തൊഴിലിടത്തിലെ സ്ത്രീ: മാറ്റങ്ങൾ വന്നു, ഇനിയും ഒട്ടേറെ ചെയ്യാനുണ്ടെന്ന് സെമിനാർ

വനിതാ കമ്മീഷൻ വിമൻ ഇൻ സിനിമ കലക്ടീവിന്റെ ഒപ്പം നിന്നു

കോഴിക്കോട്: തൊഴിലിടത്തിലെ സ്ത്രീയുടെ അവസ്ഥയിൽ
പുരോഗമനപരമായ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകാനുണ്ടെന്ന്
സംസ്ഥാന വനിതാ കമ്മീഷൻ കോഴിക്കോട് നടത്തിയ ‘തൊഴിലിടത്തിലെ സ്ത്രീ’ സെമിനാർ അഭിപ്രായപ്പെട്ടു. 

“ഇന്ന് സ്ത്രീ തൊഴിലാളികൾ
അവരുടെ പരാതികളും സങ്കടങ്ങളും പറയുമ്പോൾ കേൾക്കാൻ എന്തൊക്കെയോ സിസ്റ്റം ഉണ്ടെന്ന സ്ഥിതിയുണ്ട്. അത് പഴയകാലത്തെ അപേക്ഷിച്ച് ഒരുപാട് ആശ്വാസം നൽകുന്നതാണ്.
സ്ത്രീകൾക്ക് അന്തസ്സോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഇന്നുണ്ടെന്ന് ഞാൻ അഭിമാനത്തോടെ പറയുകയാണ്.
ഞാൻ ഇടപെടുന്ന മേഖലയിൽ ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്,” 
ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച വിജി പെൺകൂട്ട് ചൂണ്ടിക്കാട്ടി.  സ്ത്രീകൾ പുരുഷാധിപത്യത്തിന്റെയും മുതലാളിത്തത്തിന്റെയും ഇരകളാണെന്ന് അവർ പറഞ്ഞു. 

നിയമങ്ങൾ മാത്രം ഉണ്ടായിട്ട് കാര്യമില്ലെന്ന് കെ അജിത ചൂണ്ടിക്കാട്ടി.
ക്രിമിനൽ സംഘമാണ് സിനിമ ഭരിക്കുന്നത് എന്ന് പറയുന്നതിൽ അതിശയോക്തിയില്ല.  ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകണം. നടപടി ഇല്ലെങ്കിൽ റിപ്പോർട്ട് വെറുതെയായി പോകും, അജിത പറഞ്ഞു.

സംസ്ഥാന വനിതാ കമ്മീഷൻ വിമൻ ഇൻ സിനിമ കലക്ടീവിന്റെ ഒപ്പം നിന്നിട്ടാണ്
ഇവിടംവരെ എത്തിയതെന്ന് ദീദി ദാമോദരൻ
പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷം വൈകിപ്പിച്ചതിന് നമ്മൾ സമാധാനം പറയണം. ഇതുവരെ ഗോസിപ്പ് എന്ന് പറഞ്ഞുനടന്നിരുന്ന സംഗതികൾ ഇന്ന് ക്രിമിനൽ കുറ്റമായി മാറി എന്നത് മാത്രമാണ് ഇപ്പോൾ സംഭവിച്ച ഏക ആശ്വാസം. സിനിമയിൽ ഇപ്പോഴും സ്ത്രീകൾക്ക് മൂത്രമൊഴിക്കാനോ
തുണി മാറാനോ സൗകര്യമില്ല. 
സിനിമ ഈ നാട്ടിലാണെങ്കിൽ ഈ നാട്ടിലെ നിയമം സിനിമയ്ക്ക് ബാധകമാണെന്നും ദീദി കൂട്ടിച്ചേർത്തു. 

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം അന്വേഷിച്ചു നടപടി സ്വീകരിക്കേണ്ട ഇന്റെണൽ കമ്മിറ്റി (ഐസി) രൂപീകരിക്കാത്ത എത്രയോ സ്ഥാപനങ്ങൾ ഉണ്ടെന്ന് അഡ്വ. പി എം ആതിര ചൂണ്ടിക്കാട്ടി.
പരാതി ഇല്ലെങ്കിലും സ്ഥാപനങ്ങളിൽ ഐസി രൂപീകരിക്കണം. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്.

ഹേമ കമ്മീഷൻ റിപ്പോർട്ട്
നടപ്പാക്കി കുറ്റവാളികളെ ശിക്ഷിക്കണമെന്ന്
വി പി സുഹറ ആവശ്യപ്പെട്ടു.

നമുക്ക് മുൻപിലുള്ള ഏറ്റവും വലിയ ഫെമിനിസ്റ്റ് പുസ്തകം ഇന്ത്യൻ ഭരണഘടന ആണെന്ന് വിഷയം അവതരിപ്പിച്ച് സംസാരിച്ച അസിസ്റ്റൻറ് ഗവ. പ്ലീഡർ അഡ്വ. കെ കെ പ്രീത പറഞ്ഞു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്ന 2013 ലെ പോഷ് ആക്ടിനെക്കുറിച്ച് അവർ വിശദീകരിച്ചു. സദസ്സിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്ക് പാനലിസ്റ്റുകൾ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *