പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പൊലീസ് ഓഫീസറുടെ മറുപടിയില്‍ വ്യക്തമായി: വനിതാ കമ്മീഷന്‍



കോഴിക്കോട്: പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മറുപടിയില്‍ നിന്നു വ്യക്തമായെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവർ. പരാതി കിട്ടിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. നിയമപരവും ധാര്‍മ്മികവുമായ എല്ലാ പിന്തുണയും പെണ്‍കുട്ടിക്കു വനിതാ കമ്മീഷന്‍ നല്‍കും.

ഭര്‍ത്തൃഗൃഹത്തില്‍ ഗുരുതരമായ പീഡനത്തിന് പെണ്‍കുട്ടി ഇരയായിട്ടുണ്ടെന്ന് വനിതാ കമ്മീഷനു ലഭിച്ച പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നപ്പോഴുള്ള എസ്എച്ച്ഒയുടെ സമീപനം സംബന്ധിച്ചും പരാതിയിലുണ്ട്. ലഭിച്ച പരാതി ചൊവ്വാഴ്ച തന്നെ വനിതാ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്തു. ചൊവ്വാഴ്ച തന്നെ എസ്എച്ച്ഒയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. ഗുരുതരമായ ശാരീരിക പീഡനങ്ങള്‍ക്കാണ് പെണ്‍കുട്ടി ഇരയായിട്ടുള്ളത്. പെണ്‍കുട്ടിയെ ഭര്‍ത്തൃവീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ബോധമില്ലായിരുന്നു എന്നും ബോധം തെളിഞ്ഞപ്പോഴാണ് ആശുപത്രിയിലാണെന്ന് അറിഞ്ഞത് എന്നും പെൺകുട്ടി പറയുന്നു.

കുളിമുറിയില്‍ വീണു പരിക്കേറ്റതിനെ തുടര്‍ന്നാണ് കൊണ്ടുചെന്നതെന്ന് ഭര്‍ത്തൃവീട്ടുകാര്‍ ആശുപത്രി അധികൃതരോടു പറയുന്നത് പെണ്‍കുട്ടി കേട്ടു. മദ്യലഹരിയില്‍ ഫോണിന്റെ കേബിള്‍ കഴുത്തിലിട്ടു കുരുക്കി ഉള്‍പ്പെടെയാണ് ഭര്‍ത്താവ് പെണ്‍കുട്ടിയെ പരിക്കേല്‍പ്പിച്ചിട്ടുള്ളത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ നിലയിലുള്ള പെണ്‍കുട്ടിയുടെ ചിത്രം വിവിധ മാധ്യമങ്ങളിലൂടെ കണ്ടു. ഗുരുതര പരാതി നല്‍കിയ പെണ്‍കുട്ടിയോട് ഭര്‍ത്താവുമായി ഒത്തുപോകണം എന്ന് പൊലീസ് നിര്‍ദേശിച്ചതായി ആരോപണമുണ്ട്. പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തേണ്ടിയിരുന്നു.
ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസ് സേനയ്ക്ക് അപമാനമാണ്. കേരളത്തിലെ പൊലീസ് സംവിധാനം ഏറ്റവും മെച്ചപ്പെട്ടതും കൃത്യവുമായ രൂപത്തില്‍ ഇത്തരം ആരോപണങ്ങളില്‍ അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തുകയും നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ജാഗ്രത കാട്ടുന്നുമുണ്ട്. ഈ കേസില്‍ പൊലീസ് സേനയ്ക്ക് അപമാനം വരുത്തി വച്ച പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തില്‍നിന്നു മാറ്റിയതായി മനസിലാക്കുന്നു. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും നല്ല രീതിയിലുള്ള നടപടിയാണ് ഉണ്ടായിട്ടുള്ളത്. കുറ്റമറ്റതും ചിട്ടയായ രീതിയിലുമുള്ള അന്വേഷണം നടക്കണം.

വിവാഹം കഴിഞ്ഞ് ഏഴു ദിവസത്തിനുള്ളിലാണ് പെണ്‍കുട്ടിക്ക് പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുള്ളത്. ഭര്‍ത്തൃഗൃഹത്തില്‍നിന്ന് പീഡനം ഏല്‍ക്കുന്നത് സര്‍വംസഹകളായി സ്ത്രീകള്‍ സഹിക്കണമെന്ന സമൂഹത്തിന്റെ മനോഭാവം മാറണം. പൊലീസ് സേനയ്ക്ക് നിയമങ്ങളെ കുറിച്ചും നിയമനടപടികളെ കുറിച്ചും നല്ല അവബോധം ഉണ്ടാകണം. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പരാതികള്‍ സ്വീകരിക്കേണ്ടത് എങ്ങനെ, കേസ് അന്വേഷിക്കേണ്ടത് എങ്ങനെ എന്നിവ സംബന്ധിച്ച് കൃത്യമായ ധാരണ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിന് പോലീസ് ട്രെയിനിംഗ് സംവിധാനം ശക്തമാക്കണം. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ മൂന്നു മേഖലാ കേന്ദ്രങ്ങളിലായി കേരളത്തിലെ പൊലീസ് സേനയ്ക്ക് ജെന്‍ഡര്‍ സെന്‍സറ്റൈസേഷന്‍
സംബന്ധിച്ച് നിയമാവബോധ ക്ലാസ് കഴിഞ്ഞ വര്‍ഷം വനിതാ കമ്മീഷന്‍ നടത്തിയിരുന്നു.
വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ക്ക് ഈ തരത്തില്‍ പീഡനം ഏല്‍ക്കേണ്ടി വരുന്നു എന്നുള്ളത് കേരളീയ സമൂഹം ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.

സ്ത്രീധന സമ്പ്രദായത്തിന് എതിരായി 1961ല്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നെങ്കിലും പാരിതോഷികമെന്ന പേരില്‍ സ്ത്രീധനം ഇപ്പോഴും നല്‍കി വരുകയാണ്. പാരിതോഷികങ്ങള്‍ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. ഇതുമൂലമാണ് നിയമം ദുര്‍ബലമായി പോകുന്നത്. ഈ സാഹചര്യത്തില്‍ നിയമത്തില്‍ തന്നെ ആവശ്യമായ ഭേദഗതി വരുത്തണം. കേന്ദ്ര സര്‍ക്കാരാണ് ഭേദഗതി നടപടി എടുക്കേണ്ടത്. ആവശ്യമായ ചട്ടങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് വനിതാ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭര്‍ത്തൃപീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വനിതാ കമ്മിഷന്‍ സന്ദര്‍ശിക്കും. നിയമപരവും ധാര്‍മ്മികവുമായ എല്ലാ പിന്തുണയും വനിതാ കമ്മിഷന്‍ നല്‍കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. വനിതാ കമ്മിഷന്‍ അംഗം വി ആര്‍ മഹിളാമണി ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *