കോഴിക്കോട്: രാജ്യത്ത് അന്വേഷണാത്മക പത്രപ്രവർത്തനം അസ്തമിച്ചതായി ഡോ. ജോൺ ബ്രിട്ടാസ് എംപി. മാധ്യമ മേഖല കോർപറേറ്റ് വൽക്കരിച്ചതോടെ സ്വതന്ത്ര – നിഷ്പക്ഷ പത്രപ്രവർത്തനം കൺകെട്ടായി മാറി. അടിമത്തത്തിലേക്ക് മാധ്യമ പ്രവർത്തനം കൂപ്പുകുത്തിയെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി മുൻ ചീഫ് ന്യൂസ് എഡിറ്റർ പി പി അബൂബക്കർ എഴുതിയ ‘ദേശാഭിമാനി ചരിത്രം’ പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്.
കോവിഡ് കാലത്ത് ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകിനടന്നപ്പോൾ ഒരൊറ്റ ടെലിവിഷൻ ചാനലും അത് കാണിച്ചില്ല അവരെല്ലാം ക്യാമറകൾ തിരിച്ചുവച്ചു. ദൈനിക് ഭാസ്കർ പത്രം ഒന്നാം പേജിൽ ഒരു ചിത്രം കൊടുത്തതിൻ്റെ പേരിൽ പിറ്റേന്ന് റെയ്ഡ് നടത്തി 400 കോടി പിഴ ചുമത്തി. ” 10 മാസമായി കത്തുന്ന മണിപ്പൂരിൽ ജനങ്ങൾക്ക് പ്രാണൻ നൽകാൻ പ്രധാനമന്ത്രി തയാറാകാത്തത് എന്തെന്ന് മാധ്യമപ്രവർത്തകർ ചോദിക്കുന്നില്ല എന്നതാണ് ഇന്നത്തെ ദുരവസ്ഥ.
നിയമങ്ങൾ ദോശ ചുടുന്നതു പോലെ ചുട്ടെടുക്കുകയാണ്. ഇന്ത്യൻ നിയമങ്ങളുടെ പേരുകൾ ഇംഗ്ലീഷിൽ നിന്ന് സംസ്കൃതത്തിലേക്ക് മാറ്റുന്നു. ആ പേരുകൾ ആർക്കും പറയാൻ പോലും കഴിയുന്നില്ല. കെട്ടുകഥകളും ഐതിഹ്യങ്ങളും മഹത്വവൽക്കരിക്കുന്ന കാലമാണിത്. പാർലമെൻ്റിനോട് വിധേയപ്പെടാതെയാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നതെന്ന് ബിജെപിക്കാർക്കുപോലും അറിയാമെന്നും ബ്രിട്ടാസ് പറഞ്ഞു.
നളന്ദ ഓഡിറ്റോറിയത്തിൽ ചേർന്ന ചടങ്ങിൽ എഴുത്തുകാരി ബി എം സുഹറ പുസ്തകം ജോൺ ബ്രിട്ടാസിൽനിന്ന് ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അധ്യക്ഷത വഹിച്ചു. കെ പി മോഹനൻ പുസ്തകം പരിചയപ്പെടുത്തി. മേയർ ബീന ഫിലിപ്പ്, വി ബി പരമേശ്വരൻ, ആർ പാർവതീദേവി, ഗോപി നാരായണൻ എന്നിവർ സംസാരിച്ചു. ഒ പി സുരേഷ് സ്വാഗതവും പി പി അബൂബക്കർ നന്ദിയും പറഞ്ഞു.


