കോഴിക്കോട്: മലപ്പുറം സ്വദേശിയായ 14കാരന് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സംഘം ഇന്ന് (ജൂലൈ 21) രാത്രി 10 മണിയോടെ കോഴിക്കോട്ടെത്തുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. കെ ജി സജിത്ത് കുമാര്‍ അറിയിച്ചു. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കല്‍ വിദഗ്ധരുമാണ് സംഘത്തിലുണ്ടാവുക.
നിപ ബാധ സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജിലെ ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച ഒരു ടീമിനെ ഇവിടേക്ക് നിയോഗിക്കാന്‍ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തതായി പ്രിന്‍സിപ്പൽ അറിയിച്ചു. നാലംഗ സംഘമാണ് മെഡിക്കല്‍ കോളേജില്‍ ചുമതലയേല്‍ക്കുക.
നിലവില്‍ നിപ വൈറസ് ബാധ സംശയിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട 68കാരനെ നിലവില്‍ ട്രാന്‍സിറ്റ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കമില്ലാതിരുന്ന ഇദ്ദേഹത്തിന്റെ പ്രാഥമിക സ്രവപരിശോധനാ ഫലം നെഗറ്റീവായിരുന്നു.
മൊബൈല്‍ ലാബ് നാളെ എത്തും
നിപ വൈറസ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധന കൂടുതല്‍ എളുപ്പമാക്കുന്നതിന് മൊബൈല്‍ ബിഎസ്എല്‍-3 ലബോറട്ടറി നാളെ (ജൂലൈ 22) രാവിലെയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ പൂനെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്രവ പരിശോധന ഇവിടെ വച്ച് തന്നെ നടത്താനും ഫലം വേഗത്തില്‍ തന്നെ ലഭ്യമാക്കാനും സാധിക്കും.
നിപ പ്രതിരോധത്തില്‍ പ്രത്യേക പരിശീലനം
നിപബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തില്‍ പ്രത്യേക പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. പിജി ഡോക്ടര്‍മാര്‍, ഹൗസ് സര്ജന്മാര് ഉള്‍പ്പെടെയുള്ള നേരത്തേ പരിശീലനം ലഭിച്ചിട്ടില്ലാത്ത ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍ തുടങ്ങിയവര്‍ക്കായാണ് റീഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുക. ഒപി പരിശോധനയെയും ക്ലാസ്സുകളെയും ബാധിക്കാത്ത രീതിയില്‍ വിവിധ സെഷനുകളായി നടത്തുന്ന പരിശീലന പരിപാടി നാളെ (ജൂലൈ 22) തന്നെ ആരംഭിക്കും. സാംപിള്‍ കളക്ഷന്‍, നിപ പ്രതിരോധം, ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കും. ഇതിനായി മൈക്രോ ബയോളജി ഡിപ്പാര്‍ട്ട്മെന്റിന് ചുമതല നല്‍കിയതായും പ്രിന്‍സിപ്പാള്‍ അറിയിച്ചു.
അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം
നിപ വൈറസ്ബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികള്‍ അല്ലാത്തവരുടെ അനാവശ്യ സന്ദര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കണം. ചികിത്സയ്ക്കായി വരുന്നവര്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ മാസ്ക് ധരിക്കുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം അറിയിച്ചു.
ഐസിഎംആര്‍ സംഘം ഇന്ന് രാത്രി എത്തും

