മാന്വല്‍ സ്‌കാവഞ്ചിംഗ്; ജില്ലയില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: രാജ്യത്ത് സെപ്റ്റിക് ടാങ്കുകളും മറ്റും തൊഴിലാളികള്‍ നേരിട്ട് വൃത്തിയാക്കുന്ന മാന്വല്‍ സ്‌കാവഞ്ചിംഗ് നിരോധിക്കപ്പെട്ട പശ്ചാത്തലത്തില്‍ ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടത്താന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം പ്രവൃത്തികള്‍ ജില്ലയില്‍ നിലനില്‍ക്കുന്നുണ്ടോ എന്നും പഴയ രീതിയിലുള്ള ഇന്‍സാനിറ്ററി ടോയ്‌ലറ്റുകള്‍ ആളുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്നും കണ്ടെത്തുന്നതിന് വേണ്ടിയാണ് സര്‍വേ. ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടത്തണമെന്ന സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. കോടതി ഉത്തരവ് പ്രകാരം ജില്ലാ തലത്തില്‍ ജില്ലാകലക്ടര്‍ ചെയര്‍മാനായി ജില്ലാ തല സര്‍വേ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

തദ്ദേശ സ്ഥാപന വകുപ്പ്, തൊഴില്‍ വകുപ്പ്, പട്ടിക ജാതി വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ  സര്‍വ്വേ പൂര്‍ത്തിയാക്കാനാണ് ഇതുമായി ബന്ധപ്പെട്ട ജില്ലാ കമ്മിറ്റിക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ ഈ മേഖലയില്‍ നടത്തിവരുന്ന സര്‍വേകള്‍ കൃത്യമായ വിവരങ്ങള്‍ കണ്ടെത്താന്‍ പര്യാപ്തമല്ലെന്നും ഇന്‍സാനിറ്ററി ടോയ്ലറ്റുകളും മാന്വല്‍ സ്‌കാവഞ്ചിങ്ങും സബന്ധിച്ച് പുതുതായി സര്‍വേ നടത്തി നമസ്‌തെ പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ് ലോഡ് ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍വ്വേ നടത്തുന്നതിന് വേണ്ടിയുള്ള സാങ്കേതിക പരിശീലനം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നേരത്തേ നല്‍കിയിരുന്നു.

യോഗത്തിൽ  എല്‍.എസ്,ജി.ഡി അസി.  ഡയറക്ടര്‍  പൂജ ലാല്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റേറ്റിസ്റ്റിക്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍  പ്രേമരാജന്‍ സി വി, ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ പ്രതീഷ് കെ പി,  ജില്ലാ എസ് സി വികസന ഓഫീസർ ഷാജി കെ പി,
ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് ഒ, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി വോളണ്ടിയർ  ചന്ദ്രന്‍ കെ, കൊടുവള്ളി മുനിസിപ്പല്‍ സെക്രട്ടറി  കെ സുധീര്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രശാന്ത് വൈ. ബി., പാര ലീഗല്‍ വോളണ്ടിയർ റുക്കിയാബി സി പി,   മുക്കം മുന്‍സിപ്പാലിറ്റി അസിസ്റ്റന്റ് സെക്രട്ടറി (ഇന്‍ ചാര്‍ജ് ) പി സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *