സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലാ സെമിനാര്‍ നാളെ


കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല സെമിനാര്‍ ജൂണ്‍ 22 ന് രാവിലെ ഒന്‍പതിന് കോവൂര്‍ പി കൃഷ്ണപ്പിളള മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ എ റഷീദ് അദ്ധ്യക്ഷത വഹിക്കും.

ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് മുഖ്യാതിഥിയാവും. കമ്മീഷന്‍ അംഗങ്ങളായ പി റോസ, എ സൈഫുദ്ദീന്‍ ഹാജി, സംഘാടക സമിതി ചെയര്‍മാന്‍ ഉമര്‍ ഫൈസി മുക്കം, ജനറല്‍ കണ്‍വീനര്‍ ബാബു എബ്രഹാം, വിവിധ മതമേലധ്യക്ഷന്മാര്‍, ന്യൂനപക്ഷ സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍ നടപ്പിലാക്കിവരുന്ന ധനസഹായ പദ്ധതികള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍, കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ചുവരുന്ന നൈപുണ്യ പരിശീലനം, വൈജ്ഞാനിക തൊഴില്‍ പരിചയം തുടങ്ങിയ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്യും.

സെമിനാറിന്റെ അന്തിമഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സംഘാടക സമിതി ചെയര്‍മാന്‍ മുക്കം ഉമര്‍ ഫൈസിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ന്യൂനപക്ഷങ്ങളിലെ പാര്‍ശ്വവല്‍കൃത ജനസമൂഹത്തിന് ആവശ്യമായ നൈപുണ്യ പരിശീലനവും തൊഴിലും ഉറപ്പുവരുത്തുവാന്‍ കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് കമ്മീഷന്‍ പ്രവര്‍ത്തിച്ചു വരുന്നതായി കമ്മീഷന്‍ അംഗം എ സൈഫുദ്ദീന്‍ ഹാജി പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന ഒരു ലക്ഷം യുവാക്കള്‍ക്ക് ഈ വര്‍ഷം തൊഴില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ എഡിഎം അജീഷ് കെ, വിവിധ സംഘടന പ്രതിനിധികളായ ടി കെ അബ്ദുറഹ്‌മാന്‍ ബാഖവി, അബൂബക്കര്‍ ജി, പാസ്റ്റര്‍ ലാലു ലൂക്കോസ്, പാസ്റ്റര്‍ സാം എം ജോണ്‍, ജോണി ജോസഫ്, നടുക്കണ്ടി അബൂബക്കര്‍, ജോസ് പ്രകാശ് ആന്റണി, പി കെ അബ്ദുല്‍ ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *