ഗ്രീൻഫീൽഡ് ഹൈവേ: സ്ഥലമുടമകളെ കേൾക്കാൻ ആർബിട്രേറ്റർ

കെട്ടിട വിലയിൽ കുറവ് വരുത്തിയത് റദ്ദാക്കുമോ എന്നതിൽ 3 ദിവസത്തിനകം തീരുമാനം

കോഴിക്കോട്: കോഴിക്കോട്-പാലക്കാട്‌ ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി ഭൂമി വിട്ടുനൽകിയ ജില്ലയിലെ സ്ഥലമുടമകളെ ഹൈക്കോടതി ഉത്തരവുപ്രകാരം ആർബിട്രേറ്ററായ ജില്ലാ കലക്ടർ കേൾക്കുന്ന നടപടി ഉടൻ ആരംഭിക്കും. വിട്ടുനൽകിയ ഭൂമിയിലെ കെട്ടിടങ്ങളുടെ വിലയിൽ 6% കുറയ്ക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യത്തിൻമേലുള്ള തീരുമാനം മൂന്നു ദിവസത്തിനുള്ളിൽ ലഭ്യമാക്കും. ഇതുസംബന്ധിച്ച് എം കെ രാഘവൻ എംപി, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സ്ഥലമുടമകൾ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനങ്ങൾ.

ഹൈക്കോടതി ഉത്തരവിനെതുടർന്ന് ദേശീയപാത അതോറിറ്റി 10 ദിവസങ്ങൾക്കുള്ളിൽ ആർബിട്രേറ്റർക്ക് മുൻപാകെ തങ്ങളുടെ ഭാഗം ഫയൽ ചെയ്യും. ഇതിനുശേഷം ആർബിട്രേറ്റർ സ്ഥലമുടമകളെ വിളിപ്പിച്ചു കേട്ടശേഷം വിലനിർണയത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കും. ഭൂവുടമകളെ കേൾക്കുമ്പോൾ ലക്ഷംവീട് ഉന്നതി നിവാസികൾ, വ്യാപാരികൾ, അസുഖബാധിതർ എന്നിവരുടെ വിഷയങ്ങൾക്ക് മുൻഗണന നൽകണമെന്ന് എം കെ രാഘവൻ എംപി പറഞ്ഞു.

കൂടുതൽ നിയമ നടപടികളിലേക്ക് കക്ഷികൾ പോകാതെ എത്രയും പെട്ടെന്ന് പദ്ധതി പ്രാവർത്തികമാക്കുകയാണ് ലക്ഷ്യമെന്നും എംപി പറഞ്ഞു. നിയമനടപടികൾ പദ്ധതിയുടെ കാലതാമസത്തിനും എസ്റ്റിമേറ്റ് തുകയുടെ വർധനയ്ക്കും കാരണമാകും. വികസന പദ്ധതിക്കായി സ്ഥലം വിട്ടുകൊടുത്ത്, രേഖകൾ കൈമാറിയവർ പെരുവഴിയിൽ ആകുന്ന സ്ഥിതി ഉണ്ടാവരുത്. സ്ഥലമുടമകളെ കേട്ടശേഷം പണം അനുവദിക്കുകയും കൂടുതൽ തുക ഉണ്ടെങ്കിൽ അധിക തുക പിന്നീട് തിരിച്ചു നൽകാമെന്ന ഉറപ്പിന്മേൽ പണം അനുവദിക്കണമെന്നും എംപി പറഞ്ഞു.

ദേശീയപാത വിഭാഗം അധികൃതർ 10 ദിവസങ്ങൾക്കുള്ളിൽ തന്നെ ആർബിട്രേറ്റർ മുമ്പാകെ ഫയൽ സമർപ്പിക്കുമെന്ന് ദേശീയപാത വിഭാഗം പ്രൊജക്ട് ഡയറക്ടർ യോഗത്തെ അറിയിച്ചു. കെട്ടിടവിലയിൽ 6 % കുറയ്ക്കുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച ഫയൽ ദേശീയപാത വിഭാഗം മേഖലാ ഓഫീസിലാണ്. ഇക്കാര്യത്തിൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തീരുമാനം അറിയാൻ കഴിയും. വിഷയത്തിൽ ഹിയറിങ് നടത്തിയശേഷം ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ സി ബിജു (എൽഎ-എൻഎച്ച്) പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *