മലയാളത്തിലെ ആദ്യ നോവലിനും കേരളത്തിന്റെ ആദ്യ ബാങ്കിനും തമ്മിൽ വല്ലാത്തൊരു കോഴിക്കോടൻ അടുപ്പമുണ്ട്. രണ്ടിന്റെയും സൃഷ്ടിക്കുപിന്നിൽ ഒരാൾ തന്നെ. അപ്പു നെടുങ്ങാടി. കൂടാതെ മലബാറിലെ ആദ്യത്തെ ക്ഷീരവ്യവസായ കമ്പനിയുടെ സ്ഥാപകനും ഇദ്ദേഹം തന്നെ.
ചാലപ്പുറം അച്യുതൻ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥാപകനും നഗരപിതാവും പ്രശസ്ത അഭിഭാഷകനുമായിരുന്നു നെടുങ്ങാടി.
കോഴിക്കോട് നഗരസഭയിൽ അംഗമായ അപ്പു നെടുങ്ങാടി 1918-19 കാലത്താണ് നഗരസഭയുടെ ചെയർമാനായത്. 1919-ൽ റാവുബഹദൂർ ബഹുമതി ലഭിച്ചു.
കോഴിക്കോട് സാമൂതിരി കോവിലകത്തെ മാനവിക്രമന്‍ തമ്പുരാന്റെയും കുഞ്ചുക്കുട്ടിയമ്മയുടെയും മകനായി 1863 ഒക്ടോബർ 11 ന് ഒറ്റപ്പാലത്ത് കോതകുറുശ്ശി തലക്കൊടി മഠത്തിൽ(അമ്മ വീട്) ജനിച്ചു. 13 വയസ്സുള്ളപ്പോൾ അച്ഛനും പിന്നീട് ഒരു വർഷം കഴിഞ്ഞതിനു ശേഷം അമ്മയും മരിച്ചു. ശേഷം സ്വന്തം വീടുവിട്ട് അമ്മാവന്റെ വീട്ടിലായി താമസം.
കോഴിക്കോട് ഗവണ്മെന്റ് സ്കൂളിലും കേരള വിദ്യാശാലയിലും (പിൽക്കാലത്തെ സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്) പഠിച്ച് എഫ്എ ബിരുദം നേടി. മദ്രാസിൽനിന്ന് ബിഎ ബിരുദം സമ്പാദിച്ചശേഷം കണ്ണൂരും കോഴിക്കോടും ഹൈസ്കൂൾ അധ്യാപകനായി.
മികച്ച ഒരു എഴുത്തുകാരൻ കൂടിയായിരുന്ന അദ്ദേഹം രചിച്ച ‘കുന്ദലത’യാണ് മലയാളത്തിലെ ആദ്യ നോവലായി അറിയപ്പെടുന്നത്. 1887 ൽ കോഴിക്കോട്ടെ വിദ്യാവിലാസം പ്രസിൽ നിന്ന് അച്ചടിച്ചുവന്നതിനെ തുടർന്ന് ഈ നോവൽ തിരുവിതാംകൂറിലെ പല പള്ളിക്കൂടങ്ങളിലും പാഠപുസ്തകമായി. പിന്നീട് ബ്രിട്ടീഷ് മലബാറിലും കൊച്ചിയിലും സർവകലാശാലാ പാഠപുസ്തകമായി അംഗീകരിച്ചു.
മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ട്യൂട്ടറായിരിക്കെ ബിഎല്‍ പരീക്ഷ ജയിച്ച് അഡ്വക്കേറ്റായി. ബാങ്കിങ്ങും പഠിച്ചു. 1888-ൽ കോഴിക്കോട് ബാറിൽ അഡ്വക്കേറ്റായി ചേർന്നു. 1897-ൽ മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസാരംഭിച്ചെങ്കിലും അനാരോഗ്യംമൂലം തിരിച്ചുപോന്നു.
പിന്നീട് വ്യവസായകാര്യങ്ങളിൽ ശ്രദ്ധചെലുത്തി.
1899 ലാണ് കേരളത്തിലെ ആദ്യത്തെ ബാങ്കായ ‘നെടുങ്ങാടി ബാങ്ക്’ സ്ഥാപിച്ചത്. കോഴിക്കോട് തളി ക്ഷേത്രത്തിനു സമീപമാണ് നെടുങ്ങാടി ബാങ്ക് ആരംഭിച്ചത്. നെടുങ്ങാടി ബാങ്ക് 1913-ൽ രജിസ്ട്രേഡ് കമ്പനിയായി. 1906 മുതൽ തുടർന്നുവന്ന കോഴിക്കോട്ടെ പബ്ലിക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ച് 1915-ൽ അദ്ദേഹം ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി.
19000 രൂപ മൂലധനവും നാല് ജീവനക്കാരുമായി തുടങ്ങിയ ബാങ്ക് പിന്നീട് 150 ലേറെ ശാഖകളുള്ള വൻ സ്ഥാപനമായി. 2003 ൽ ഇത് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ചു.
കേരളപത്രിക, വിദ്യാവിനോദിനി (തൃശൂര്‍), കേരള സഞ്ചാരി (കോഴിക്കോട്) എന്നീ പത്രമാസികകള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. നെല്ലായി കിഴക്കെപ്പാട്ട് കേളു ഏറാടി (അമ്മാവൻ)യുടെ മകൾ മീനാക്ഷിയമ്മയാണ് ഭാര്യ.
പെൺകുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനുദ്ദേശിച്ച് അപ്പു നെടുങ്ങാടി ചാലപ്പുറത്ത് സ്ഥാപിച്ച പെൺപള്ളിക്കൂടമാണ് പിന്നീട് ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളായി മാറിയത്. കോഴിക്കോട് മുനിസിപ്പൽ കൗൺസിലിന്റെ അന്നത്തെ ചെയർമാനായിരുന്ന അച്യുതൻ വക്കീലിന്റെ മുൻകൈ പ്രവർത്തനം മൂലമാണ് സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നത്. ഇക്കാരണത്താലാണ് പൊതുജനാഭ്യർഥന പ്രകാരം വിദ്യാലയത്തിന് അച്യുതൻ ഗേൾസ് എന്നു പേരു വന്നത്.
പ്രഗല്ഭനായ വക്കീൽ, അധ്യാപകൻ, പത്രപ്രവർത്തകൻ, നിരൂപകന്‍, നോവലിസ്റ്റ്, സാമൂഹിക പരിഷ്‌കർത്താവ്, നഗരപിതാവ്, വ്യവസായി എന്നിങ്ങനെ വിവിധ നിലകളില്‍ തിളങ്ങിയ വ്യക്തിത്വമാണ് അപ്പു നെടുങ്ങാടി. 1933-ല്‍ അന്തരിച്ചു.


