ബേപ്പൂർ സുൽത്താൻ്റെ ഓർമയ്ക്ക് 30 വർഷം


വൈക്കം മുഹമ്മദ്‌ ബഷീർ –  മലയാളികളുടെ മനസ്സിൽ ഇന്നും പ്രിയമുള്ള എഴുത്തുകാരൻ വിട പറഞ്ഞിട്ട് 30 വർഷം. സാധാരണക്കാരുടെ ജീവിതത്തിലെ സംഭവങ്ങളെ അസാധാരണമാക്കി അവതരിപ്പിച്ച ‘ബേപ്പൂർ സുൽത്താൻ’  1994 ജൂലൈ അഞ്ചിനാണ് വിട പറഞ്ഞത്. സുൽത്താൻ്റെ ജീവിതരേഖയിലൂടെ……

ഗഡാഗഡിയൻ വാക്കുകൾ

പ്രത്യേകിച്ച് അർഥങ്ങളില്ലാത്ത വാക്കുകൾപോലും അദ്ദേഹത്തിന്റെ രചനയിലൂടെ കടന്നുവന്നപ്പോൾ അവയ്ക്ക് വലിയ അർഥങ്ങൾ കൈവന്നു. ഡുങ്കുടു, ചപ്ലാച്ചി, കുൾട്ടാപ്പൻ, ഗഡാഗഡിയൻ, പളുങ്കൂസ് തുടങ്ങിയവ ബഷീറിന്റേതു മാത്രമായ പദപ്രയോഗങ്ങൾ.

ബേപ്പൂർ സുൽത്താൻ എന്ന വിശേഷണം ബഷീറിനു മാത്രം അവകാശപ്പെട്ടതാണ്. വിവാഹശേഷം ബഷീർ ബേപ്പൂരിൽ രണ്ടേക്കർ സ്ഥലം വാങ്ങി വീടുവെച്ചു. അങ്ങനെ കുടുംബസമേതം വൈലാലിൽ വീട്ടിൽ താമസമായി. ആ രണ്ടേക്കർ സ്ഥലത്ത് താനൊരു സുൽത്താനായി വാഴുന്നു എന്ന് അദ്ദേഹം ഒരു കത്തിൽ എഴുതി. അങ്ങനെ ബേപ്പൂർ സുൽത്താൻ എന്ന പേര് ബഷീറിന് സ്വന്തമായി.

1982-ൽ കേന്ദ്ര ഗവൺമെൻ്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി.

കോട്ടയം ജില്ലയിലെ വൈക്കം തലയോലപ്പറമ്പിൽ 1908 ജനുവരി 21 നാണ് ജനനം. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്കൂളിലുമായിരുന്നു.


ബഷീർ സാഹിത്യം

മലയാളത്തിൽ സ്വന്തമായൊരു സാഹിത്യശാഖയുള്ള വ്യക്തിയാണ് ബഷീർ. മലയാളം അറിയാവുന്ന ആർക്കും വഴങ്ങുന്നതാണ് ബഷീർ സാഹിത്യം. ഹാസ്യത്തിലൊളിപ്പിച്ചതായിരുന്നു അദ്ദേഹത്തിന്റെ ചുട്ടുപൊള്ളുന്ന ഓരോ വാക്കും. ഹാസ്യംകൊണ്ടുതന്നെ ജീവിതാനുഭവങ്ങളെഴുതി വായനക്കാരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിൽ അതുവരെ ആരും പറയാതിരുന്നവരുടെ കഥകൾ ബഷീർ പറഞ്ഞുതുടങ്ങി. മനുഷ്യരുടെ കഥകളായിരുന്നു അവയെല്ലാം. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും പട്ടിണിക്കാരുമെല്ലാം നിറഞ്ഞതായിരുന്നു ബഷീറിന്റെ ലോകം. സമൂഹത്തിനു നേരെയുള്ള വിമർശനങ്ങളും ഹാസ്യത്തിൽപൊതിഞ്ഞ് അവതരിപ്പിച്ചു.

ഇന്നേവരെ ആരും കേട്ടിട്ടില്ലാത്ത വാക്കുകളും അദ്ദേഹം രചനക്കായി ഉപയോഗിച്ചു. വായിച്ചുതുടങ്ങുന്നവർ ആദ്യം തെരഞ്ഞെടുക്കുന്ന കൃതികളാണ് ബഷീറിന്റേത്.

പാത്തുമ്മായുടെ ആട് എന്ന കൃതിയിൽ ബഷീറിന് ഉമ്മയിൽനിന്ന് അടി കിട്ടിയ കാര്യം പറയുന്നുണ്ട്. ‘മാതാവേ കുറച്ചു ശുദ്ധജലം തന്നാലും’ എന്നു പറഞ്ഞതിനാണ് ഉമ്മയുടെ തവികൊണ്ടുള്ള അടി. കൃത്രിമമായ ഭാഷക്കുകൂടിയാണ് ഇവിടെ അടികിട്ടുന്നത്. സാധാരണക്കാരന്റെ ഭാഷയെ പൊതുഭാഷയായി അവതരിപ്പിക്കുകയായിരുന്നു ബഷീർ എന്നും.

ബഷീറിന്റെ ആദ്യ കഥയുടെ പേരാണ് തങ്കം. സ്പോർട്സ് കമ്പനി ഉണ്ടാക്കുന്ന ഉപകരണങ്ങൾ സൈക്കിളിൽ കൊണ്ടുപോയി വിൽക്കുന്ന ജോലി ബഷീർ ചെയ്തിട്ടുണ്ട്. അതിനിടയിൽ അപകടത്തെത്തുടർന്ന് ജോലി ചെയ്യാൻ വയ്യാതായതോടെ ജയകേസരി മാസികയുടെ ഓഫീസിൽ ജോലി അന്വേഷിച്ച് ചെന്നു. കഥയെഴുതാമോ എന്നാണ് അദ്ദേഹത്തോട് പത്രാധിപർ ചോദിച്ചത്. കഥക്കുള്ള ആശയം തേടുമ്പോൾ പൈപ്പിൽനിന്ന് വെള്ളമെടുത്ത് പോവുന്ന കറുത്ത ഒരു പെൺകുട്ടിയെ ബഷീർ കണ്ടു. അവളെ കഥാപാത്രമാക്കി ബഷീർ എഴുതിയ ആദ്യ കഥയാണ് ‘എന്റെ തങ്കം’. പുസ്തകമാക്കിയപ്പോൾ ഈ കഥയുടെ പേര് തങ്കം എന്ന് ചുരുക്കി.

ആദ്യ കഥയായ ‘എന്റെ തങ്ക’വും അതിലെ നായികയെയും ബഷീറിന് ഏറെ ഇഷ്ടമായിരുന്നു. അതിനാൽ തന്റെ തൂലികാനാമമായി തങ്കം എന്ന പേര് അദ്ദേഹം തെരഞ്ഞെടുത്തു. ആ പേരിൽ നിരവധി രാഷ്ട്രീയ ലേഖനങ്ങൾ എഴുതി.

സ്വാതന്ത്ര്യസമരകാലത്ത് ബഷീർ ഒരു സംഘടനയുണ്ടാക്കിയിരുന്നു. അതിന്റെ മുഖപത്രമായ ‘ഉജ്ജീവനം’ വാരികയിൽ പ്രഭ എന്ന തൂലികാനാമത്തിൽ അദ്ദേഹം ലേഖനങ്ങൾ എഴുതി. തീപ്പൊരി ലേഖനങ്ങളായിരുന്നു അവയെല്ലാം. വാരിക പിന്നീട് കണ്ടുകെട്ടി.

9 വർഷം നീണ്ട യാത്ര

സ്കൂൾ വിദ്യാഭ്യാസ കാലത്ത് ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടേക്കു പോയ ബഷീർ 1930ൽ കോഴിക്കോട് സബ്ജയിലിൽ തടവിലായി. അതിനുശേഷം ഹിന്ദു സന്യാസിയായും സൂഫി സന്യാസിയായും അദ്ദേഹം തന്റെ ജീവിതം കഴിച്ചുകൂട്ടി. പിന്നീട് ആഫ്രിക്കയിലും അറേബ്യയിലും അദ്ദേഹം സഞ്ചരിച്ചു. ഇതിനിടയിൽ ജാലവിദ്യക്കാരൻ, കാവൽക്കാരൻ, പത്രവിൽപനക്കാരൻ, ഗുമസ്തൻ, പത്രാധിപർ, പാചകക്കാരൻ തുടങ്ങിയ ജോലികൾ അദ്ദേഹം ചെയ്തു. ഒമ്പതുവർഷത്തോളം നീണ്ട യാത്രയായിരുന്നു അദ്ദേഹത്തിന്റേത്. വിവിധ മനുഷ്യരെ അടുത്തറിയുകയും ഭാഷകൾ പഠിക്കുകയും മനുഷ്യജീവിതത്തിന്റെ എല്ലാ വശങ്ങളും തിരിച്ചറിയുകയും ചെയ്തു അദ്ദേഹം. ബഷീറിന്റെ ജീവിതംതന്നെയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യം.

തൂലികക്കൊപ്പം കഠാരയും

ബഷീറിന്റെ കൈകളിൽ തൂലികയെന്ന പോലെ സ്ഥാനംപിടിച്ച മറ്റൊന്നാണ് കഠാര. ഒരു സുഹൃത്തുമായി നടത്തിയ പന്തയത്തെത്തുടർന്നാണ് കഠാര ബഷീറിന്റെ കൈകളിൽ എത്തുന്നത്. പിന്നീട് ഏറെക്കാലം ഒരവയവംപോലെ അദ്ദേഹമത് കൊണ്ടുനടന്നു. പിന്നീടൊരിക്കൽ അദ്ദേഹം തന്റെ ആത്മസുഹൃത്തായ പുനലൂർ രാജന് ഈ കഠാര സമ്മാനിച്ചു.

സ്നേഹം ജീവജാലങ്ങളോടും

മനുഷ്യനോടു മാത്രമല്ല, പ്രകൃതിയിലെ സർവ ജീവജാലങ്ങളോടും ബഷീറിന് സ്നേഹമായിരുന്നു. നോമ്പുകാലത്ത് നോമ്പ് മുറിക്കുന്ന സമയത്ത് വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങൾ ഒരു പത്രത്തിലെടുത്ത് പറമ്പിൽ കൊണ്ടുപോയി വെക്കും. പറമ്പിലെ കാക്കക്കും കുറുക്കനും കീരിക്കുമൊക്കെ ശാപ്പിടാനാണത്. ചായ കുടിച്ചാൽ ഗ്ലാസ് എപ്പോഴും കമിഴ്ത്തി വെക്കും. ബാക്കിയുള്ള ചായയിൽ ഉറുമ്പ് വീണ് ചാവാതിരിക്കാനാണത്.

കൃതികളിലൂടെ

ജാതിവ്യവസ്ഥയെയും സ്ത്രീധന സമ്പ്രദായത്തെയും വിമർശിക്കുന്ന ചെറുനോവലാണ് 1943ൽ പ്രസിദ്ധീകരിച്ച ‘പ്രേമലേഖനം’. ജോലിയില്ലാതെ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന സാറാമ്മയും അവളുടെ വീട്ടിലെ വാടകക്കാരനായ കേശവൻ നായരുമാണ് ഈ നോവലിലെ പ്രധാന കഥാപാത്രങ്ങൾ. പ്രസിദ്ധീകരിച്ച കാലത്ത് നിരോധനവും ആക്ഷേപങ്ങളും ഏറ്റുവാങ്ങിയ നോവലായിരുന്നു ഇത്. 1948 മാർച്ച്‌ 24ന് പട്ടം താണുപിള്ള തിരുവിതാംകൂർ പ്രധാനമന്ത്രിയായിരുന്നപ്പോൾ പ്രേമലേഖനത്തിന്റെ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ബഷീർ നിവേദനമയച്ചിരുന്നു. എന്നാൽ, ഒക്ടോബർ 16ന് പട്ടംതാണുപിള്ള രാജിവെക്കുകയും പറവൂർ ടി കെ നാരായണപിള്ള അധികാരമേൽക്കുകയും ചെയ്തു. പിന്നീട് 1948 നവംബർ 26നാണ് പ്രേമലേഖനത്തിന്റെ നിരോധനം എടുത്തു മാറ്റിയത്.

ബഷീറിന്റെ പ്രസിദ്ധമായ നോവലാണ് പാത്തുമ്മായുടെ ആട്. പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും അദ്ദേഹം ഇതിനു നിർദേശിച്ചിരുന്നു. ആടിനെ പ്രധാന കഥാപാത്രമാക്കി തന്നെയും തനിക്കു ചുറ്റുമുള്ളവരെയും ഉൾപ്പെടുത്തി എഴുതിയ കൃതിയാണിത്. ദേശസഞ്ചാരം കഴിഞ്ഞ് ക്ഷീണിതനായ ബഷീർ ആരോഗ്യം വീണ്ടെടുക്കാൻ വീട്ടിൽ മടങ്ങിയെത്തിയ സമയത്തെ അനുഭവങ്ങളാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്.

ജയിലിലെ മതിലിനപ്പുറത്തുനിന്നുമുയരുന്ന ശബ്ദത്തിലൂടെ മാത്രം നമുക്കും ബഷീറിനും പരിചിതയായ വ്യക്തിയാണ് മതിലുകൾ എന്ന ആത്മകഥാപരമായ നോവലിലെ നാരായണി എന്ന കഥാപാത്രം. 1965ൽ പുറത്തിറങ്ങിയ ഈ നോവലിൽ രാഷ്ട്രീയത്തടവുകാരനായി ജയിലിൽ എത്തുന്ന ബഷീർ തന്നെയാണ് പ്രധാന കഥാപാത്രം. മതിലിനപ്പുറത്തെ പെൺജയിലിലെ നാരായണിയുമായി ബഷീർ ചങ്ങാത്തത്തിലാവുകയും പരസ്പരം ചെടികളും ആഹാരവസ്തുക്കളും കൈമാറുകയും ചെയ്യുന്നു. പരസ്പരം കാണുന്നതിനു മുമ്പ് ബഷീറിനെ ജയിൽമോചിതനാക്കിക്കൊണ്ടുള്ള ഉത്തരവ് വന്നു.

അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ മതിലുകൾ സിനിമയായി പുറത്തിറങ്ങി. മമ്മൂട്ടിയാണ് വൈക്കം മുഹമ്മദ് ബഷീറായി അഭിനയിച്ചത്. മതിലുകളുടെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയപുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചു. സ്ത്രീ കഥാപാത്രങ്ങൾ അഭിനയിച്ചിട്ടില്ലാത്ത ചിത്രത്തിൽ കെ പി എ സി ലളിതയുടെ ശബ്ദം മാത്രമാണുള്ളത്. 1967ലും 2014ലും ബാല്യകാലസഖി സിനിമയായി പുറത്തുവന്നു.

ബഷീറിന്റെ ചെറുകഥയാണ് നീലവെളിച്ചം. നീലവെളിച്ചത്തിന്റെ കഥ വികസിപ്പിച്ച് ബഷീർ എഴുതിയ തിരക്കഥയെ ആശ്രയിച്ചിറങ്ങിയ ചലച്ചിത്രമാണ് ഭാർഗവീനിലയം. മലയാളത്തിൽ അവതരിപ്പിച്ച ആദ്യ പ്രേതകഥയായിരുന്നു ഭാർഗവീനിലയം. 2023ൽ നീലവെളിച്ചം എന്ന പേരിൽ ചിത്രം വീണ്ടും പുറത്തിറങ്ങി.

ബഷീറിന്റെ ഒരേയൊരു നാടകമാണ് കഥാബീജം. 1943ൽ സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ പതിനാറാം വാർഷികദിനത്തിൽ ഈ നാടകം എറണാകുളത്ത് അവതരിപ്പിച്ചിരുന്നു. 1944ൽ ഇത് പുസ്തകരൂപത്തിലാക്കുകയും ചെയ്തു.

1951ൽ പ്രസിദ്ധീകരിച്ച ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് ‘ എന്ന നോവലിൽ കുഞ്ഞുപാത്തുമ്മയും നിസാർ അഹമ്മദും തമ്മിലുള്ള പ്രണയവും, ഹാസ്യത്തിൽ പൊതിഞ്ഞ സാമൂഹിക വിമർശനവുമാണ് പ്രധാന വിഷയം.

കഥാപാത്രങ്ങൾ

രസകരമായ പേരുകൾ, കൗതുകം നിറഞ്ഞ പ്രവൃത്തികൾ- ആരെയും ആകർഷിക്കുന്ന ബഷീർ കഥാപാത്രങ്ങളുടെ പ്രത്യേകതകൾ ഇവയൊക്കെയാണ്. എട്ടുകാലി മമ്മൂഞ്ഞ്, മണ്ടൻ മുത്തപ്പാ, ആനവാരി രാമൻനായർ, പൊൻകുരിശു തോമ എന്നൊക്കെയാണ് അവരുടെ പേരുകൾ.

‘ബഷീറിൻ്റെ എടിയേ ‘

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീർ എന്ന ഫാത്തിമ ബീവിയുടെ ആത്മകഥയാണ് ‘ബഷീറിന്റെ എടിയേ’. ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യജീവിതത്തിന്റെ ഓർമകളാണ് പുസ്തകത്തിൽ. ബഷീറിന്റെ വ്യക്തിജീവിതത്തിലെ അനുഭവങ്ങളും രഹസ്യങ്ങളും ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നു. 1957 ഡിസംബർ 18നായിരുന്നു ബഷീറുമായുള്ള വിവാഹം. 2015 ജൂലൈ 15ന് 78-ാം ജന്മദിനത്തിൽ ഫാബി നിര്യാതയായി. അനീസ്, ഷാഹിന എന്നിവരാണ് മക്കൾ.


സംഗീതം ഇഷ്ടം

വൈക്കം തലയോലപ്പറമ്പിലെ ഓരോലപ്പുരയിൽ നെല്ല് പുഴുങ്ങിക്കൊണ്ടിരിക്കെയാണ് ഉമ്മ തന്നെ പ്രസവിച്ചതെന്ന് ബഷീർ പറയുന്നുണ്ട്.
സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന ബഷീർ പങ്കജ് മല്ലിക്, സൈഗാൾ തുടങ്ങിയ ഗായകരുടെ പാട്ടുകളോട് ഏറെ പ്രിയമുള്ള വ്യക്തിയായിരുന്നു.

ഗാന്ധിജിയെ കാണാൻ

സ്കൂൾ പഠനകാലത്ത് കേരളത്തിലെത്തിയ ഗാന്ധിജിയെക്കാണാൻ വീട്ടിൽനിന്ന് ഒളിച്ചോടിയത് ബഷീറിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. 1930ൽ കോഴിക്കോടുവെച്ച് ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. ഇവ പിന്നീട് തന്റെ ഓർമക്കുറിപ്പുകൾ എന്ന കഥാസമാഹാരത്തിലെ ‘അമ്മ’ എന്ന കഥയിൽ പരാമർശിക്കുന്നുണ്ട്.


അവാർഡുകൾ

കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ലളിതാംബിക അന്തർജനം അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, വള്ളത്തോൾ പുരസ്കാരം‌.


പ്രധാന കൃതികൾ

1. പ്രേമലേഖനം (നോവൽ)
2. സർപ്പയജ്ഞം (നോവൽ)
3. ബാല്യകാലസഖി (നോവൽ)
4. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (നോവൽ)
5. ആനവാരിയും പൊൻകുരിശും (നോവൽ)
6. പാത്തുമ്മായുടെ ആട് (നോവൽ)
7. മതിലുകൾ(നോവൽ)
8. ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ)
9. ശബ്ദങ്ങൾ (നോവൽ)
10. അനുരാഗത്തിൻ്റെ ദിനങ്ങൾ (ഡയറി)
11. സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ)
12. വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ)
13. ഭാർഗവീനിലയം(സിനിമാ തിരക്കഥ)
14. കഥാബീജം (നാടക തിരക്കഥ)
15. ജന്മദിനം (ചെറുകഥകൾ)
16. ഓർമക്കുറിപ്പ് (ചെറുകഥകൾ)
17.അനർഘനിമിഷം (ലേഖനങ്ങൾ)
18. വിഡ്ഢികളുടെ സ്വർഗം (ചെറുകഥകൾ)
19. മരണത്തിൻ്റെ നിഴൽ (നോവൽ)
20. മുച്ചീട്ടുകളിക്കാരൻ്റെ മകൾ (നോവൽ)
21. പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ)
22. ജീവിതനിഴൽപാടുകൾ (നോവൽ)
23. വിശപ്പ് (ചെറുകഥകൾ)
24. ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ)
25. താരാ സ്പെഷ്യൽസ് (നോവൽ)
26. മാന്ത്രികപ്പൂച്ച (നോവൽ)
27. ഓർമയുടെ അറകൾ (ഓർമക്കുറിപ്പുകൾ)
28. ആനപ്പൂട (ചെറുകഥകൾ)
29. ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ)
30. എം പി പോൾ (ഓർമക്കുറിപ്പുകൾ)
31. ശിങ്കിടിമുങ്കൻ (ചെറുകഥകൾ)
32. സർപ്പയജ്ഞം (ബാലസാഹിത്യം)

Leave a Reply

Your email address will not be published. Required fields are marked *