കേരളത്തിലെ ആദ്യ സ്കൂൾ ആർട്ട് ഗാലറി ഉദ്ഘാടനം നാളെ
കോഴിക്കോട്: കേരളത്തിലെ ആദ്യ ‘സ്കൂൾ ആർട്ട് ഗാലറി’ കോഴിക്കോട്ടെ കാരപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യാഥാർഥ്യമായി. കേരള ലളിതകലാ അക്കാദമിയാണ് പ്രാദേശിക ചരിത്ര ഗ്യാലറിയും ആർട്ട് ഗ്യാലറിയും സമന്വയിപ്പിച്ചു കൊണ്ടുള്ള ശ്രദ്ധേയ പദ്ധതി നടപ്പാക്കുന്നത്.
കല, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം, ചരിത്രം എന്നീ മേഖലകളിൽ കുട്ടികൾക്കുള്ള അറിവും അവബോധവും ആസ്വാദന നിലവാരവും വികസിപ്പിക്കാൻ ഉതകും വിധമാണ് ഗാലറി സജ്ജീകരിച്ചിരിക്കുന്നത്. 2008 മുതൽ കോഴിക്കോട് നോർത്ത് അസംബ്ലി മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ‘ പ്രിസം ‘ പദ്ധതിയിലൂടെ രാഷ്ട്രാന്തരീയ നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് കാരപ്പറമ്പ് സ്കൂളിൽ നടന്നത്. സ്കൂളിന്റെ രൂപകല്പനയ്ക്ക് ആർക്കിടെക്ചറിനുള്ള ദേശീയ അവാർഡും ലഭിച്ചു. ഇതെല്ലാം പരിഗണിച്ചാണ് ‘പ്രിസം’ പദ്ധതിയുമായി സഹകരിച്ച് കേരള ലളിതകലാ അക്കാദമി സംസ്ഥാനത്തെ അവരുടെ പൈലറ്റ് പ്രൊജക്ട് നടപ്പാക്കാൻ കാരപ്പറമ്പ് സ്കൂളിനെ തെരഞ്ഞെടുത്തത്.
ഓരോ കുട്ടിയുടെയും വ്യക്തിത്വത്തിൽ അന്തർലീനമായ പ്രതിഭാ വിശേഷങ്ങൾക്ക് വളർന്നു വികസിക്കാൻ അരങ്ങൊരുക്കി കൊടുക്കലാകണം ഒരു സ്കൂളിന്റെ ധർമ്മം എന്ന ‘പ്രിസം’ പദ്ധതി മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാടിന് അനുപൂരകവുമാണ് ആർട്ട് ഗ്യാലറി പദ്ധതി. സ്കൂളിന്റെ വിശാലമായ ഡൈനിങ് ഹാളിനോട് ചേർന്ന വിസിറ്റേഴ്സ് ലോഞ്ചും, ഇൻഡോർ കോർട്ടിന്റെ മുന്നിലെ ലോബി സ്പെയ്സും ഉപയോഗപ്പെടുത്തി ഇരു നിലകളിലായി ആകർഷകമായാണ് ആർട്ട് ഗാലറി സജ്ജീകരിച്ചത്.
ഇവിടെ ഫാൾസ് വാൾ, ട്രാക്ക് ലൈറ്റുകൾ, ഓഡിയോ വീഡിയോ എക്സിബിറ്റ്സ് എന്നിങ്ങനെയുള്ള സാങ്കേതിക സംവിധാനങ്ങളുണ്ട്.വിവിധ കാലഘട്ടങ്ങളിൽ കോഴിക്കോട് എത്തിച്ചേർന്നു ഇവിടുത്തെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി മാറിയ വിവിധ സാമൂഹ്യ വിഭാഗങ്ങളെ കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള വിവരണങ്ങൾ ചരിത്ര ഗാലറിയിൽ കാണാം. കല, സാഹിത്യം, രാഷ്ട്രീയം, സ്പോർട്സ് തുടങ്ങി വിവിധ തുറകളിൽ കോഴിക്കോടിന്റ യശസ്സുയർത്തിയ മഹാ പ്രതിഭകളുടെ പോർട്രൈറ്റ് ഗാലറി, ദേശത്തിന്റെ ചരിത്രം അടിസ്ഥാനമാക്കിയുള്ള മ്യൂറൽ, പ്രശസ്ത കലാകാരന്മാരുടെയും കുട്ടികളുടെയും പെയിന്റിങ്ങുകൾ എന്നിവയെല്ലാം സ്ഥിരം പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്.
ആർട്ട് ഗാലറി പ്രവർത്തന സജ്ജമാകുന്നതോടെ ഇടയ്ക്കിടെ പ്രശസ്ത കലാകാരന്മാരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ആർട്ട് വർക്ക്‌ഷോപ്പുകൾ സംഘടിപ്പിക്കും. സൃഷ്ടികൾ പ്രദർശിപ്പിക്കും. മറ്റ് വിദ്യാലയങ്ങളിലെ കുട്ടികൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. കോഴിക്കോട് എത്തുന്ന ഏതൊരു ചിത്രകാരനും എപ്പോൾ വേണമെങ്കിലും ഇവിടെ വരാനും കുട്ടികൾക്കായി ഡെമോൺസ്ട്രഷൻ നടത്താനും, അല്ലെങ്കിൽ ആത്മ സംതൃപ്തിക്കായി വരയ്ക്കാനും ഉള്ള സജ്ജീകരണങ്ങൾ സദാസമയവും ഇവിടെ ലഭ്യമായിരിക്കും.
ഒരു വിദ്യാലയം സർവ സർഗാത്മകതയുടെയും വിളനിലമാകണം എന്ന കാഴ്ചപ്പാടോടെ ഭാവനാപൂർണമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ചത്.
ഡിസംബർ 7 ന് രാവിലെ 10 ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ സ്കൂൾ ആർട്ട് ഗാലറി ഉദ്ഘാടനം ചെയ്യും.

