കോഴിക്കോട്: അനശ്വര നാടക പ്രതിഭ പി എം താജിൻ്റെ ‘പ്രിയപ്പെട്ട അവിവാഹിതൻ’ വീണ്ടും കോഴിക്കോട്ടെ പ്രേക്ഷകർക്കു മുമ്പാകെയെത്തുന്നു. പുരോഗമന കലാസാഹിത്യ സംഘവും പി എം താജ് അനുസ്മരണ സമിതിയും ചേർന്നു സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ ഭാഗമായി തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമ കലാകാരന്മാരാണ് ജൂലൈ 30 ന് വൈകിട്ട് 7 ന് കോഴിക്കോട് ടൗൺഹാളിൽ ‘പ്രിയപ്പെട്ട അവിവാഹിതനു’മായെത്തുന്നത്.
താജിൻ്റെ 34-ാം ചരമവാർഷികത്തോടനുബന്ധിച്ച ദ്വിദിന പരിപാടികളുടെ രണ്ടാം ദിവസമായ 30 ന് രാവിലെ 10 മുതൽ അഖില കേരള നാടക മത്സരം ടൗൺ ഹാളിൽ അരങ്ങേറും. കല പുന്നശ്ശേരിയുടെ ‘ആരെന്നുമെന്തെന്നും’, നാടകഗ്രാമം കോഴിക്കോടിൻ്റെ ‘പ്രണയ മാനിഫെസ്റ്റോ’, തൃശൂർ അഭിനയയുടെ ‘മഖ്ബറ’, നാടക കോഴിക്കോടിൻ്റെ ‘വെള്ളക്കയറാൽ തൂക്കപ്പെട്ടവർ’ എന്നീ നാടകങ്ങൾ പി എം താജ് ട്രോഫിക്കുവേണ്ടി മാറ്റുരയ്ക്കും.
അനുസ്മരണ സമ്മേളനം വൈകുന്നേരം 6 ന് കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും.
29 ന് രാവിലെ 10 മുതൽ മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ നാടക സെമിനാർ നടക്കും. കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. കെ ജി പൗലോസ് ഉദ്ഘാടനം ചെയ്യും.
പ്രിയപ്പെട്ട അവിവാഹിതൻ വീണ്ടും വരുന്നു

