ജില്ലയിൽ 219320 കുട്ടികൾക്ക് നാളെ പോളിയോ തുള്ളിമരുന്ന് നൽകും


കോഴിക്കോട്: ലോകത്തു നിന്നും പോളിയോ രോഗം ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ (മാർച്ച് 3) കേരളത്തിൽ പൾസ് പോളിയോ ഇമ്യുണൈസേഷൻ പരിപാടി നടക്കും. അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴിയാണ് പോളിയോ തുള്ളി മരുന്ന് നൽകുന്നത്.

കോഴിക്കോട് ജില്ലയിൽ 219320 കുട്ടികൾക്കാണ്  തുള്ളിമരുന്ന് നൽകേണ്ടത്. ആകെ 2210 ബൂത്തുകൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇതിൽ 45 ട്രാൻസിറ്റ് പോയിന്റ്കളും 49 മൊബൈൽ ബൂത്തുകളും ഉൾപ്പെടും. പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലതല ഉദ്ഘാടനം തിരുവങ്ങൂർ ബ്ലോക്ക്‌ കുടുംബരോഗ്യ കേന്ദ്രത്തിൽ രാവിലെ എട്ടിനു കാനത്തിൽ ജമീല എംഎൽഎ നിർവഹിക്കും.

സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ,  അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ എന്നിവിടങ്ങൾ വഴിയാണ് തുള്ളി മരുന്ന് വിതരണം നടത്തുക.  പ്രത്യേകം പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരും വളണ്ടിയർമാരുമാണ് തുള്ളി മരുന്ന് വിതരണം നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ പൂർണ്ണ സഹകരണത്തോടെയാണ് പൾസ്പോളിയോ ഇമ്യുണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തിൽ 2000 ന് ശേഷവും ഇന്ത്യയിൽ 2011 ന് ശേഷവും പോളിയോ റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഭാരതത്തെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചെങ്കിലും അയൽരാജ്യങ്ങളിൽ പോളിയോ ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നതിനാൽ രോഗസാധ്യത ഒഴിവാക്കാനായിട്ടാണ് നമ്മുടെ കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് തുടർന്നും നൽകുന്നത്.  പൊതുജനങ്ങൾ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *