ഊരാളുങ്കൽ സൊസൈറ്റി ഏഷ്യ-പസഫിക് രാജ്യങ്ങളിലെ ഏറ്റവും മികച്ച സഹകരണ സംഘം

ഐസിഎ അവാർഡ് മനിലയിൽ സമ്മാനിച്ചു

ഏഷ്യ-പസഫിക് രാജ്യങ്ങളിലെ മികച്ച സഹകരണസംഘത്തിന് ഇന്റർനാഷണൽ കോ- ഓപ്പറേറ്റീവ് അലയൻസ് (ICA) നല്കുന്ന പ്രഥമ എന്റർപ്രൈസിങ് കോ-ഓപ്പറേറ്റീവ് എക്സലൻസ് അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക്. ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ഐസിഎയുടെ 16-ാമത് ഏഷ്യ-പസഫിക് മേഖലാ അസംബ്ലിയിൽ ആയിരുന്നു പ്രഖ്യാപനം.

ഇന്റർനാഷണൽ കോ- ഓപ്പറേറ്റീവ് അലയൻസ് പ്രസിഡന്റ് ഡോ. ഏരിയൽ ഗ്വാർക്കോ അവാർഡ് സമ്മാനിച്ചു. സമ്മേളനത്തിൽ സൊസൈറ്റിയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ടി കെ കിഷോർ കുമാർ ഏറ്റുവാങ്ങി. ഐസിഎ ഏഷ്യ-പസഫിക് മേഖലാ പ്രസിഡന്റ് ഡോ. ചന്ദ്രപാൽ സിങ് യാദവ്, ഡയറക്ടർ ബാലു ജി അയ്യർ, ജൂറി അംഗങ്ങളായ മുഹമ്മദ് യൂസഫ് ശംസുദ്ദീൻ, ബീമാ സുബ്രഹ്മണ്യം എന്നിവർ സന്നിഹിതരായി.

സാമ്പത്തിക ശാക്തീകരണം, സാമൂഹിക വികസനം, പാരിസ്ഥിതികസുസ്ഥിരത എന്നിവ പരിപോഷിപ്പിച്ച് സഹകരണരംഗത്ത് കാര്യമായ സ്വാധീനം ചെലുത്തിയ മുൻകൈകൾ പരിഗണിച്ചാണ് ഊരാളുങ്കൽ സൊസൈറ്റിയെ അവാർഡിന് തെരഞ്ഞെടുത്തത്.

കേരളത്തിലെ മലബാർ മേഖലയിലെ ഒരു ഗ്രാമീണയുള്ളറയിൽ പിറന്ന് ലോകത്ത് ഏറ്റവും മികച്ച വൈവിധ്യവത്ക്കരണം സാദ്ധ്യമാക്കിയ പ്രാഥമികസഹകരണസംഘങ്ങളിൽ ഒന്നായി വളർന്ന സ്ഥാപനം എന്നാണ് അവാർഡ് പ്രഖ്യാപനത്തിൽ സൊസൈറ്റിയെ ഐസിഎ വിശേഷിപ്പിച്ചത്. “കേരളത്തിലെ അടിസ്ഥാനസൗകര്യവികസനരംഗത്തെ ഒരു ഗ്രാമീണസഹകരണസംഘം ഒത്തൊരുമയും ടീം വർക്കും അർപ്പണബോധവും അച്ചടക്കവുംകൊണ്ട് എല്ലാ വെല്ലുവിളികളും തരണം ചെയ്ത് അന്താരാഷ്ട്ര പ്രശസ്തി നേടിയ ബൃഹത്തും വൈവിധ്യപൂർണവുമായ സ്ഥാപനമായി വളർന്നതിന്റെ ഉജ്ജ്വലമായ ഉദാഹരണമാണിത്.” പ്രഖ്യാപനത്തിൽ പറഞ്ഞു.

സൊസൈറ്റിയിലെ ഗ്രാമീണരായ തൊഴിലാളികൾ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രീതി, കീഴേത്തട്ടിൽ സാങ്കേതികവിദ്യ സ്വീകരിക്കുന്നത് ഗ്രാമീണയിന്ത്യയിലെ ജനജീവിതത്തിൽ എങ്ങനെ അത്ഭുതകരമായ മാറ്റങ്ങൾ വരുത്തി എന്നതിന്റെ മികച്ച ഉദാഹരണമായും ഐസിഎ ചൂണ്ടിക്കാട്ടി. യുഎൽസിസിഎസ് ഇൻഡ്യയ്ക്ക് അഭിമാനം പകർന്നു (ULCCS does India proud) എന്നാണ് ഇൻഡ്യൻ സഹകരണമേഖലയുടെ വാർത്താമുഖമായ ‘ഇൻഡ്യൻ കോ-ഓപ്പറേറ്റീവ്’ അവാർഡുവാർത്തയ്ക്കു നല്കിയ തലക്കെട്ട്.

ആണ്ടിൽ 2334 കോടി രൂപ വിറ്റുവരവുള്ള സൊസൈറ്റി 17,000-ത്തിലധികം ആളുകൾക്ക് നേരിട്ട് ജോലി നൽകുന്നുവെന്ന് അവാർഡ് പ്രഖ്യാപനത്തിൽ ഐസിഎ ചൂണ്ടിക്കാട്ടി. നൂറുവർഷം പഴക്കമുള്ള ഈ തൊഴിൽക്കരാർ സംഘത്തിൻ്റെ ഉപസ്ഥാപനങ്ങൾ ആണ് യുഎൽ സൈബർപാർക്ക്, യുഎൽ ടെക്നോളജി സൊല്യൂഷൻസ്, യുഎൽ എഡ്യുക്കേഷൻ, യുഎൽ അഗ്രികൾച്ചർ, യുഎൽ ഹൗസിങ്, മെറ്റീരിയൽ ടെസ്റ്റിങ് ആൻഡ് റിസർച്ച് ലബോറട്ടറി, യുഎൽ ഇൻസൈറ്റ് കൺസൾട്ടൻസി, യുഎൽ ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് റെസ്ക്യൂ ഓപ്പറേഷൻ, ക്ഷേമകാര്യങ്ങൾക്ക് യുഎൽസിഎസ് ഫൗണ്ടേഷൻ എന്നിവ. സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്, കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്, ഐസിസി എന്നീ സ്ഥാപനങ്ങളും സൊസൈറ്റി നടത്തിവരുന്നു.

അന്താരാഷ്ട്ര സഹകരണ സഖ്യത്തിന്റെ (ICA) സ്ഥിരാംഗമായ ഏക പ്രാഥമികസംഘമാണ് ഊരാളുങ്കൽ സൊസൈറ്റി. ലോകസഹകരണ മോണിറ്റ(ഡബ്ല്യുസിഎം)റിൻ്റെ ആഗോളറാങ്കിങ്ങിൽ ഇൻഡസ്ട്രി ആൻഡ് യൂട്ടിലിറ്റീസ് കോ-ഓപ്പറേറ്റീവുകളുടെ വിഭാഗത്തിൽ മൂന്നുവർഷമായി ലോകത്തെ രണ്ടാമത്തെ സ്ഥാപനമാണ്. തൊഴിലാളി സഹകരണപ്രസ്ഥാനത്തിന് ആഗോള മാതൃകയായി അംഗീകരിക്കപ്പെട്ടിട്ടുള്ള യുഎൽസിസിഎസിനെ രാജ്യത്തെ ഏറ്റവും മികച്ച സഹകരണസ്ഥാപനമായി ഇന്ത്യൻ കോ-ഓപ്പറേറ്റീവ് കോൺഗ്രസ് 2013, നാഷണൽ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യ, നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയൊക്കെ തെരഞ്ഞെടുത്തിട്ടുണ്ട്. ഗുണനിലവാരത്തിൽ ISO 9001, 14001, 45001 സർട്ടിഫിക്കറ്റുകൾ ഉള്ള സ്ഥാപനവും ആണ് യുഎൽസിസിഎസ്.


Photo Caption:
ഏഷ്യ-പസഫിക് രാജ്യങ്ങളിലെ മികച്ച സഹകരണസംഘത്തിന് ഇന്റർനാഷണൽ കോഓപ്പറേറ്റീവ് അലയൻസ് (ICA) നല്കുന്ന പ്രഥമ എന്റർപ്രൈസിങ് കോഓപ്പറേറ്റീവ് എക്സലൻസ് അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രതിനിധി ടി കെ കിഷോർ കുമാർ ഐസിഎ പ്രസിഡന്റ് ഡോ. ഏരിയൽ ഗ്വാർക്കോയിൽനിന്ന് ഏറ്റുവാങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *