സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കില്ല- മന്ത്രി കെ മുരളീധരൻ

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളെ സ്വകാര്യവത്കരിക്കില്ലെന്ന് ആരോഗ്യ കുടുബക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍. സര്‍ക്കാര്‍ ആശുപത്രികളിലെ പരിമിതികളും പോരായ്മകളും മനസ്സിലാക്കി അവയെ ശാക്തീകരിക്കുകയും ചികിത്സാ നിലവാരം ഉയര്‍ത്തുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശനത്തിന്റെ ഭാഗമായി ഡോ. ജയറാം പണിക്കര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആശുപത്രി ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനതല കായകല്‍പം പരിപാടിയുടെ ഭാഗമായായിരുന്നു സന്ദര്‍ശനം.   

ഏറെ പരിമിതികള്‍ക്കിടയിലാണ് സര്‍ക്കാര്‍ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അവ മത്സരിക്കുന്നത് വന്‍കിട സ്വകാര്യ ആശുപത്രികളോടാണ്. ചികിത്സ സൗകര്യങ്ങളുടെ കാര്യത്തിലും നിലവാരത്തിലും സ്വകാര്യ ആശുപത്രികളോടൊപ്പം പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന സാഹചര്യത്തിലേക്ക് സര്‍ക്കാര്‍ ആശുപത്രികളെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. ഇതിനായി പൊതുമേഖല സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, മാധ്യമങ്ങള്‍ എന്നിവരില്‍ നിന്ന് സിഎസ്ആര്‍ ഫണ്ട് സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു.

രോഗികള്‍ ആശുപത്രി വാര്‍ഡിലും വരാന്തയിലും നിലത്തും കിടക്കേണ്ടവരുന്ന അവസ്ഥ ഒഴിവാക്കും. ഇതിനായി ആശുപത്രി വളപ്പിലെ പരമാവധി ഇടങ്ങള്‍ പ്രയോജനപ്പെടുത്തി ഉപയോഗയോഗ്യമാക്കും. ആശുപത്രികളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. മാലിന്യ നിര്‍മാര്‍ജനം പോലുള്ള വിഷയങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായുള്ള പരസ്പര സഹായത്തോടെ കാര്യക്ഷമമായി നടത്തണമെന്നും മന്ത്രി പറഞ്ഞു. ഗ്രാമീണ മേഖലകളില്‍ സേവനമനുഷ്ഠിക്കാന്‍ ജീവനക്കാര്‍ തയ്യാറാകണം. സൗകര്യം കുറവുള്ള ജില്ലകളില്‍ ജോലിചെയ്യേണ്ടി വരുന്നത് ശിക്ഷയായി കാണരുത്. സേവനമായി കണക്കാക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, പൊതു സ്ഥലം മാറ്റങ്ങളില്‍ ഇടപെടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ അഡ്വ. കെ ജയന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ അഡ്വ. കെ പ്രവീണ്‍കുമാര്‍, അഡ്വ. ഫൈസല്‍ ബാബു, കൗണ്‍സിലര്‍മാരായ വിശ്വനാഥന്‍ പുതുശ്ശേരി, കവിത, നീതു ശിവേഷ്, സ്വപ്‌ന മനോജ്, സഫ്രി വെള്ളയില്‍, സിദ്ദിഖ് മായനാട്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ ജി സജീത്ത് കുമാര്‍, സൂപ്രണ്ട് ഡോ. എം പി ശ്രീജയന്‍, ഡോ. അരുണ്‍ പ്രീത്, ഡോ. ടി പി അഷ്‌റഫ്, ഡോ. സൂരജ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയെ സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് കെ ജയന്ത് എംഎല്‍എയും കോളേജ് പ്രിന്‍സിപ്പളും ചേര്‍ന്ന് മന്ത്രിയ്ക്ക് സമര്‍പ്പിച്ചു. തുടര്‍ന്ന് വിവിധ വിഭാഗം മേധാവികളുമായി മന്ത്രി ചര്‍ച്ച നടത്തി. ശേഷം മെഡിക്കല്‍ കോളേജ് പഴയ കാഷ്വാലിറ്റി ബ്ലോക്കിലെ പ്രധാന വാര്‍ഡുകള്‍ മന്ത്രി സന്ദര്‍ശിച്ചു. രോഗികളില്‍ നിന്ന് വിവരങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞ് കാര്യങ്ങള്‍ വിലയിരുത്തി.

തസ്തികകളും പുതിയ വിഭാഗങ്ങളും അനുവദിക്കുമെന്ന് മന്ത്രി

കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളേജിലെ ഡോ. ജയറാം പണിക്കര്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും  അനുമതിയായി.

മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ നഴ്‌സിംഗ് ഓഫീസര്‍ തസ്തികകള്‍ വര്‍ദ്ധിപ്പിക്കാനും റേഡിയോതെറാപ്പി വിഭാഗത്തില്‍ സീനിയര്‍ റെസിഡന്റ് തസ്തിക സൃഷ്ടിക്കാനും തീരുമാനമായി. ഓര്‍ത്തോപീഡിക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക പുതുതായി അനുവദിക്കും. ഇന്റര്‍വെന്‍ഷന്‍ റേഡിയോളജി വിഭാഗത്തിന് പുതിയ ഫാക്കല്‍റ്റി അല്ലെങ്കില്‍ എച്ച്.ഒ.ഡിയെ നിയമിക്കും. വന്ധ്യതാ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ ‘റീപ്രൊഡക്റ്റീവ് മെഡിസിന്‍’ വിഭാഗം പുതുതായി ആരംഭിക്കാനും തീരുമാനമായി. കുട്ടികളുടെ ഐ.സി.യു കൂടുതല്‍ സൗകര്യങ്ങളോടെ മൂന്നാം നിലയിലേക്ക് മാറ്റും. കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയകള്‍ക്കായി നിലവിലുള്ള ഓപ്പറേഷന്‍ തിയറ്റര്‍ നവീകരിക്കാനും യോഗം തീരുമാനിച്ചു. ഹൃദയസംബന്ധമായ ശസ്ത്രക്രിയകള്‍ക്ക് അത്യന്താപേക്ഷിതമായ ഹാര്‍ട്ട്-ലങ് മഷീന്‍ വാങ്ങാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ എല്ലാ എം.എല്‍.എമാരും മെഡിക്കല്‍ കോളേജിലേക്ക് ആവശ്യമായ വെന്റിലേറ്ററുകള്‍ വാങ്ങി നല്‍കുന്നതില്‍ ഫണ്ട് വിനിയോഗിക്കും. ആശുപത്രിയിലെ പഴയ കാഷ്വാലിറ്റിയിലുള്ള ചോര്‍ച്ച പരിഹരിക്കാനും, വര്‍ഷങ്ങളായുള്ള കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം അടിയന്തരമായി കാണാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ അഡ്വ. കെ ജയന്ത് എംഎല്‍എ, കോളേജ് പ്രിന്‍സിപ്പാള്‍ കെ ജി സജിത്ത്, സൂപ്രണ്ട് ഡോ എം പി ശ്രീജയന്‍ വിവിധ വിഭാഗം മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


വികസന മാര്‍ഗരേഖയായി കായകല്‍പം ജനസമ്പര്‍ക്ക പരിപാടി

ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നേരിട്ട് മനസ്സിലാക്കി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കായകല്‍പ്പം’ ജനസമ്പര്‍ക്ക പരിപാടി ജില്ലയില്‍ സമാപിച്ചു. ജില്ലയിലെ ആരോഗ്യ മേഖലയിലെ വികസനത്തിനുള്ള നിര്‍ദേശങ്ങള്‍ പരിപാടിയിലൂടെ സമാഹരിച്ചു. ജൂലൈ മുതല്‍ എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.

ഓരോ ആശുപത്രിയുടെയും നിലവിലെ അവസ്ഥയെക്കുറിച്ച് വിശദമായ പരിശോധന നടത്തി തുടര്‍ നടപടിക്ക് മന്ത്രി നിര്‍ദേശം നല്‍കി. ആശുപത്രി കെട്ടിടങ്ങളുടെ അവസ്ഥ, പണി പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം തുടങ്ങാത്ത കെട്ടിടങ്ങള്‍, പാതിവഴിയില്‍ നിലച്ചുപോയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ കാരണങ്ങള്‍ പരിശോധിച്ചു. ഫിറ്റ്‌നസ് ഇല്ലാത്ത കെട്ടിടങ്ങളെക്കുറിച്ചും സ്വന്തമായി സ്ഥലമില്ലാത്ത ആശുപത്രികള്‍, പ്രവര്‍ത്തനരഹിതമായ ഉപകരണങ്ങള്‍, അറ്റകുറ്റപ്പണി ആവശ്യമായവ എന്നിവയുടെ വിവരം ശേഖരിച്ചു. പുതിയ സി.ടി., എംആര്‍ഐ, എക്സ്റേ, അള്‍ട്രാസൗണ്ട് മെഷീനുകള്‍ തുടങ്ങിയവ ആവശ്യമായ ആശുപത്രികളുടെ പട്ടിക തയ്യാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.

മൃതദേഹം കീറിമുറിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന വിര്‍ച്വല്‍ ഓട്ടോപ്സി സംവിധാനം നടപ്പിലാക്കാന്‍ ഏകദേശം 30 മുതല്‍ 40 കോടി രൂപയുടെ പദ്ധതി തയ്യാറാക്കും. ആശുപത്രികളിലെ ഐപി, ഒപി രോഗികളുടെ എണ്ണം, നിലവിലെ ജീവനക്കാര്‍, അധികമായി വേണ്ട ജീവനക്കാര്‍ എന്നിവ ചര്‍ച്ച ചെയ്തു. ലേബര്‍ റൂം, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മെന്റല്‍ വെല്‍ബീയിംഗ് ആന്റ് ഹാപ്പിനസ് സെന്റര്‍ ആയി ഉയര്‍ത്തും. താമരശ്ശേരി താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയാക്കി മാറ്റുകയും ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുകയും ചെയ്യും. കുടുംബാരോഗ്യ കേന്ദ്രം വളയത്തിന് മൊബൈല്‍ ട്രൈബല്‍ യൂണിറ്റിന് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ ഷാഫി പറമ്പില്‍ എംപിയൂടെ എംപി ഫണ്ടില്‍ നിന്നും പ്രൊപോസല്‍ നല്‍കാന്‍ ഡി.എം.ഒ-യ്ക്ക് നിര്‍ദ്ദേശം നല്‍കി. കെ പ്രവീണ്‍ കുമാര്‍ എം.എല്‍.എ.യുടെ ഫണ്ട് ഉപയോഗിച്ച് തിരുവങ്ങൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് ആംബുലന്‍സ്  ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ആരോഗ്യ വകുപ്പില്‍ ജീവനക്കാരുടെ പുനര്‍വിന്യാസം നടത്താനും പി.എസ്.സി. ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനമായി.

ആദിവാസി മേഖലകളില്‍ മൊബൈല്‍ ട്രൈബല്‍ യൂണിറ്റ് ശക്തിപ്പെടുത്തുക, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക, വയോജനങ്ങള്‍ക്കായി വയോജന വകുപ്പുമായി ആലോചിച്ച് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുക തുടങ്ങിയ പ്രത്യേക പദ്ധതികളും പരിഗണിച്ചു. നല്ല തുടക്കം പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍, ആശുപത്രി പരിസരം വൃത്തിയാക്കല്‍ എന്നിവയ്ക്കും പ്രാധാന്യം നല്‍കും.

ബീച്ച് ആശുപത്രിയിലെ പരിമിതികള്‍ ഉടന്‍ പരിഹരിക്കും

ഗവ ജനറല്‍ ഹോസ്പിറ്റല്‍ അഥവാ ബീച്ച് ആശപത്രിയിലെ നിലവിലെ പരിമിതികള്‍ പരിഹരിച്ച് ആശുപത്രിയുടെ നിലവാരം ഉയര്‍ത്തുമെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ബുധനാഴ്ച ബീച്ച് ആശുപത്രി സന്ദര്‍ശിച്ച മന്ത്രി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം, ഉപകരണങ്ങള്‍, ഒരോ വിഭാഗങ്ങളിലെയും ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും വിന്യാസം തുടങ്ങി കാര്യങ്ങള്‍ മന്ത്രി വിലയിരുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തിരക്ക് കുറയ്ക്കാന്‍ ബീച്ച് ആശുപത്രിയെ ശക്തിപ്പെടുത്തുന്നത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ അഡ്വ കെ ജയന്ത് എംഎല്‍എ, ആശുപത്രി സൂപ്രണ്ട് ഡോ സച്ചിന്‍ ബാബു, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. വി പി രാജേഷ് വിവിധ വിഭാഗം മേധാവികള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *