ദേശീയപാത ഉദ്ഘാടനം; ക്ഷണിക്കാതിരുന്നത് കേരളത്തെ അപമാനിക്കൽ – മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: പ്രധാനമന്ത്രി ദേശീയപാത ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും  മന്ത്രിയെയും ക്ഷണിക്കാതിരുന്നത് കേരളത്തെ അപമാനിക്കലാണെന്ന് മന്ത്രി പി മുഹമ്മദ് റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ഇത് ശരിയായ നിലപാടല്ല. ഈ സർക്കാരിനെ ജനങ്ങൾ തെരഞ്ഞെടുത്തതാണ്. മന്ത്രി ആര് എന്നുള്ളതല്ല വിഷയം. ഇത്തരം പരിപാടിയിൽ ബന്ധപ്പെട്ടവർ പങ്കെടുക്കുക എന്നത് കേരളത്തിൻ്റെ അവകാശമാണ്. ദേശീയപാത ഉദ്ഘാടനം പട്ടികയെടുത്ത് പരിശോധിച്ചാൽ എല്ലാകാലത്തും പൊതുമരാമത്ത് വകുപ്പ് മന്ത്രി പങ്കെടുക്കാറുണ്ട്. അത് സ്വാഭാവികമാണ്.

ബിജെപിയുടെ പ്രസിഡൻ്റിനെ പരിപാടിയിൽ ക്ഷണിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കിൽ കെപിസിസി പ്രസിഡൻ്റിനെയും സിപിഐഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാരെയും മറ്റു രാഷ്ട്രീയപാർട്ടി നേതാക്കളെയും ക്ഷണിക്കേണ്ടതല്ലേ. അതുകൊണ്ട് ഈ രീതി ജനാധിപത്യത്തിന് ഗുണകരമാണോ എന്ന് ചിന്തിക്കണം.

ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതിലൂടെ ദേശീയപാത 66 യാഥാർത്ഥ്യമാക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് ഒരു പങ്കുമില്ല എന്ന സ്ഥാപിക്കാനാണ് ശ്രമമെങ്കിൽ അത് കേരളത്തിലെ ജനങ്ങൾ വളരെ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട്.  കേരളത്തിലെ ജനങ്ങളുടെ മനസ്സിൽ പോസ്റ്റർ പതിഞ്ഞതുപോലെ പതിഞ്ഞ കാര്യമാണ് അത്.

ജനാധിപത്യത്തിൽ നമ്മൾ എല്ലാവരെയും ഉൾക്കൊള്ളണം. ഉദാഹരണത്തിന് ചൂരൽ ലയിൽ വീടുകൾ കൈമാറുന്ന ചടങ്ങിൽ ഉദ്ഘാടകനായ മുഖ്യമന്ത്രിയെ കൂടാതെ ചുമതലയുള്ള മൂന്നു മന്ത്രിമാർ ഉണ്ടായിരുന്നു. എന്നാൽ ചടങ്ങിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിയും സ്ഥലം എംഎൽഎയും സംസാരിക്കണമെന്നാണ് സർക്കാർ തീരുമാനിച്ചത്. സ്ഥലം എംഎൽഎക്ക് ബഹുമാനം കൊടുക്കുക എന്നാണ് ഞങ്ങൾ എടുത്ത സമീപനം. ഇത്തരം കാര്യങ്ങളിൽ ഇതുപോലുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്. അതിനുപകരം പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ വെട്ടി ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ പേര് ചേർക്കുക എന്നൊക്കെ പറഞ്ഞാൽ ഗുണകരമല്ല. മുമ്പ് വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലും ഇതുതന്നെയായിരുന്നു സ്ഥിതി. സംസ്ഥാന മന്ത്രിമാരെല്ലാം സദസ്സിലിരിക്കുമ്പോൾ ബിജെപി ദേശീയ പ്രസിഡൻ്റിന് എന്താണ് ചടങ്ങിൽ റോൾ എന്ന് അന്ന് തന്നെ ഞങ്ങൾ ചോദ്യം ഉന്നയിച്ചിട്ടുണ്ട്

ഒരു സംസ്ഥാന സർക്കാർ  ആദ്യമായാണ് ദേശീയപാത വികസനത്തിന് പണം മുടക്കുന്നത്. 5600 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. ഈ തുക കേന്ദ്രസർക്കാർ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയപ്പോൾ ഏകദേശം 12000 കോടിയോളം രൂപയായി അത് കണക്കാക്കാം. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഉൾപ്പെടെ പലതവണ ഇടപെട്ടാണ് ഇത് യാഥാർത്ഥ്യമാക്കിയത്. സംസ്ഥാന സർക്കാരിന്റെ ഇടപെടുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ദേശീയപാത അതോറിറ്റി റീജണൽ ഓഫീസറും പലതവണ അഭിനന്ദിച്ചിട്ടുണ്ട്. ഈ ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിലേക്ക് സംസ്ഥാന മന്ത്രിയെ ക്ഷണിക്കാതിരുന്നത് ന്യായമാണോ എന്ന് ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *