കോഴി മാലിന്യം സൂക്ഷിക്കാൻ  വികേന്ദ്രീകൃത കണ്ടെയ്നർ ഫ്രീസർ

വാണിമേൽ പുഴ ശുചീകരണം ഫെബ്രുവരി 15 ന് തുടങ്ങും

കോഴിക്കോട്: ജില്ലയിലെ എല്ലാ കോഴി സ്റ്റാളുകളിലും ഫ്രീസർ സംവിധാനം ഒരുക്കണമെന്ന
നിർദ്ദേശത്തിൽ കോഴി വ്യാപാരികൾ
പ്രയാസം അറിയിച്ചതിനെ തുടർന്ന് കോഴിക്കോട് സിറ്റി കോർപ്പറേഷൻ പരിധിയിൽ വികേന്ദ്രീകൃത രീതിയിൽ എല്ലാ കോഴി സ്റ്റാൾ കച്ചവടക്കാർക്കും പൊതുവായി ഉപയോഗിക്കാവുന്ന കണ്ടെയ്നർ ഫ്രീസർ സ്ഥാപിക്കും.
ജില്ലാ ശുചിത്വമിഷനാണ് ഇക്കാര്യം ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചത്.

നിലവിൽ ജില്ലയിൽ കോഴിമാലിന്യം
ശേഖരിക്കുന്ന ഏക ഏജൻസിയാണ് ഫെബ്രുവരി 10 ഓടെ ഫ്രീസർ സ്ഥാപിക്കുക. 
കണ്ടെയ്നർ ഫ്രീസറിൽ കോർപ്പറേഷൻ പരിധിയിലെ എല്ലാ കോഴി സ്റ്റാളുകളിൽ നിന്നുള്ള മാലിന്യവും ശേഖരിക്കാം. സംവിധാനം വിജയകരമാണെന്ന് കണ്ടാൽ ജില്ലയിലെ നാലു താലൂക്കുകളിലേക്ക് കൂടി വ്യാപിപ്പിക്കും. 

നിലവിൽ കോഴി മാലിന്യം സംസ്കരിക്കുന്ന ജില്ലയിലെ ഏക പ്ലാന്റായ കട്ടിപ്പാറയിലേക്ക് 20-25 ടണ്ണിൽ കൂടുതൽ മാലിന്യം കൊണ്ടുപോകരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്. ബാക്കി വരുന്ന മാലിന്യം സമീപ ജില്ലകളിലെ ഏജൻസികൾക്ക് കൈമാറും. ഇക്കാര്യങ്ങൾ നടപ്പിൽ വരുത്തുന്നു എന്ന് ശുചിത്വമിഷൻ ഉറപ്പാക്കും.

ഉരുൾപൊട്ടലിനെ തുടർന്ന് മരങ്ങളും മണ്ണും കല്ലുകളും അടിഞ്ഞ് തടസ്സപ്പെട്ട വാണിമേൽ പുഴ ശുചീകരിക്കാനുള്ള ഏഴ് പ്രമൃത്തികളിൽ ആറെണ്ണം ടെണ്ടർ ചെയ്തതായി ഉദ്യോഗസ്ഥൻ അറിയിച്ചു.  ഫെബ്രുവരി 15 ന് പ്രവൃത്തി തുടങ്ങും.

കുറ്റ്യാടി, മണിയൂർ, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ ജൽജീവൻ പദ്ധതിക്ക് വേണ്ടി
വെട്ടിപൊളിച്ച റോഡുകൾ പുനരുദ്ധരിക്കുന്ന പ്രവൃത്തി തുടങ്ങിയതായി ജല അതോറിറ്റി ഉദ്യോഗസ്ഥൻ അറിയിച്ചു. മറ്റ് ഗ്രാമപഞ്ചായത്തുകളിലും ഉടൻ തന്നെ പ്രവൃത്തി തുടങ്ങും.  പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളിൽ 60% പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി. 

സരോവരത്ത് തണ്ണീർതടം മണ്ണിട്ട് നികത്താൻ ശ്രമിച്ച
സംഭവത്തിൽ മണ്ണ്
ഏതു തരം ഭൂമിയിലാണ് നിക്ഷേപിച്ചത് എന്ന് പരിശോധിക്കണമെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു.

കൊയിലാണ്ടി-എടവണ്ണപ്പാറ സംസ്ഥാന പാതയിൽ പലയിടത്തും അനധികൃത കയ്യേറ്റം ഒഴിപ്പിച്ചെങ്കിലും
മുക്കം മുനിസിപ്പാലിറ്റി പരിധിയിൽ
അനുവദിച്ചതിലും കൂടുതൽ സ്ഥലങ്ങളിൽ വഴിയോരക്കച്ചവടക്കാർ കയ്യേറിയതായി തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ചൂണ്ടിക്കാട്ടി. ഇത്‌ ഗതാഗത കുരുക്കിനും കാരണമാകുന്നതിനൊപ്പം മാലിന്യ ഉൽപ്പാദനത്തിനും ഇടയാക്കുന്നു.

ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, ലിന്റോ ജോസഫ്, എഡിഎം സി മുഹമ്മദ് റഫീക്ക്, സബ് കലക്ടർ ഹർഷിൽ ആർ മീണ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, മറ്റ്
ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *