പ്രകൃതിഭംഗിയാൽ മനോഹരമാണ് കാഞ്ഞിരപ്പുഴ ഡാം.
ഭാരതപ്പുഴയുടെ പോഷകനദിയായ കുന്തിപ്പുഴയുടെ കൈവഴിയായ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ നിർമ്മിച്ച അണക്കെട്ട് പാലക്കാട് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. ഭംഗിയോടെ ആസൂത്രണം ചെയ്ത ഉദ്യാനം ഡാമിനോട് ചേർന്നു തന്നെയുണ്ട്. ഇതും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. മുൻമുഖ്യമന്ത്രി ഇ കെ നായനാരാണ് ഉദ്യാനം ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ ഡാമും ഉദ്യാനവും സന്ദർശിക്കാൻ അവസരം ലഭിച്ചത് നല്ലൊരു അനുഭവം.
മണ്ണാർക്കാട് നിന്ന് 10 കി.മീറ്റർ സഞ്ചരിച്ചാൽ കാഞ്ഞിരപ്പുഴയിലെത്താം. ബേബി ഡാമിൽ ബോട്ട് സർവീസുണ്ട്. എന്നാൽ ശക്തമായ കാറ്റ് കാരണം ബോട്ട് സർവീസ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബോട്ട് സവാരി നടത്താനാവാതെ മടങ്ങി.
ഡാമിൽ നിന്ന് കാണാവുന്ന ദൂരത്തിലാണ് വാക്കോടൻ മല. അതിമനോഹര ദ്യശ്യമാണ് ഡാമിൽ നിന്ന് കാണാൻ കഴിയുക. നിരവധി പേർ ഒഴിവുദിവസങ്ങളിലും അല്ലാതെയും പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നു.
അണക്കെട്ടിന് മൂന്ന് ഷട്ടറുകളാണുള്ളത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായാണ് ഡാം നിർമിച്ചിട്ടുള്ളത്. 1961 ൽ സംസ്ഥാന ജലസേചന വകുപ്പ് നിർമാണം ആരംഭിച്ചു. പൂർത്തിയായത് 1995 ൽ. 101 അടി ഉയരവും 6978 അടി നീളവുമുണ്ട് അണക്കെട്ടിന്.
മണ്ണാർക്കാട്, ഒറ്റപ്പാലം, പാലക്കാട് താലൂക്കുകളിലായി 9713 ഹെക്ടർ സ്ഥലത്ത് ജലസേചനം നടത്തുന്ന പദ്ധതിയാണ് ഇത്. സംസ്ഥാന ഫിഷറീസ് വകുപ്പ് റിസർവോയറിൽ മീൻ വളർത്തി വിൽപ്പന നടത്തുന്നുമുണ്ട് .
ഡാമിന്റെ പ്രവേശന കവാടത്തിനടുത്തുനിന്ന് വലത്തോട്ട് പോകുന്ന പാതയിലൂടെ 22 കിലോമീറ്റർ സഞ്ചരിച്ചാൽ ശിരുവാണി ഡാമിലെത്താം. നിത്യഹരിത വനമായ ശിരുവാണി വനത്തിലാണ് ശിരുവാണി ഡാം സ്ഥിതിചെയ്യുന്നത്. ഇവിടെ പ്രവേശിക്കാൻ ഫോറസ്റ്റ് അനുമതി ആവശ്യമാണ്.
മണ്ണാർക്കാട് നിന്ന് പയ്യനെടം വഴി പാത്രക്കടവ് കുരുതിച്ചാൽ വെള്ളച്ചാട്ടവുമുണ്ട്. മെയിൻ റോഡിൽ നിന്ന് മൂന്നുകിലോമീറ്റർ തിരിഞ്ഞാണ് ഇവിടേക്ക് പോകേണ്ടത്. റോഡ് ദുർഘടവും വീതികുറഞ്ഞതുമാണ്. റോഡ് നന്നാക്കാൻ വിനോദ സഞ്ചാര വകുപ്പ് ശ്രദ്ധിക്കേണ്ടതുണ്ട്. കുന്തിപ്പുഴയുടെ ഉത്ഭവസ്ഥാനവും ഇവിടെയാണെന്നത് പ്രത്യേകതയാണ്.


