2030ല്‍ മില്‍മയുടെ വിറ്റുവരവ് ലക്ഷ്യം 10,000 കോടി

കോഴിക്കോട്: 2030-ഓടെ  മില്‍മയുടെ  വിറ്റുവരവ് ലക്ഷ്യം 10,000 കോടിയെന്ന് ചെയര്‍മാന്‍ കെ എസ് മണി. ഗുണ നിലവാരത്തില്‍  ഏത് കോര്‍പ്പറേറ്റ് കമ്പനിയേയും കിടപിടിക്കാന്‍  മില്‍മക്കാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലിൻ്റെയും മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെയും വില്‍പ്പന വര്‍ധിപ്പിക്കാന്‍  നൂതന വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്  മലബാര്‍ മില്‍മ. എല്ലാ വര്‍ഷവും വിളിച്ചുചേര്‍ക്കുന്ന ‘ചെയര്‍മാന്‍സ് ക്ലബ്ബ്’അംഗങ്ങളായ മില്‍മ ഡീലര്‍മാരുടെ യോഗം കാലിക്കറ്റ് ടവറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ എസ് മണി. 

500 ലിറ്ററിനു മുകളില്‍ പാല്‍ പ്രതിദിനം വില്‍പ്പന നടത്തുന്ന മില്‍മ ഡീലര്‍മാരാണ് ചെയര്‍മാന്‍സ് ക്ലബ്ബില്‍ അംഗങ്ങള്‍.

ചടങ്ങില്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ സി ജെയിംസ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ ലക്ഷോപലക്ഷം ക്ഷീര കര്‍ഷകരുടെ ജീവിതത്തിനു കരുത്തേകുന്നവരാണ് മില്‍മ വിതരണക്കാരെന്നും  അവര്‍ക്ക് മതിയായ സേവനം നല്‍കി സംരക്ഷിക്കുകയെന്നത് മില്‍മയുടെ കടമയാണെന്നും ജെയിംസ് പറഞ്ഞു. ചെയര്‍മാന്‍സ് ക്ലബ്ബ് അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ഷാവര്‍ഷം കണ്ടുവരുന്ന വര്‍ദ്ധനവ് ഏറെ പ്രശംസനീയമാണെന്നും അദേഹം അഭിപ്രായപ്പെട്ടു. മില്‍മ ഡീലര്‍മാര്‍ക്കുള്ള വെര്‍ച്ചല്‍ എക്കൗണ്ട് നമ്പര്‍ ആക്ടിവേഷന്റെ ഉദ്ഘാടനം മില്‍മ ചെയര്‍മാന്‍ കെ എസ് മണി, മാനേജിംഗ് ഡയറക്ടര്‍ കെ സി ജെയിംസ്, എസ്ബിഐ ഡിജിഎം സഞ്ജീവ് ടി വി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.  ചെയര്‍മാന്‍സ് ക്ലബ്ബ് ഡീലര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചെയര്‍മാന്‍ നിര്‍വഹിച്ചു.കേരളം കണികണ്ടുണരുന്ന നന്മയായ മില്‍മയോട് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എസ്ബിഐ ഡിജിഎം സഞ്ജീവ് പറഞ്ഞു. മേഖലാ യൂണിയന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സജീഷ് എം സ്വാഗതവും കോഴിക്കോട് ഡെയറി മാര്‍ക്കറ്റിംഗ് ഹെഡ് സന്തോഷ് പി ആര്‍ നന്ദിയും പറഞ്ഞു.

സംഭരണം, സംസ്‌കരണം, വിതരണം എന്നിങ്ങനെ സമസ്ത മേഖലയിലും മികവു പുലര്‍ത്തി കേരളത്തിലെ മികച്ച സഹകരണ പ്രസ്ഥാനമായി വളരുകയാണ് മലബാര്‍ മില്‍മ. 

Leave a Reply

Your email address will not be published. Required fields are marked *