കോഴിക്കോട്: കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് – പുതുവത്സര ചന്തകള്‍ ഡിസംബര്‍ 23ന് ആരംഭിക്കും. ആന്ധ്ര അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 13 ഇനം സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ ലഭിക്കും. പൊതുമാര്‍ക്കറ്റിനേക്കാള്‍ 30 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവുണ്ടാകും. മറ്റ് അവശ്യ നിത്യോപയോഗ സാധനങ്ങള്‍, ത്രിവേണി നോട്ട് ബുക്കുകള്‍ എന്നിവ നോണ്‍ സബ്സിഡി നിരക്കില്‍ ലഭിക്കും. ഇവ 10 ശതമാനം മുതല്‍ 40 ശതമാനം വരെ വിലക്കുറവിലായിരിക്കും ലഭിക്കുക.
ഞായറാഴ്ച ഉള്‍പ്പെടെ ഡിസംബര്‍ 30 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും. 22 ന് ഉച്ചക്ക് രണ്ടിന് തിരുവനന്തപുത്ത് നടക്കുന്ന ചടങ്ങില്‍ സഹകരണ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ഓരോ ജില്ലയിലും ഒരു ചന്തകള്‍ വീതം 14 ചന്തകളാണ് സംസ്ഥാനത്ത് ഉണ്ടാവുക. 5 കോടി രൂപയുടെ സബ്സിഡി ഇനങ്ങളും 10 കോടിയുടെ നോണ്‍ സബ്സിഡി ഇനങ്ങളും ഉള്‍പ്പെടെ 15 കോടി രൂപയുടെ വില്‍പ്പനയാണ് 14 ചന്തകളിലായി ലക്ഷ്യമിടുന്നതെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് അറിയിച്ചു. തിരക്ക് ഒഴിവാക്കുന്നതിന് മുന്‍കൂര്‍ സമയക്രമം നിശ്ചയിച്ച് ടോക്കണുകള്‍ നല്‍കും. പ്രതിദിനം 300 പേര്‍ക്കാണ് സാധനങ്ങള്‍ ലഭിക്കുക. ക്രിസ്മസ് പുതുവത്സര വേളയില്‍ വിപണിയില്‍ ഉണ്ടാകുന്ന വിലക്കയറ്റം തടയുന്നതിന് ശക്തമായ വിപണി ഇടപെടലാണ് സഹകരണവകുപ്പ് കണ്‍സ്യൂമര്‍ഫെഡ് മുഖേന നടപ്പിലാക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ എം സലീം പറഞ്ഞു.
സബ്സിഡി നിരക്കില്‍ ലഭിക്കുന്ന 13 ഇനങ്ങളുടെ സബ്സിഡി നിരക്കും പൊതുമാര്‍ക്കറ്റ് നിരക്കും യഥാക്രമം: ജയ അരി ( 25.00 – 45,00), കുറുവ അരി (25.00 – 44.00), മട്ട അരി (24.00 – 46.00), പച്ചരി (23.00 – 36.00), പഞ്ചസാര (22.00 – 43.00) ചെറുപയര്‍ (74.00 – 130.00), വന്‍കടല(43.00 – 95.00) ഉഴുന്ന് (66.00 – 136.00), വന്‍പയര്‍ (45.00 – 128.00), തുവരപ്പരിപ്പ് (65.00 – 180.00), മുളക് (75.00 – 280.00), മല്ലി (79.00 – 105.00), വെളിച്ചെണ്ണ(46.00 – 93.00)
ജില്ലാ ആസ്ഥാനങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് – പുതുവത്സര ചന്തകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍: തിരുവനന്തപുരം – (സ്റ്റ്യാച്ച്യു), കൊല്ലം – സിവില്‍സ്റ്റേഷന്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് അങ്കണം,
പത്തനംതിട്ട: ( മാര്‍ക്കറ്റ് റോഡ്), ആലപ്പുഴ: ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസ് ഹാള്‍ (ജില്ലാ കോടതി പാലം), കോട്ടയം: കഞ്ഞിക്കുഴി ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് അങ്കണം, ഇടുക്കി: ചെറുതോണി ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് അങ്കണം, എറണാകുളം: ഗാന്ധിനഗര്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് അങ്കണം, തൃശൂര്‍: തൃശൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കെട്ടിടം (തിരുവമ്പാടി അമ്പലത്തിന് സമീപം), മലപ്പുറം: പ്രസ്‌ക്ലബ്ബ് കുന്നുമ്മല്‍, പാലക്കാട്: കോര്‍ട്ട്‌റോഡ് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് അങ്കണം, കോഴിക്കോട്: മുതലക്കുളം ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് അങ്കണം, വയനാട്: കല്‍പ്പറ്റ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ് അങ്കണം, കണ്ണൂര്‍: പോലീസ് സഭാഹാള്‍ (കണ്ണൂര്‍ ടൗണ്‍) കാസര്‍കോട്: ഉഡുപ്പി കൃഷ്ണഭവന്‍ ഹോട്ടല്‍ ബില്‍ഡിംഗ് – റാം നഗര്‍ റോഡ്, കാഞ്ഞങ്ങാട്.

