ബഷീര്‍ സ്മാരകം നിര്‍മാണ പുരോഗതി വിലയിരുത്തി മന്ത്രി

കോഴിക്കോട്: ബേപ്പൂര്‍ ബിസി റോഡില്‍ നിര്‍മാണം പുരോഗമിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത്- ടൂറിസം  മന്ത്രി പി എ മുഹമ്മദ് റിയാസ്, മേയര്‍ ബീന ഫിലിപ്പ് തുടങ്ങിയവരെത്തി. ലോകത്തെമ്പാടുമുള്ള മലയാളികളുടെയും ബഷീര്‍ സ്‌നേഹികളുടെയും ചിരകാലാഭിലാഷമാണ് സ്മാരകമെന്നും അതിന്റെ നിര്‍മാണം മികച്ച രീതിയില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ചരിത്രത്തിലാദ്യമായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ലിറ്റററി സര്‍ക്യൂട്ടിന്റെ പ്രധാന കേന്ദ്രമായി വൈലാലും സ്മാരകം ഉള്‍പ്പെടുന്ന പ്രദേശവും മാറുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കോര്‍പറേഷന്റെ കീഴിലുള്ള കമ്മ്യൂണിറ്റി ഹാള്‍ കേന്ദ്രത്തിനായി വിട്ടുനല്‍കിയ മേയറുടെ നേതൃത്വത്തില്‍ കോര്‍പറേഷനും ജില്ലാ കലക്ടറും ടൂറിസം വകുപ്പുമെല്ലാം ഒറ്റക്കെട്ടായാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വ്യത്യസ്തമായ ഒരു കേന്ദ്രമായി ഇതിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളെല്ലാം നീങ്ങിയതായും നിര്‍മാണം നല്ല രീതിയില്‍ മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു.

സാങ്കേതികാനുമതികള്‍ ലഭിച്ച പ്രവൃത്തികളുടെ 96 ശതമാനത്തോളം ഇതിനകം പൂര്‍ത്തിയാക്കാനായി. മുന്‍നിശ്ചയിച്ച പ്രകാരം തന്നെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിക്കും മേയര്‍ക്കുമൊപ്പം ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കൗണ്‍സിലര്‍മാരായ കെ ടി രജനി, ഗിരിജ ടീച്ചര്‍, വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ അനീസ് ബഷീര്‍, ഷാഹിന ബഷീര്‍, ടൂറിസം ജോയിന്റ് ഡയരക്ടര്‍ ഡി ഗിരീഷ് കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ സത്യജിത്ത് ശങ്കര്‍, ഡിടിപിസി സെക്രട്ടറി നിഖില്‍ ദാസ്, ആര്‍ക്കിടെക്ട് വിനോദ് സിറിയക് തുടങ്ങിയവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *