കോഴിക്കോട്: 1991 സെപ്തംബര്‍ 18ന് രാജ്യത്ത് നിലവില്‍ വന്ന ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു.
1991ലെ നിയമത്തില്‍ വകുപ്പ് 4 പ്രകാരം ഒരു ആരാധനാലയത്തിന് 1947 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന മതപരമായ സ്വഭാവത്തില്‍ മാറ്റം വരാന്‍ പാടില്ലാത്തതാണ്. അത് പ്രകാരം രാജ്യത്ത് നിലവിലുള്ള ഒരു പള്ളിയും സര്‍വേ നടത്താനോ അല്ലെങ്കില്‍ അതിന്റെ ഉത്ഭവം അന്വേഷിക്കാനോ പാടില്ലാത്തതാണ്. ഈ നിയമത്തിനെതിരെ ചില തീവ്രവാദികള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.1991ലെ ആരാധാനലയ സംരക്ഷണ നിയമത്തിന് അനുകൂലമായി വാദം ഉന്നയിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതി മുമ്പാകെ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. അനുകൂല തീരുമാനം സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാവുമെന്ന് യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു.
അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി നേതൃത്വം നല്‍കുന്നതോ അദ്ദേഹത്തിന് പങ്കാളിത്തം ഉള്ളതോ ആയ ഒരു വിദ്യാഭ്യാസ സംവിധാനവുമായും സമസ്തക്ക് ബന്ധമില്ലെന്നത് മുശാവറ നേരത്തെ തീരുമാനിച്ച് പ്രഖ്യാപിച്ചതാണ്.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാര്‍, യു.എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എ.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം. മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ വാക്കോട്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി തുടങ്ങിയവർ സംസാരിച്ചു.

