കോഴിക്കോട്: പശ്ചിമേഷ്യയിൽ നടക്കുന്നത് മാനവികതയ്ക്കെതിരായ യുദ്ധമാണെന്ന് മുൻ ഐക്യരാഷ്ട്രസഭ അണ്ടർ സെക്രട്ടറി ജനറൽ ഡോ. ശശി തരൂർ എംപി. പലസ്തീനിൽ ഉൾപ്പെടെ ഇരയാക്കപ്പെടുന്ന ജനതയുടെ മനുഷ്യാവകാശത്തെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് യുദ്ധമെന്ന ഭീകരതയുടെ വ്യാപ്തി മനസ്സിലാവുക. യുദ്ധങ്ങൾ ആത്യന്തികമായി മനുഷ്യത്വ വിരുദ്ധവും സാർവദേശീയ ചിന്തകൾക്ക് വെല്ലുവിളിയുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യുനസ്‌കോ അംഗീകൃത സംഘടനയായ ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ ഒമ്പതാമത് ജനറല്‍ അസംബ്ലിയോടനുബന്ധിച്ച് കോഴിക്കോട് റാവിസ് കടവില്‍ സംഘടിപ്പിച്ച ഗ്ലോബൽ ഡയലോഗ് എക്സ്ചേഞ്ചിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാർവ്വദേശിക ചിന്തകൾ ഒരിക്കലും ഒരു വ്യക്തിയുടെ പ്രാദേശിക സംസ്കൃതിക്ക് എതിരല്ല. പ്രാദേശികമായ വൈവിധ്യങ്ങൾ ഉയർത്തിപ്പിടിച്ചുതന്നെ മനുഷ്യോന്മുഖമായ ആഗോള ചിന്തകൾ സൃഷ്ടിക്കാനും പ്രവർത്തിക്കാനും സാധിക്കും. ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ ‘പോലുള്ള മുദ്രാവാക്യങ്ങൾ വിവിധ രാജ്യങ്ങളിൽ ഉയർത്താൻ അവിടുത്തെ നേതാക്കൾ ശ്രമിക്കാറുണ്ട്. ഇന്ത്യയിലും അത്തരം മുദ്രാവാക്യങ്ങൾ കേൾക്കാം. ഏതെങ്കിലും ദേശത്തിന്റെ ശക്തി വർധിപ്പിക്കുവാനുള്ള ശ്രമം ഒരിക്കലും ആഗോള മനുഷ്യ സങ്കല്പത്തിന് എതിരാവരുത്.
ഒരേസമയംഇന്ത്യക്കാരനായിരിക്കുകയും ആഗോള മനുഷ്യ സങ്കൽപ്പത്തിന് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുക എന്ന തിരിച്ചറിവാണ് വലുതെന്ന് താൻ വിശ്വസിക്കുന്നു. അത്തരം തിരിച്ചറിവുകളാണ് രണ്ടു രാജ്യങ്ങളിലെ പൗരന്മാർ സമ്മേളിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നതെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി.
പല വിദേശ രാഷ്ട്രങ്ങളിലും മേയർമാർ എന്ന പദവിക്ക് വലിയ അർത്ഥവും അധികാരവുമാണുള്ളതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. എന്നാൽ ഇന്ത്യയിലെ മേയർമാർക്ക് ആ ശക്തിയും പ്രൗഢിയും ഉണ്ടോ എന്ന കാര്യം സംശയമാണ്. അത്തരം ചർച്ചകൾ വലിയ വിവാദങ്ങൾക്ക് തിരിയിടുമെന്നതിനാൽ തത്കാലം അതിലേക്ക് കടക്കുന്നില്ല. 90 ശതമാനം ജനങ്ങളും ഏക ദൈവത്തിൽ വിശ്വസിക്കുന്ന ഇന്തോനേഷ്യയിൽ രാമായണം ഔദ്യോഗിക ആഘോഷത്തിന്റെ ഭാഗമാണ്. അത്തരം സംസ്കാരങ്ങളാണ് ലോകത്ത് മാനവികതയും കലയും വളർത്തുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
എം കെ രാഘവൻ എംപി അധ്യക്ഷത വഹിച്ചു.
പ്രമുഖ പ്രവാസി സംരംഭകനും റോട്ടാന എയർലൈൻസ് മുൻ സിസിഒയുമായ രാജേന്ദ്രൻ വെള്ളപ്പാലത്ത്, മർക്കസ് നോളജ് സിറ്റി സിഇഒയും മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനുമായ
ഡോ. അബ്ദുൾ സലാം എന്നിവർ ആശംസാ പ്രഭാഷണം നടത്തി.
ഐസിസിഎൻ സൗത്ത്യ ഡയറക്ടർ ഡവി.ജയരാജൻ സ്വാഗതവും ഡോ. അഞ്ജനാപുരി നന്ദിയും പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികൾക്കായി രാവിലെ കോഴിക്കോട് ഹെറിറ്റേജ് വാക്ക് സംഘടിപ്പിച്ചു. തളി, കുറ്റിച്ചിറ മിശ്കാൽ പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ പ്രതിനിധികൾ സന്ദർശിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ അന്താരാഷ്ട്ര സെമിനാറുകളും നടന്നു.
കടവ് ആംഫി തിയേറ്ററില്‍ വിവിധ നാടൻ കലാ പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു.
ഞായറാഴ്ച രാവിലെ കേന്ദ്ര ടെക്സ്ടൈൽ മന്ത്രാലയത്തിന് കീഴിലുള്ള കരകൗശല വിഭാഗം തൃശൂർ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രാമനാട്ടുകര സേവ മന്ദിർ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന കരകൗശല ബോധന പരിപാടിയിൽ സമ്മേളന പ്രതിനിധികൾ പങ്കെടുക്കും.
തുടര്‍ന്ന് ഇരിങ്ങല്‍ സര്‍ഗാലയ, മര്‍ക്കസ് നോളജ് സിറ്റി എന്നിവിടങ്ങളിലും പരിപാടി നടക്കും. മേയര്‍മാര്‍, ഇന്റര്‍നാഷണല്‍ മ്യൂസിയം ഡയറക്ടര്‍മാര്‍, അക്കാദമിക മേഖലയിലെ പ്രഗല്ഭര്‍ തുടങ്ങി 30 ഓളം ലോക നഗരങ്ങളിലെ പ്രതിനിധികളാണ് അഞ്ചുദിവസമായി കോഴിക്കോട്ട് സമ്മേളിക്കുന്നത്. ഐസിസിഎന്‍ സൗത്ത് ഏഷ്യന്‍ റീജ്യണല്‍ ഓഫിസിന്റെ ആസ്ഥാനമായ പയ്യന്നൂര്‍ ഫോക് ലാന്‍ഡും യുനെസ്‌കോ ചെയര്‍, ഡോര്‍ഫ് കെറ്റല്‍, കാലിക്കറ്റ് സര്‍വകലാശാല യുനസ്‌കോ ചെയര്‍, കലിംഗ സര്‍വകലാശാല എന്നിവയുടെയും സഹകരണത്തോടെയാണ് ജനറല്‍ അസംബ്ലി സംഘടിപ്പിക്കുന്നത്.
ഫോട്ടോ:
യുനസ്കോ അംഗീകൃത സംഘടനയായ ഐസിസിഎൻ ഒമ്പതാം ജനറൽ അസംബ്ലിയോടനുബന്ധിച്ച് പ്രതിനിധികൾ കോഴിക്കോടിന്റെ പൈതൃക വഴികൾ അടുത്തറിയാൻ നടത്തിയ ഹെറിറ്റേജ് വാക്ക് മിശ്കാൽ പള്ളിക്ക് സമീപം എത്തിയപ്പോൾ.

