കോഴിക്കോട് മെഡിക്കൽ കോളേജിലെ പഴയ അത്യാഹിത വിഭാഗം പ്രവർത്തന സജ്ജം

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പഴയ അത്യാഹിത വിഭാഗം പ്രവർത്തന സജ്ജമായി. മൂന്നു ദിവസത്തിനകം പൊട്ടിത്തെറിയുണ്ടായ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗവും പ്രവർത്തന സജ്ജമാക്കും. യുപിഎസ് മുറിയിലെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് പുകവരാനുള്ള കാരണമായി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്.

പഴയ കാഷ്വാലിറ്റിയിലേക്ക് രാവിലെ മുതൽ രോഗികൾ എത്തിത്തുടങ്ങി. പൊട്ടിത്തെറിയുണ്ടായ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നുള്ള  ഉപകരണങ്ങളടക്കം ഇവിടെ സ്ഥാപിച്ചു. പൊട്ടിത്തെറിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് തന്നെ മാറ്റി. അടിയന്തര ചികിത്സ വേണ്ട 4 രോഗികളെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.

പുക ഉയർന്ന യുപിഎസ് മുറിയിലെ സി സി ടി വിയും പരിശോധിക്കും. ജീവനക്കാരുടെ മൊഴിയും എടുക്കും. യുപിഎസ് മുറിയിലെ ബാറ്ററി പൊട്ടിത്തെറിച്ചാണ് പുക വന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ബാറ്ററി പൊട്ടിത്തെറിച്ചതായാണ് കണ്ടെത്തൽ. 34 ബാറ്ററികൾ കത്തി നശിച്ചു. പൊട്ടിത്തെറിയും തുടർ ചികിത്സയുമടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ഉന്നതതല യോഗവും ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *