കോഴിക്കോട്: ജില്ലയ്ക്ക് വികസനക്കുതിപ്പേകുന്ന പദ്ധതികളുമായി ബജറ്റ് 2027.
നഗരത്തിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന ലൈറ്റ് മെട്രോ പദ്ധതിയും മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായരുടെ പേരിലുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കള്‍ച്ചറല്‍ പാര്‍ക്കും ഉള്‍പ്പെടെ കോഴിക്കോടിന്റെ മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി വി.ഡി. സതീശന് വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റിലുള്ളത്. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വിലങ്ങാടിന്റെ പുനര്‍നിര്‍മ്മിതിക്കായി പ്രത്യേക പാക്കേജും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ലൈറ്റ് മെട്രോ
കോഴിക്കോട് നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനവും സുഗമമായ പൊതുഗതാഗതവും ലക്ഷ്യം വെച്ച് കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി. നിലവില്‍ പദ്ധതിയുടെ സാധ്യതാപഠനത്തിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിനുപുറമേ, കോഴിക്കോട് നഗരത്തിലെ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരത്തിനൊപ്പം കോഴിക്കോടും യൂണിഫൈഡ് മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (യുടിഎംഎ) സ്ഥാപിക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. നഗരത്തിലെ വിവിധ പൊതുഗതാഗത സംവിധാനങ്ങളെ (ബസ്, നിര്‍ദ്ദിഷ്ട ലൈറ്റ് മെട്രോ, മറ്റ് സര്‍വീസുകള്‍) ഒരൊറ്റ കുടക്കീഴില് കൊണ്ടുവന്ന് ഏകോപിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.
50 കോടിയുടെ ‘എം.ടി. വാസുദേവന്‍ നായര്‍ കള്‍ച്ചറല്‍ പാര്‍ക്ക്’
കേരളത്തിന്റെ തനത് കലാ-സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി കോഴിക്കോട് നഗരത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും. സാഹിത്യകാരന് എം.ടി. വാസുദേവന്‍ നായരുടെ പേരിട്ടിരിക്കുന്ന വന്‍കിട പദ്ധതിക്കായി 50 കോടി രൂപയാണ് വകയിരുത്തിയത്. കോഴിക്കോടിന്റെ സാംസ്കാരിക ടൂറിസത്തിന് വലിയ സംഭാവനയാകുന്ന ഈ പാര്‍ക്കിന്റെ നടത്തിപ്പിനായി പ്രത്യേക ‘കള്‍ച്ചറല്‍-ടൂറിസം ട്രസ്റ്റ്’ രൂപീകരിക്കും.
കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, ഗോത്രകലകള്‍ എന്നിവ അവതരിപ്പിക്കാനുള്ള വേദികള്‍, പുതിയ തലമുറയിലെ (ജെന്‍സി) കുട്ടികള്‍ക്കായി ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി പ്രദര്‍ശന സൗകര്യങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ലൈബ്രറി, ആര്‍ട്ട് ഗാലറി, ചരിത്ര-സാഹിത്യ മ്യൂസിയങ്ങള്‍, പ്രശസ്ത എഴുത്തുകാരുടെയും പ്രതിഭകളുടെയും ശബ്ദ മ്യൂസിയം, കുടുംബമായി സമയം ചെലവഴിക്കാനുള്ള ഇടങ്ങള്‍, ഫുഡ് കോര്‍ട്ടുകള്‍, ബുക്ക് ഷോപ്പുകള്‍, ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകള്‍ എന്നിവ ഉള്‍പ്പെടുന്ന പാര്‍ക്കാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്.
വിലങ്ങാട് പാക്കേജ്
2024-ലെ ഉരുള്‍പൊട്ടലില്‍ കടുത്ത നാശനഷ്ടമുണ്ടായ നാദാപുരം മണ്ഡലത്തിലെ വിലങ്ങാട് വില്ലേജിന്റെ സുസ്ഥിരമായ പുനര്‍നിര്‍മ്മിതിക്കായി ‘വിലങ്ങാട് പാക്കേജ്’ പ്രഖ്യാപിച്ചു. ദുരിതബാധിതരുടെ പുനരധിവാസം, അടിസ്ഥാന സൗകര്യ വികസനം, കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനം എന്നിവ ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി അഞ്ചു കോടി രൂപ അനുവദിച്ചു. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള ഒരു മാതൃകാ ഗ്രാമമായി വിലങ്ങാടിനെ മാറ്റുകയാണ് ലക്ഷ്യം.
ഐടി മേഖലയ്ക്ക് ഉണര്‍വ്
കോഴിക്കോട് സൈബര്‍ പാര്‍ക്കിനെ കൊച്ചി ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരം ടെക്നോപാര്‍ക്ക് എന്നിവയുടെ നിലവാരത്തിലേക്ക് ഉയര്‍ത്താനാവശ്യമായ വികസന നടപടികള്‍ സ്വീകരിക്കും. ഇതോടെ മലബാറിലെ ഐടി മേഖലയ്ക്ക് കൂടുതല്‍ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ലഭ്യമാകും.
അന്താരാഷ്ട്ര മാരിടൈം മ്യൂസിയം
ബേപ്പൂര്‍ ഉരു നിര്‍മ്മാണ പാരമ്പര്യവും വിഴിഞ്ഞം തുറമുഖം വരെയുള്ള കേരളത്തിന്റെ സമ്പന്നമായ സമുദ്രയാത്രാ ചരിത്രവും കോര്‍ത്തിണക്കി 50 കോടി രൂപ ചെലവില്‍ അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കും.
കോഴിക്കോടിന് ലൈറ്റ് മെട്രോയും എം.ടി. പാര്‍ക്കും

