ജില്ലയിലെ വിവിധ റോഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ജില്ലയിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ  ഓൺലൈനായി നിർവഹിച്ചു.
ബാലുശ്ശേരി മണ്ഡലത്തിലെ ബാലുശ്ശേരി–കുറുമ്പൊയിൽ–വയലട–തലയാട് റോഡ്‌, കുന്ദമംഗലം മണ്ഡലത്തിലെ പന്തീരാങ്കാവ്-മണക്കടവ് റോഡ്, പൂവാട്ടുപറമ്പ്-കോട്ടായിത്താഴം റോഡ്, മെഡിക്കല്‍ കോളജ് -കുറ്റിക്കാട്ടൂര്‍ റോഡ്, കൊടുവള്ളി മണ്ഡലത്തിലെ കാപ്പാട്–തുഷാരഗിരി–അടിവാരം റോഡ്‌ തുടങ്ങിയവയാണ് നാടിന് സമർപ്പിച്ചത്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.   

8.8 കോടി ചെലവിലാണ് ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ബാലുശ്ശേരി-കുറുമ്പൊയിൽ -വയലട -തലയാട് റോഡ് നവീകരിച്ചത്. 5.3 കിലോമീറ്റർ ദൂരത്തിൽ അഞ്ച് മീറ്റർ വീതിയിലാണ് നവീകരണം പൂർത്തിയാക്കിയത്. ബി എം ആൻഡ് ബി സി നിലവാരത്തിൽ ഒൻപത് കലുങ്കുകൾ, 1570 മീറ്റർ ദൂരം ഓവുചാൽ, ഐറിഷ് കോൺക്രീറ്റ് എന്നിവയോടെയാണ്‌ പ്രവൃത്തി പൂർത്തിയാക്കിയത്. സുരക്ഷ സംവിധാനങ്ങളായ റോഡ്‌ മാർക്കിങ്, സുരക്ഷ ബോർഡ്‌, റോഡ്‌ സ്റ്റഡ്, ക്രാഷ് ബാരിയറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
കുറുമ്പൊയിൽ അങ്ങാടിയിൽ നടന്ന ചടങ്ങിൽ അഡ്വ. കെ എം സച്ചിൻദേവ് എം.എൽ.എ ഫലകം അനാച്ഛാദനം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയിൽ കുറുമ്പൊയിൽ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കെ കെ ബാബു, പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ എം ബിന്ദു, വി വി നൗഫൽ, പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഐ കെ മിഥുൻ, അസി. എഞ്ചിനീയർ ഷനേജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

കുന്ദമംഗലം മണ്ഡലത്തിലെ പ്രവൃത്തി പൂര്‍ത്തീകരിച്ച മൂന്ന് റോഡുകളാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. 1.75 കോടി രൂപ ചെലവില്‍ നവീകരിച്ച പന്തീരാങ്കാവ്-മണക്കടവ് റോഡ്, പൂവാട്ടുപറമ്പ്-കോട്ടായിത്താഴം റോഡ് (3 കോടി) മെഡിക്കല്‍ കോളജ് -കുറ്റിക്കാട്ടൂര്‍ റോഡ് (4 കോടി) എന്നിവയുടെ ഉദ്ഘാടനങ്ങളാണ് നിര്‍വ്വഹിച്ചത്.
പൂവാട്ടുപറമ്പ് അങ്ങാടിയില്‍ നടന്ന ചടങ്ങിൽ പി.ടി.എ റഹീം എം.എല്‍.എ ഫലകം അനാച്ഛാദനം ചെയ്തു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.വി ജാഫര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജന്‍, ബ്ലോക്ക് മെമ്പർ കെ.എം സിന്ധു, പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെമ്പർ പി.ജി അനൂപ്, പെരുമണ്ണ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഷാജി പുത്തലത്ത്, ഷാജി പനങ്ങാവിൽ, പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.കെ ഹാഷിം, അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.കെ രഞ്ജി, അസി. എഞ്ചിനീയർ ഷിജിത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

കാപ്പാട്–തുഷാരഗിരി–അടിവാരം റോഡിന്റെ ഓമശ്ശേരി -കോടഞ്ചേരി ടൗണുകൾക്കിടയിലുള്ള അമ്പലത്തിങ്ങൽ, വേനപ്പാറ, പെരിവില്ലി, കാപ്പാട്ടുമ്മല എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള 3.5 കി.മീ ദൂരമാണ്  ഉദ്ഘാടനം ചെയ്തത്. ശിലാഫലകം എം കെ മുനീർ എം എൽ എ അനാച്ഛാദനം ചെയ്തു. സംസ്ഥാന ബജറ്റിൽ അനുവദിച്ച 6.56 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി താഴ്ന്ന ഭാഗങ്ങളിൽ റോഡ് ഉയർത്തി സംരക്ഷണ ഭിത്തികൾ നിർമിക്കുകയും പത്ത് കലുങ്കുകളും ഡ്രെയിനേജ് സംവിധാനങ്ങളും ഒരുക്കുകയും ചെയ്തിട്ടുണ്ട്. ശരാശരി 5.50 മീറ്റർ വീതിയിൽ ബി എം ആൻഡ് ബി സി നിലവാരത്തിൽ നിർമിച്ച റോഡിൽ സുരക്ഷക്കായി റോഡ് മാർക്കിങ്ങുകൾ, സൈൻ ബോർഡുകൾ, റോഡ് സ്റ്റഡുകൾ, ക്രാഷ് ബാരിയറുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അംബിക മംഗലത്ത്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സൗദ ടീച്ചർ, വൈസ് പ്രസിഡന്റ്‌ പി കെ ഗംഗാധരൻ, ഗ്രാമപഞ്ചായത് സ്‌ഥിരം സമിതി അധ്യക്ഷ ഷാഹിന റഹ്മത്ത്, കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ എം എം രാധാമണി ടീച്ചർ, പി വി സാദിഖ്, പി ഡബ്ല്യൂ ഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി പി അബ്ദുൽ സത്താർ,അസി. എഞ്ചിനീയർ അഖിൽ ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *