കോഴിക്കോട്: ജില്ലയിലെ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ ജില്ലാതല കർമ്മ പരിപാടി. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതലത്തിൽ നടപ്പാക്കേണ്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാ തലത്തിൽ യോഗം ചേർന്നു.
വാർഡ് തലത്തിൽ ശുചിത്വ സമിതികൾ വിളിച്ചുചേർത്ത് രോഗ ദുരന്തം നിലനിൽക്കുന്ന സ്ഥലങ്ങൾ മാപ്പ് ചെയ്ത ശേഷം നിലവിലെ പ്രശ്നങ്ങൾ സംബന്ധിച്ച ആക്ഷൻ പ്ലാൻ തയ്യാറാക്കി പ്രവർത്തനം ആരംഭിക്കും. മാലിന്യ പരിപാലന പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് 50 വീടുകൾ വീതം സ്ക്വാഡുകൾ രൂപീകരിച്ച ജനകീയ പ്രവർത്തനം ഏറ്റെടുക്കും. ഇതിനുവേണ്ടി കുടുംബശ്രീ/ ആശാ പ്രവർത്തകർ/ഹരിത കർമ്മ സേന/ റെസിഡൻസ് അസോസിയേഷൻ/ എൻ ജിഒകൾ /സ്കൂൾ സംഘടനകൾ യൂത്ത് ക്ലബ്ബുകൾ വ്യാപാരി വ്യവസായി സന്നദ്ധ സംഘടനകൾ തുടങ്ങിയ വിവിധ വിഭാഗം ജനങ്ങളുടെ പിന്തുണ ഇതിനുവേണ്ടി പ്രയോജനപ്പെടുത്താനും തീരുമാനമായി.
മാലിന്യം വലിച്ചെറിയുന്ന പൊതു ഇടങ്ങൾ മലിനമായി കിടക്കുന്ന നീർച്ചാലുകൾ, തോടുകൾ, കുളങ്ങൾ ശുചീകരിക്കുന്നതോടൊപ്പം ജലസ്രോതസ്സുകളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിന് നടപടികൾ അതാത് തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കാനും തീരുമാനമെടുത്തു.
മുഴുവൻ വീടുകളിൽ നിന്നും യൂസർഫീ കളക്ഷനും വാതിൽപ്പടി സേവനവും ഉറപ്പാക്കും. ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും തദ്ദേശ സ്ഥാപന തലത്തിൽ സെക്രട്ടറി രണ്ടു ദിവസത്തിലൊരിക്കൽ റിവ്യൂ ചെയ്യാനും തീരുമാനിച്ചു.
തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ ടി ജെ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡി.എംഒ ഡോ. മോഹൻദാസ്, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ഗൗതമൻ എം, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പൂജ ലാൽ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്പക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

