ബേപ്പൂർ തുറമുഖം പിപിപി മാതൃകയിൽ വികസിപ്പിക്കും

കോഴിക്കോട്: ബേപ്പൂർ തുറമുഖം പിപിപി മാതൃകയിൽ വികസിപ്പിക്കുവാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.  ഭാവിയിൽ ബേപ്പൂർ ഒരു തുറമുഖ നഗരമായി മാറാനും നാടിന് സാമ്പത്തിവും സാമൂഹികവുമായ അഭിവൃദ്ധി കൈവരിക്കുവാനും  ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

രണ്ടായിരത്തിലേറെ കോടി രൂപയുടെ വികസനമാണ് ഇതുവഴി ബേപ്പൂരിൽ നടക്കുക. മാരിടൈം ബോർഡിനാണ് നിർമ്മാണ ചുമതല. തദ്ദേശവാസികൾക്ക് കൂടി പങ്കാളിത്തം നൽകിക്കൊണ്ടുള്ള ആലോചനായ യോഗങ്ങൾക്ക് ശേഷം ആയിരിക്കും പദ്ധതിയുടെ മറ്റു ഘട്ടങ്ങളിലേക്ക് കടക്കുക. ഉടൻ ടെൻഡർ നടപടികളിലേക്ക് കടന്ന് അതിവേഗം തുറമുഖ നിർമ്മാണം സാധ്യമാകും വിധമുള്ള തീരുമാനമാണ് മന്ത്രിസഭായോഗം കൈക്കൊണ്ടത്.

തദ്ദേശീയമായും അല്ലാതെയും നിരവധി പേർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനും നിലവിൽ തൊഴിൽ ചെയ്യുന്നവരുടെ വരുമാനം വർദ്ധിക്കുന്നതിനും പദ്ധതി സഹായകമാകും.  

തുറമുഖ വികസനുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗവുമായി ചർച്ച ചെയ്ത്  അവരുടെയെല്ലാം നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് മറ്റ് കാര്യങ്ങൾ നടപ്പാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രിയുമായി നടന്ന ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 

ബേപ്പൂർ തുറമുഖ വികസനമെന്ന
ദീർഘകാലത്തെ നാടിൻ്റെ സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സഹായിച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി  പിണറായി വിജയനും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവനും മന്ത്രിസഭാ അംഗങ്ങൾക്കും നാടിന് വേണ്ടി നന്ദി അറിയിക്കുതായും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *