കോഴിക്കോട്: സാംസ്‌കാരിക വിനിമയത്തിലൂടെ ലോക സമാധാനം എന്ന ആശയം ഉയർത്തിപ്പിടിച്ച് യുനെസ്‌കോ അംഗീക്യത സംഘടനയായ ഇന്റർസിറ്റി ഇൻറ്റാൻജിബിൾ കൾച്ചറൽ കോ-ഓപ്പറേഷൻ നെറ്റ്‌വർക്ക് (ഐസിസിഎൻ) നവംബർ 10 മുതൽ 14 വരെ കോഴിക്കോട്ട് നടത്തുന്ന ജനറൽ അസംബ്ലിയുടെ ഭാഗമായി പ്രതിനിധികൾക്ക് സർഗാലയയിൽ സ്വീകരണം നൽകി.
പരിപാടി അന്തർദ്ദേശീയ പ്രതിനിധികളുൾപ്പെടെയുള്ളവർക്ക് അവിസ്മരണീയ അനുഭവമായി. മേയർമാർ, മ്യൂസിയം ഡയറക്ടർമാർ, അക്കാദമിക് മേഖലയിലെ പ്രഗത്ഭർ തുടങ്ങിയവർ ഉണ്ടായിരുന്നു. പ്രതിനിധികൾക്ക് സർഗാലയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി പി ഭാസ്കരൻ, ജനറൽ മാനേജർ ടി കെ രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജർ എം ടി സുരേഷ് ബാബു, ക്രാഫ്ട്സ് ഡിസൈനർ കെ കെ ശിവദാസൻ, മാർക്കറ്റിംഗ് മാനേജർ ആർ ദീപക് എന്നിവരുടെ നേതൃത്വത്തിൽ ഉജ്വല സ്വീകരണം നൽകി.
ബിജിന ബി, സുദിന പി, ഷിസിത കെ, സവിത ടി കെ, ഷീബ കെ വി, ലളിത സി, ദീപ കെ കെ., ശ്രീജ കെ, സി ക്യഷ്‌ണപ്രിയ, സജ്‌ന ടിഎം എന്നീ സർഗാലയയിലെ ജീവനക്കാരികളും ആർട്ടിസാൻമാരും ഉൾപ്പെട്ട ടീം തിരുവാതിരക്കളി അവതരിപ്പിച്ചു. സർഗാലയയിലെ കരകൗശല നിർമ്മാണ യൂണിറ്റുകളിൽ കരകൗശല നിർമ്മാണം കാണുകയും കരകൗശല ഉൽപ്പന്നങ്ങൾ വാങ്ങുകയും ആർട്ടിസാൻമാരുമായി സംവദിക്കുകയും ചെയ്തു.
തുടർന്ന് കുഞ്ഞാലി മരക്കാർ മ്യൂസിയം സന്ദർശിച്ച സംഘം വീണ്ടും സർഗാലയയിലെത്തി ദീപാവലി ആഘോഷത്തിൽ പങ്കെടുത്തു. ചിരാതുകളിലെ തിരികളിൽ ദീപം തെളിയിക്കാൻ സർഗാലയയിലെ ജീവനക്കാർക്കും ആർട്ടിസാൻമാർക്കുമൊപ്പം വിദേശ രാജ്യങ്ങളിൽ നിന്നുമെത്തിയവർ വലിയ ആവേശത്തോടെ പങ്കെടുത്തത് സംഘർഷഭരിതമായ ആനുകാലിക ലോക സാഹചര്യത്തിൽ ഒരുമയുടെയും ബഹുസ്വരതയുടെയും പ്രതീകമായി.
സർഗാലയ സർഗസന്ധ്യയുടെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം പ്രശസ്ത നർത്തകരായ ആദിത്യ പി വി, ശ്രുതി ഗോപാൽ, പാർശ്വനാഥ് എസ് ഉപാധ്യെ എന്നിവർ ഭരതനാട്യത്തിന്റെ മാർഗ രൂപത്തിലുള്ള, ഇതിഹാസ രാമായണത്തിന്റെ പുനരാഖ്യാനം “ആഭ” അവതരിപ്പിച്ചു. ഒരു മണിക്കൂറോളം നീണ്ടു നിന്ന ഈ നൃത്ത പരിപാടി വിദേശ പ്രതിനിധികളുൾപ്പെടെയുള്ളവർക്ക് ഭാരത കലാപൈതൃകത്തിന്റെ മാസ്മരികതയിലേക്ക് വെളിച്ചം വീശുന്നതായി.
ഇത്തവണത്തെ അസെംബ്ലിയിൽ വിദേശ പ്രതിനിധികളെ എറ്റവും ആകർഷിച്ചത് സർഗാലയ സന്ദർശനമാണെന്ന് പ്രതിനിധികൾ എല്ലാവരും പറഞ്ഞു.

