കോഴിക്കോട് കോര്‍പ്പറേഷൻ അതിദാരിദ്ര്യ മുക്തം

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ജനങ്ങളിലും വികസനം എത്തിക്കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അതിദാരിദ്ര്യ മുക്തപ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് കോര്‍പ്പറേഷനുകള്‍ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന അതിദാരിദ്ര്യമുക്ത പദ്ധതിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ 722 കുടുംബങ്ങളെ അതി ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റാനായി. സര്‍ക്കാര്‍ മാര്‍ഗ്ഗ രേഖ പ്രകാരം ഭക്ഷണം, ആരോഗ്യം, തൊഴിലെടുക്കാന്‍ ശേഷിയുള്ളവര്‍ക്ക് അടിസ്ഥാന വരുമാനം, സുസ്ഥിരമായ വാസസ്ഥലം എന്നിങ്ങനെ 4 ഘടകങ്ങളാക്കി തയ്യാറാക്കിയ മൈക്രോ പ്ലാന്‍ പ്രകാരമുള്ള 4 ലക്ഷ്യങ്ങളും കോര്‍പ്പറേഷന്‍ കൈവരിച്ചതിന് ശേഷമാണ് പ്രഖ്യാപനം.

കണ്ടംകുളം ജൂബിലി ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയായി. അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫിര്‍ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ പി ദിവാകരന്‍, ഒ പി ഷിജിന, ഡോ എസ് ജയശ്രീ, പി സി രാജന്‍, കൃഷ്ണകുമാരി, പി കെ നാസര്‍, സി രേഖ, കോര്‍പ്പറേഷന്‍ സെക്രട്ടറി കെ യു ബിനി, അഡീഷണല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി എന്‍ കെ ഹരീഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അതിദാരിദ്ര്യ ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 650 പേര്‍ക്ക് ഭക്ഷണം, 135 പേര്‍ക്ക് ചികിത്സാ സഹായം, 11 പേര്‍ക്ക് വരുമാന മാര്‍ഗം, 23 പേര്‍ക്ക് ഭവന പുനരുദ്ധാരണം, വീടില്ലാത്ത 13 പേര്‍ക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം വീടുനിര്‍മ്മാണ ധനസഹായം, ഭൂരഹിതരായ 90 പേരില്‍ 32 പേര്‍ക്ക് കല്ലുത്താന്‍ കടവില്‍ ഫ്‌ളാറ്റും, 33 പേര്‍ക്ക് മാറാട് മിച്ചഭൂമിയും 25 പേര്‍ക്ക് നെല്ലിക്കോട് വില്ലേജില്‍ ഭൂമിയും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *