ബാംഗ്ളൂർ – കണ്ണൂർ എക്സ്പ്രസ്‌ കോഴിക്കോട് വരെ നീട്ടി ഉത്തരവായി

എം കെ രാഘവൻ എംപിയുടെ ഇടപെടൽ

കോഴിക്കോട്‌:  ദീർഘകാല ആവശ്യമായ ബാംഗ്ലൂർ – കണ്ണൂർ എക്സ്പ്രസ്‌ (16511/12 )കോഴിക്കോട്‌ വരെ നീട്ടാനുള്ള എം കെ രാഘവൻ എംപിയുടെ ആവശ്യത്തിന്‌ റെയിൽവേ ബോർഡ്‌ അംഗീകാരം നൽകി. ഇതു സംബന്ധിച്ച അറിയിപ്പ്‌ റെയിൽവേ മന്ത്രാലയത്തിൽ നിന്ന്‌ ലഭിച്ചതായി എംപി വ്യക്തമാക്കി.

അധികം വൈകാതെ  സർവീസ്‌ ആരംഭിക്കാനാണ്‌  റെയിൽവേ ബോർഡ്‌ സൗത്ത്‌ വെസ്റ്റേൺ, സതേൺ റെയിൽവേകൾക്ക്‌ നിർദ്ദേശം നൽകിയിട്ടുള്ളത്‌.  ബാംഗ്ളൂർ റൂട്ടിൽ മലബാറിൽ നിന്നുള്ള ട്രെയിനുകളുടെ അപര്യാപ്തതയും യാത്രാക്ലേശവും ചൂണ്ടിക്കാട്ടി നാലു വർഷത്തിലേറേയായി എം കെ രാഘവൻ എംപി ഉന്നയിക്കുന്ന ആവശ്യമാണ് യാഥാർത്ഥ്യമാവുന്നത്.

രാത്രി 9.35 ന് കെഎസ്ആർ. ബാംഗ്ളൂരു സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് രാവിലെ 10.55 ന് കണ്ണൂരിൽ എത്തുകയും, 11 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.40 ന് കോഴിക്കോട് എത്തുന്ന രീതിയിലും തിരിച്ച് വൈകുന്നേരം 3.30 ന് കോഴിക്കോട്  നിന്ന് പുറപ്പെട്ട് 5 മണിക്ക് കണ്ണൂരിൽ എത്തി 5.05 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.35 ന് ബാംഗ്ലൂരിൽ എത്തുന്ന രീതിയിലുമാണ് സമയക്രമം.

വിഷയം നിരവധി തവണ പാർലമെന്റിലും സതേൺ റെയിൽവേ ജന. മാനേജരുമായുള്ള കൂടിക്കാഴ്ചകളിലും, എംപി മാരുമായി റെയിൽവേ വിളിച്ചു ചേർക്കുന്ന യോഗങ്ങളിലും  ഉന്നയിച്ചിരുന്നു. ഇതിന് പുറമേ, സൗത്ത് വെസ്റ്റേൺ റെയിൽവേ ജന. മാനേജരുമായി എം കെ രാഘവൻ എംപി 2021 ഒക്ടോബർ 26 ന് ഹൂബ്ലിയിലെ റെയിൽവേ ആസ്ഥാനത്ത്  കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സർവീസ് നീട്ടുന്നതിനായി സൗത്ത് വെസ്റ്റേൺ റെയിൽവേക്ക് എതിർപ്പില്ലെന്ന വിവരം എംപി യുടെ ആവശ്യം പരിഗണിച്ച് ജനറൽ മാനേജർ സതേൺ റെയിൽവേയെ അറിയിക്കുകയും ചെയ്തു. ഈ നിർണായക യോഗമാണ് സർവീസ് നീട്ടുന്നതിൽ വഴിത്തിരിവായത്.

2023 ഫെബ്രുവരിയിൽ സതേൺ റെയിൽവേ എംപിമാരുമായി നടത്തിയ യോഗത്തിൽ വിഷയം വീണ്ടും ഉന്നയിക്കുകയും സതേൺ റെയിൽവേ, എംപി യുടെ ആവശ്യം ടൈം ടേബിൾ കമ്മറ്റിയുടെ നിർദ്ദേശങ്ങളിൽ ഉൾപ്പെടുത്തി റെയിൽവേ ബോർഡ് അംഗീകാരത്തിനായി സമർപ്പിക്കുകയും ചെയ്തു. പിന്നീട് ടൈം ടേബിൾ കമ്മറ്റി സമർപ്പിച്ച ആവശ്യങ്ങൾക്ക് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയേയും ബോർഡ് ചെയർമാനെയും എംപി നേരിൽ കണ്ട് വിഷയം ഉന്നയിക്കുകയും ചെയ്തു. ഈ ആവശ്യമാണ് റെയിൽവേ അംഗീകരിച്ചതും സർവീസ് കോഴിക്കോട് വരെ നീട്ടാൻ തീരുമാനമായതും.

റെയിൽവേയുടെ  തീരുമാനം മലബാറിലെ യാത്രക്കാർക്ക് പ്രയോജനകരമാവുമെന്നും, കോഴിക്കോട് നിന്ന് കണ്ണൂർ, കാസർഗോഡ് ഭാഗത്തേക്കുള്ള, യാത്രക്കാർ ബോധം കെട്ടു വീഴുന്ന പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള സായാഹ്ന സർവീസുകളിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്കിന് ഒരു പരിധിവരെ ശമനമുണ്ടാവുമെന്നും എംപി  പ്രത്യാശിച്ചു. റെയിൽവേ തീരുമാനത്തിൽ, റെയിൽവേ മന്ത്രിയെ പ്രത്യേകം നന്ദി അറിയിക്കുന്നതായും എംപി അറിയിച്ചു.

ഇതോടൊപ്പം ബാംഗ്ലൂർ-കോയമ്പത്തൂർ, ഗോവ-മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ്, ബാംഗ്ലൂർ-കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ കോഴിക്കോട് വരെ നീട്ടാൻ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും ഈ സർവീസുകളും കോഴിക്കോട് വരെ നീട്ടാൻ തുടർ ഇടപെടലുകൾ ഉണ്ടാവുമെന്നും എംപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *