കോഴിക്കോട്ടുകാർക്ക് സുപരിചിതമാണല്ലോ ദേവമാതാ കത്തീഡ്രൽ എന്ന കത്തോലിക്കാ ദേവാലയം. നഗരത്തിലെ തിരക്കുകളിൽനിന്നെല്ലാം ഒഴിഞ്ഞുമാറി ഏറെക്കുറെ കടലോരത്തോടുചേർന്ന് ഇത് സ്ഥിതി ചെയ്യുന്നു. പോർച്ചുഗീസ് വാസ്തുഭംഗി മുഴുവനായും ആവാഹിച്ചെടുത്ത ഈ കത്തോലിക്കാ ദേവാലയം ആരെയും ഒന്നാകർഷിക്കും. ആകാശത്തിന്റെ അനന്തതയിലേക്ക് എത്തിനോക്കുന്ന മിനാരവും കുരിശും. ഒന്നു കാതോർത്താൽ നിങ്ങൾക്കാ സ്നേഹമന്ത്രണം കേൾക്കാം….‘ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം’.
കത്തോലിക്കാ ദേവാലയത്തിന്റെ പഴമയെക്കാളും വാസ്തുഭംഗിയെക്കാളും ഉദാത്തമാണ് മതമൈത്രി വിളിച്ചോതുന്ന
ഇതിന്റെ ചരിത്രം. കോഴിക്കോട്ട് സന്മനസ്സുള്ള ഒരു ഹൈന്ദവ രാജാവ് ജീവിച്ചിരുന്നുവെന്ന ചരിത്രം ഓർമിപ്പിക്കുന്നു.1793‐ൽ ഈ ദേവാലയത്തിലെ വികാരിയച്ചനായിരുന്ന ഫാദർ ഗബ്രിയേൽ ഗോൺസാലസ്, മലബാർ കലക്ടർക്ക് എഴുതിയ ചില എഴുത്തുകുത്തുകളിലാണീ ചരിത്രം നമ്മുടെ അറിവിലേക്കത്തുന്നത്. അതിങ്ങനെ: 1498ലാണല്ലോ ഗാമയുടെ നേതൃത്വത്തിൽ പോർച്ചുഗീസുകാർ കോഴിക്കോട്ട് എത്തുന്നത്. അശാന്തിയുടെ നാളുകളാണ് കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിക്കും പ്രജകൾക്കും പോർച്ചുഗീസുകാർ സമ്മാനിച്ചത്. ഒട്ടനവധി യുദ്ധങ്ങളും ഉടമ്പടികളും സാമൂതിരിയുമായി ഇക്കൂട്ടർ നടത്തിയിരുന്നു. ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും ഇടയിലേതോ നല്ലൊരു മുഹൂർത്തത്തിലാണ് പോർച്ചുഗീസുകാർക്ക് ഒരു പള്ളി പണിയുവാൻ സാമൂതിരി സ്ഥലം കൊടുത്തത്. സ്ഥലം മാത്രമല്ല, ആളും അർഥവും കൊടുത്തു. പള്ളിയുണ്ടായാൽ മാത്രം പോരാ, അത് നിലനിൽക്കണമെന്നും ആത്മാർഥമായിത്തന്നെ സാമൂതിരി ആഗ്രഹിച്ചു. അതിനായി അദ്ദേഹം തന്റെ സൈന്യാധിപനായിരുന്ന ‘തലൈച്ചേന്നവരു’ടെ കൈവശത്തിലിരുന്ന സ്ഥലം പള്ളിക്ക് സ്വമനസ്സാലെ പതിച്ചുനൽകി.
കരാർ വ്യവസ്ഥകൾ ‘ചെമ്പോല’യിലാണ് എഴുതപ്പെട്ടത്. കരാർ പ്രകാരം വർഷത്തിൽ പ്രസ്തുത സ്ഥലത്തെ എല്ലാ ഓലക്കെട്ടിടങ്ങളിൽനിന്നും ഒരു സ്വർണഫണം വീതവും ഉറപ്പുള്ള കെട്ടിടങ്ങളിൽനിന്ന് രണ്ട് സ്വർണഫണം വീതവും വാടക പിരിച്ചെടുക്കുവാനുള്ള അവകാശം സാമൂതിരി വികാരിയച്ചന് കൊടുത്തു. കൃത്യമായും കണിശമായും വികാരിയച്ചൻ വാടക പിരിച്ചെടുക്കുകയും ചെയ്തുവന്നു. പിരിച്ചെടുക്കുന്ന വാടക വികാരിയച്ചന്റെയും കീഴ് ജീവനക്കാരുടെയും സംരക്ഷണത്തിനും വല്ലപ്പോഴും സംഭവിക്കാവുന്ന പള്ളിയുടെ അറ്റകുറ്റപ്പണികൾക്കുമായി മാത്രമേ ഉപയോഗിക്കാവൂ എന്ന് വളരെ സ്പഷ്ടമായി സാമൂതിരി കരാറിൽ വ്യവസ്ഥ ചെയ്തിരുന്നു.
കാര്യങ്ങൾ സുഗമമായി നടന്നുവരുമ്പോഴാണ് മൈസൂരിൽനിന്നും ഹൈദരാലിയുടെ പടനീക്കം ആരംഭിക്കുന്നത്. തോൽക്കാൻ മനസ്സില്ലാതിരുന്ന സാമൂതിരി തന്റെ വെടിമരുന്നുശാലയ്ക്ക് തീകൊളുത്തി ആത്മഹത്യ ചെയ്തു. കോഴിക്കോടിന്റെ ഭരണം കൈയാളിയ ഹൈദരാലിയുടെ മുന്നിൽ തെല്ലൊരമ്പരപ്പോടെയാണ് വികാരിയച്ചൻ തന്റെ ആവശ്യവുമായി എത്തിയത്. ‘സാമൂതിരി തനിക്കനുവദിച്ച ആനുകൂല്യങ്ങൾ തുടരാൻ അനുവദിക്കണം’. ഹൈദരാലി ഇത് സമ്മതിച്ചു. തുടർന്ന് ഹൈദരാലി പറഞ്ഞ കൽപ്പന കേട്ട് വികാരിയച്ചൻ സത്യത്തിൽ ഞെട്ടുക തന്നെ ചെയ്തു. ‘നിങ്ങൾക്ക് ദിവസം മൂന്നുരൂപ ശമ്പളം നൽകുവാൻ നാൻ കൽപ്പനയായിരിക്കുന്നു’. സന്തോഷത്തോടെയാണ് അച്ചൻ പള്ളിമേടയിലെത്തിയത്. ഒരു മുസൽമാൻ രാജാവ് ഒരു പള്ളിവികാരിയ്ക്ക് മാസ ശമ്പളം കൊടുക്കുക. മതമൈത്രിയുടെ ഉദാത്തമായ ഒരു ഉദാഹരണം എന്നല്ലാതെ മറ്റെന്തു പറയുവാൻ. നവാബ് ഹൈദരാലി ഇതിനായി ഒരു പ്രമാണവും തയാറാക്കിക്കൊടുത്തിരുന്നു. എന്നും ശുക്രദശ ആയിരിക്കില്ലല്ലോ. ‘ശനി’യുടെ അപഹാരം പള്ളിക്കും വികാരിയച്ചനും അനുഭവപ്പെടാൻ തുടങ്ങിയത് ഹൈദരാലിയുടെ മടക്കത്തോടെയാണ്. കോഴിക്കോടിന്റെ ഭരണം തന്റെ ഗവർണർമാരെ ഏൽപ്പിച്ച് അദ്ദേഹം മൈസൂർക്ക് മടങ്ങി. ഗവർണറായി വന്ന സേർദാൻ ഖാൻ വികാരിയുടെ ശമ്പളം നിർത്തലാക്കി. എന്നാൽ ശനിയുടെ കാഠിന്യം ഉച്ചസ്ഥായിയിലെത്തിയത് കോഴിക്കോട് ഹൈദരാലിയുടെ കലക്ടറായി ദുപ്പപ്പപട്ടർ അധികാരമേറ്റപ്പോഴാണ്. സാമൂതിരിയുടെ കരാർ പ്രകാരം വികാരിയച്ചൻ അന്നേവരെ വാങ്ങിച്ച എല്ലാ വാടകപ്പണവും തന്റെ മുന്നിൽ വെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിസ്സഹായനായി നിൽക്കാനേ അച്ചനു കഴിഞ്ഞുള്ളു. തുടർന്ന് പണം കൊടുക്കാത്തതിനാൽ ദുപ്പപ്പപട്ടർ അദ്ദേഹത്തെ ജയിലിലടച്ചു. കോഴിക്കോട്ടെ ക്രിസ്തീയ സമൂഹം ഇതിൽ വേദനിച്ചു. ദൈവമറിയാതെ ഒരു പക്ഷിക്കുഞ്ഞിന്റെ തൂവൽപോലും കൊഴിയുന്നില്ലെന്ന ബൈബിൾ വാക്യം അ ദ്ദേഹത്തെ ആശ്വസിപ്പിച്ചുകാണും.
നല്ല മനുഷ്യരെ ദൈവം കൈവെടിയില്ലല്ലോ. ഹൈദരാലിയുടെ കോഴിക്കോട്ടെ സൈന്യാധിപനായിരുന്ന അർഷത് ബാഗ് ഖാനും ഗവർണർ ദുപ്പപ്പയും തമ്മിൽ വലിയ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. ആരുമറിയാതെ ഒരു രാത്രിയിൽ അർഷത് ഖാൻ വികാരിയച്ചനെ ജയിലറയിൽനിന്നും തുറന്നുവിട്ടു. രായ്ക്കുരാമാനം തന്റെ വിശ്വാസികളുമായി തലശ്ശേരി ഇംഗ്ലീഷ് കോട്ടയിലേക്ക് അദ്ദേഹം ഓടി രക്ഷപ്പെട്ടു. വർഷങ്ങൾ കഴിഞ്ഞ് മലബാർ ഭരണം ഇംഗ്ലീഷുകാർ കൈയാളിയപ്പോൾ മാത്രമാണ് ക്രിസ്ത്യാനികൾ കോഴിക്കോട്ടെക്ക് മടങ്ങിവന്നത്.
ദേവാലയം നിൽക്കുന്ന സ്ഥലത്തിനെ ഇംഗ്ലീഷുകാർ ഹാർബർ ടൗൺ എന്നാണ് വിളിച്ചുവന്നിരുന്നത്. സാമൂതിരി പള്ളിക്കു കൊടുത്ത സ്ഥലത്തെ 500 ഓളം തെങ്ങുകൾ ഇംഗ്ലീഷുകാർ വെട്ടിമാറ്റിയിരുന്നു. അതിന് നഷ്ടപരിഹാരം കിട്ടുവാനും മാസംതോറും 50 രൂപ പ്രകാരം തനിക്ക് ചെലവിന് കിട്ടാനുമാണ് ഫാദർ ഗോൺസാലസ് കലക്ടർക്ക് കത്തെഴുതിയിരുന്നത്. 1793‐ൽ നവംബർ മുതൽക്കാണ് എഴുത്തുകുത്തുകൾ നടത്തിയിരുന്നതെങ്കിലും നഷ്ടപരിഹാരമായി 531 ക 8 അണയും അലവൻസായി 50 രൂപയും കലക്ടർ അനുവദിക്കുന്നത് 1837‐ൽ മാത്രമാണ്. ‘ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം’ എത്ര ശരി.
(ടി ബി സെലുരാജിന്റെ ‘കോഴിക്കോടിന്റെ പൈതൃകം’ പുസ്തകത്തിൽനിന്ന്)
നൂറ്റാണ്ടുകൾ താണ്ടിയ പോർച്ചുഗീസ് വാസ്തുഭംഗി

