കോഴിക്കോട്: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് നിയമത്തിൻ്റെ പരിധിയിൽ വരുത്തി, രജിസ്ട്രേഷൻ്റെയും പരിശോധനയുടെയും നൂലാമാലകളിൽ പെടുത്തി കേരളത്തിലെ ചെറുകിട ആശുപത്രികളെ ശ്വാസം മുട്ടിക്കുന്ന നയത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാൻ കേരള അസോസിയേഷൻ ഓഫ് സ്മോൾ ഹോസ്പിറ്റൽ ആൻ്റ് ക്ലിനിക്സ് (കാസ്ക്ക്) തീരുമാനിച്ചു.
നാട്ടിൻ പുറങ്ങളിൽ ദശാബ്ദങ്ങളായി ചെറിയ ചെലവിൽ മെച്ചപ്പെട്ട ചികിത്സ നൽകി ജനങ്ങളുടെ വിശ്വാസം നേടി നിശബ്ദ സേവനം നടത്തിവരുന്ന ചെറുകിട ആശുപത്രികളെ വീണ്ടും വീണ്ടും പരിശോധനകൾക്കു വിധേയമാക്കി ആത്മവിശ്വാസം തകർക്കാൻ മാത്രമേ ഇത്തരം നിയമങ്ങൾ ഉതകുകയുള്ളുവെന്ന് കാസ്ക്ക് സംസ്ഥാന ചെയർമാൻ ഡോ. ടി. സുരേഷ്കുമാറും സംസ്ഥാന സെക്രട്ടറി ഡോ. സുഷമാ അനിലും പ്രസ്താവനയിൽ ആരോപിച്ചു.
ഡി.എച്ച്.എസ്. ഓഫീസിനു മുമ്പിൽ ഐ.എം.എ. സംഘടിപ്പിക്കുന്ന പൊതുജനാരോഗ്യ സംരക്ഷണ സമരത്തിൽ സജീവ പിന്തുണ അറിയിച്ച് കാസ്ക്ക് പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

