.ceo.kerala.gov.inല്‍ ലഭ്യമാണ്.

കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരും വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലിന് രാവിലെ ആറരയ്ക്ക് വോട്ടെണ്ണല്‍ കേന്ദ്രമായ വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം എജുക്കേഷനല്‍ കോംപ്ലക്‌സില്‍ എത്തിച്ചേരേണ്ടതാണ്. ഉദ്യോഗസ്ഥര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തുന്നതിനായി വടകര, താമരശ്ശേരി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ചൊവ്വാഴ്ച അതിരാവിലെ പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തിയതായും ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *