കരാറുകാർ സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തിയാക്കണം: മന്ത്രി


കോഴിക്കോട്: പ്രവൃത്തി ഏറ്റെടുക്കുന്ന കരാറുകാർ സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത്- ടൂറിസം  മന്ത്രി പി എ മുഹമ്മദ് റിയാസ്. നവീകരിച്ച പേരാമ്പ്ര- താനിക്കണ്ടി -ചക്കിട്ടപാറ റോഡ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചുരുക്കം ചിലരൊഴിച്ചാൽ ഭൂരിപക്ഷം പേരും സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കുന്നവരാണ്. എന്നാൽ പ്രവൃത്തി പൂർത്തീകരണത്തിൽ തെറ്റായ നിലപാടുകളുമായി മുന്നോട്ട് പോകുന്ന കരാറുകാരോട് കർക്കശമായ നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. 

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ ഉൾപ്പെടുന്ന പേരാമ്പ്ര, കൂത്താളി, ചക്കിട്ടപാറ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കടന്നു പോകുന്നതാണ് പേരാമ്പ്ര- താനിക്കണ്ടി -ചക്കിട്ടപാറ റോഡ്. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 10 കോടി രൂപ ചെലവിലാണ് റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്. നേരത്തെ പ്രവൃത്തിയിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് കരാറുകാരനെ നീക്കം ചെയ്തിരുന്നു. തുടർന്ന് പുതിയ കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്താണ് റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്.

ടി പി രാമകൃഷ്ണൻ  എംഎൽഎ അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എംപി വിശിഷ്ടാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു കെ കെ, കെ സുനിൽ, വൈസ് പ്രസിഡന്റ് വി എം അനൂപ് കുമാർ, വാർഡ് മെമ്പർ പൂളക്കണ്ടി കുഞ്ഞമ്മദ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. സൂപ്രണ്ടിങ് എഞ്ചിനീയർ ജയശ്രീ യു പി സ്വാഗതവും അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി കെ രഞ്‌ജി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *