സൈബര്‍ പാര്‍ക്ക് റോഡ്: തര്‍ക്കത്തിന് പരിഹാരം

കോഴിക്കോട്: ദേശീയപാത ബൈപ്പാസില്‍ നിന്ന് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിലേക്ക് നിര്‍മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് ഏറെ നാളായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരം. പുതുതായി നിര്‍മിക്കുന്ന റോഡിനായി സംരക്ഷണ ഭിത്തി നിര്‍മിക്കുമ്പോള്‍ പ്രദേശത്തെ 13 കുടുംബങ്ങള്‍ക്ക് റോഡിലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനാണ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ പരിഹാരമായത്. അസിസ്റ്റന്റ് കലക്ടര്‍ വി ചെല്‍സാസിനി അധ്യക്ഷത വഹിച്ചു.

ഈ കുടുംബങ്ങള്‍ക്ക് റോഡിലേക്ക് പ്രവേശനം സാധ്യമാക്കാന്‍ പുതിയ സര്‍വീസ് റോഡ് നിര്‍മിച്ചു നല്‍കുന്നതിന് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് സമര്‍പ്പിച്ച 62.31 ലക്ഷം രൂപയുടെ പ്രൊപ്പോസലിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് അതുമായി ബന്ധപ്പെട്ട തുടര്‍ നപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പുതിയ സര്‍വീസ് റോഡ് നിര്‍മിക്കുന്നത് വരെ കുടുംബങ്ങള്‍ക്ക് റോഡിലേക്ക് നേരിട്ടുള്ള പ്രവേശനം സാധ്യമാകുന്ന രീതിയില്‍ ആ ഭാഗം മാത്രം ഒഴിവാക്കി ബാക്കി ഇടങ്ങളില്‍ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാനും യോഗത്തില്‍ ധാരണയായി.

ജില്ലാ വികസന കമ്മീഷണറുടെ ചേംബറിൽ നടന്ന യോഗത്തിൽ കൗണ്‍സിലര്‍ സുജാത കൂടത്തിങ്കല്‍, കെഎസ്‌ഐടിഐഎല്‍ ഡെപ്യൂട്ടി മാനേജര്‍ മനോജ് ചുമ്മാര്‍, സൈബര്‍ പാര്‍ക്ക് ജിഎം വിവേക് നായര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ ബി ഷിജിത്ത്, കെഎസ്‌ഐടിഐഎല്‍ പ്രോജക്ട് എഞ്ചിനീയര്‍ ശരത്ത് ചന്ദ്രന്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *