മന്ത്രി ഡോ. ആര് ബിന്ദു ഉദ്ഘാടനം നിര്‍വഹിക്കും
മൂന്ന് വേദികളിലായി 19 ഇനങ്ങളില്‍ കലാമത്സരങ്ങള്‍
കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ കലാഭിരുചികള്‍ പരിപോഷിപ്പിക്കുന്നതിനായി സാമൂഹികനീതി വകുപ്പ് സംഘടിപ്പിക്കുന്ന ‘വര്‍ണപ്പകിട്ട്’ സംസ്ഥാന കലോത്സവത്തിന് ആഗസ്റ്റ് 21 ന് കോഴിക്കോട്ട് തുടക്കമാകും. ആഗസ്റ്റ് 23 വരെ നടക്കുന്ന മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് ആറിന് കണ്ടംകുളം ജൂബിലി ഹാളില്‍ സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിക്കും. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും.
എംഎല്‍എമാരായ അഹമ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്, ലിൻ്റോ ജോസഫ്, കെ എം സച്ചിന്‍ദേവ് എന്നിവര്‍ വിശിഷ്ടാതിഥികളും മേയര്‍ ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്, സിറ്റി പോലീസ് കമീഷണര്‍ ടി നാരായണന് എന്നിവര്‍ മുഖ്യാതിഥികളുമാകും. ഉദ്ഘാടനത്തിന് മുന്നോടിയായി വൈകീട്ട് നാലിന് നഗരത്തില്‍ വര്‍ണാഭമായ ഘോഷയാത്രയും നടക്കും.
കലോത്സവത്തിന്റെ ഭാഗമായ ഏകദിന ഫിലിം ഫെസ്റ്റിവല്‍ ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ കൈരളി, ശ്രീ തിയേറ്ററുകളിലായി നടക്കും. ക്വിയര്‍, ട്രാന്‍സ്ജെന്‍ഡര്‍ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
പ്രവേശനം സൗജന്യമാണ്. ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിക്കും. മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷയാകും.
രാവിലെ 10ന് ജൂബിലി ഹാളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, മനുഷ്യാവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടക്കുന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടനവും മന്ത്രി ഡോ. ആര് ബിന്ദു നിര്‍വഹിക്കും. സ്റ്റേജിതര ഇനങ്ങളായ ചിത്രരചന, കഥ, കവിത, ഉപന്യാസം രചനാ മത്സരങ്ങളും ഇന്ന് നടക്കും.
22, 23 തീയതികളിലാണ് കലാമത്സരങ്ങള്‍ അരങ്ങേറുക. മൂന്ന് വേദികളിലായി 19 ഇനങ്ങളിലാണ് കലാമത്സരങ്ങള്‍. 22ന് മൂന്ന് വേദികളിലായി സെമി ക്ലാസിക്കല്‍ ഡാന്‍സ്, മോഹിനിയാട്ടം, കവിതാ പാരായണം, ഭരതനാട്യം, പ്രസംഗം, ലളിതഗാനം, കുച്ചിപ്പുടി, നാടോടി നൃത്തം, മാപ്പിളപ്പാട്ട്, സംഘനൃത്തം, വട്ടപ്പാട്ട് എന്നിവയിലാണ് മത്സരം. 23ന് രണ്ട് വേദികളിലായി തിരുവാതിര, ദേശഭക്തിഗാനം, മിമിക്രി, നാടന്‍പാട്ട്, മോണോ ആക്ട്, സംഘഗാനം, ഒപ്പന, പ്രച്ഛന്നവേഷം എന്നിവയിലും മത്സരങ്ങളുണ്ടാകും. സ്റ്റേജിനത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്നവരെ ‘കലാരത്നം’ ആയും സ്റ്റേജിതരയിനത്തില്‍ കൂടുതല്‍ പോയിന്റ് ലഭിക്കുന്നവരെ ‘സര്‍ഗപ്രതിഭ’ ആയും തെരഞ്ഞെടുക്കും. ഗ്രൂപ്പ്, വ്യക്തിഗതയിനങ്ങളില്‍ എ ഗ്രേഡ് നേടുന്ന ടീമിനും വ്യക്തിക്കും ക്യാഷ് പ്രൈസും നല്‍കും.

