13‐ാം ശതകംവരെ കോഴിക്കോട് ഒരു മികച്ച തുറമുഖവും സുശക്തമായ ഒരു രാജ്യത്തിന്റെ ആസ്ഥാനവുമായിരുന്നില്ല. കുലശേഖര സാമ്രാജ്യത്തിന്റെ നാശത്തിനു തൊട്ടിപ്പുറമുള്ള കാലഘട്ടത്തിൽ കോഴിക്കോടും സമീപപ്രദേശങ്ങളും പോർളാതിരിയുടെ ഭരണത്തിലിരുന്ന പോളനാട്ടിന്റെ ഭാഗമായിരുന്നു. കടലിനു വളരെ ദൂരെയായി കരയുടെ തടങ്കലിൽ കഴിയുകയായിരുന്ന ഏറനാട്ടെ നെടിയിരിപ്പിലെ ഏറാടികൾ കടലിലേക്ക് ഒരു പ്രവേശനമാർഗം കണ്ടുപിടിക്കാനും അങ്ങനെ സമുദ്ര വാണിജ്യത്തിൽ നേരിട്ടു പങ്കെടുക്കാനും ചില പദ്ധതികൾ ആസൂത്രണം ചെയ്‌തു. ഏറാടികൾ തങ്ങളുടെ നായന്മാരുമായി പന്നിയങ്കരയ്‌ക്കു മുന്നേറി പോർളാതിരിയുടെ ആസ്ഥാനം പലപ്പോഴായി വളഞ്ഞു. ഈ യുദ്ധം ഏതാണ്ട് അര നൂറ്റാണ്ടോളം നീണ്ടുനിന്നു. ഏറാടികളെ കോട്ടയം നാടുവാഴിയും പോർളാതിരിയെ കോലത്തിരിയും സഹായിച്ചു. യുദ്ധം കലാശിച്ചത് ഏറാടികളുടെ വിജയത്തിലായിരുന്നു. പോർളാതിരി രാഷ്ട്രീയാഭയം തേടി കോലത്തുനാട്ടിലേക്ക് ഓടിപ്പോയി.
യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ പോർളാതിരിയുടെ മന്ത്രി ഏറാടികളുടെ പക്ഷം ചേരുകയും അതിനു പാരിതോഷികമായി അവർ അയാൾക്ക് ‘ഏറാട്ടുമേനോൻ’ എന്ന സ്ഥാനവും വടക്കുംപുറം നായന്മാരുടെ നായകത്വവും അനുവദിച്ചുകൊടുക്കുകയും ചെയ്‌തു. പോളനാട് പിടിച്ചടക്കിയതോടെ ഏറാടികൾ അവരുടെ ആസ്ഥാനം നെടിയിരിപ്പിൽനിന്നും കോഴിക്കോട്ടേക്കു മാറ്റി. അവർ പുതുതായി നേടിയ പ്രദേശങ്ങളുടെ സുരക്ഷിതത്വം കരുതി വേളാപുരം എന്ന സ്ഥലത്ത് കോട്ടയും ഒരു കൊട്ടാരവും നിർമിച്ചു. ഈ കോയിലിൽനിന്നും കോട്ടയിൽനിന്നുമായിരിക്കാം കോഴിക്കോട് (കോയിൽക്കോട്ട) എന്ന സ്ഥലനാമത്തിന്റെ ഉൽപ്പത്തി.
ഏറാടികൾക്ക് നെടിയിരിപ്പുമായി നേരത്തെ ഉണ്ടായിരുന്ന ബന്ധത്തെ ആസ്‌പദമാക്കി കോഴിക്കോട്ടുരാജവംശത്തെ നെടിയിരിപ്പു സ്വരൂപമെന്നും വിളിച്ചുപോന്നു. സാമൂതിരി എന്ന പേരിലാണ് കോഴിക്കോട്ടുരാജാക്കന്മാർ പൊതുവേ അറിയപ്പെടുന്നത്. സാമൂതിരിയെക്കുറിച്ച് ആദ്യമായി പരാമർശിക്കുന്നത് ഇബ്‌ൻ ബത്തൂത്തയുടെ (1342‐ 1347) വിവരണങ്ങളിലാണ്. 13‐ാം ശതകത്തിന്റെ ഒടുവിൽ കേരളം സന്ദർശിച്ച മാർക്കോപോളോ ഏലിരാജ്യത്തെക്കുറിച്ച് പറയുകയും കോഴിക്കോടിനെക്കുറിച്ച് പറയാതിരിക്കുകയും ചെയ്യുന്നത്, കോഴിക്കോട് കേരളക്കരയിലെ ഒരു രാഷ്ട്രീയശക്തിയായിത്തീർന്ന കാലം നിർണയിക്കാൻ സഹായകമായ ഒരു സൂചനയാണ്. സാമൂതിരിമാരുടെ നേതൃത്വത്തിൽ കോഴിക്കോട് കേരളത്തിലെ രാഷ്‌ട്രീയകാര്യങ്ങളിൽ പരിഗണനീയമായ ഒരു ശക്തിയായുയരുന്നത് 14‐ാംശതകത്തിന്റെ ആരംഭത്തിലാണെന്നു തോന്നുന്നു. സാമൂതിരിമാരുടെ അധികാരവും പ്രതാപവും അനുക്രമം വികസിക്കുകയും അവർ ‘മലയ്‌ക്കും കടലിനും ഇടയ്‌ക്കുള്ള രാജ്യത്തിന്റെ അധിനായകൻ’ എന്നർഥമുള്ള ‘കുന്നലക്കോeനാതിരി’, ‘ശൈലാബ്‌ധീശ്വരൻ’ എന്നീ ബിരുദങ്ങൾ സ്വീകരിക്കുകയും ചെയ്‌തു. തുറമുഖനഗരമായ കോഴിക്കോടിന്റെ അധിപനാകയാൽ ‘പൂന്തുറക്കോൻ’ എന്നും സാമൂതിരിയെ വിളിച്ചുപോന്നു. ‘ഏർളാതിരി’യെന്നും ‘നെടിയിരിപ്പുമൂപ്പൻ’ എന്നുംകൂടി സാമൂതിരിക്ക് പേരുകളുണ്ട്.
സാമൂതിരിയുടെ ഉയർച്ചയും കോഴിക്കോടിന്റെ വളർച്ചയും പരസ്‌പരം സ്വാധീനം ചെലുത്തിയ ഘടകങ്ങളായിരുന്നു. സാമൂതിരിമാരുടെ ഭരണത്തിൽ കോഴിക്കോട് പെട്ടെന്ന് കേരളതീരത്തിലെ ഒരു മികച്ച തുറമുഖമായി വളർന്നു. കേരളത്തിന്റെ കയറ്റുമതിച്ചരക്കുകളായ കുരുമുളകും ഏലവും തുണിത്തരങ്ങളും ഇവിടെനിന്ന് ധാരാളമായി വിദേശങ്ങളിലേക്കയച്ചു. സാമൂതിരി കോഴിക്കോട് തുറമുഖത്തെ ഒരു സ്വതന്ത്ര തുറമുഖമായി പ്രഖ്യാപിക്കയാൽ, കോഴിക്കോടുമായി വാണിജ്യബന്ധമില്ലാത്ത വിദേശക്കപ്പലുകളും അവിടെ നിർബാധം അടുത്ത് വെള്ളവും ഭക്ഷണപദാർഥങ്ങളും മറ്റും സംഭരിക്കാനുള്ള സൗകര്യം പ്രയോജനപ്പെടുത്തിപ്പോന്നു. ഇതിന്റെ ഫലമായി സാമൂതിരി വിശാല മനസ്‌കനും നീതിമാനുമാണെന്ന കീർത്തി ദേശാന്തരങ്ങളിൽപ്പോലും പരക്കുകയും അസംഖ്യം വിദേശവ്യാപാരികൾ കോഴിക്കോട്ടെത്തുകയും ചെയ്‌തു. കോഴിക്കോടുമായി വാണിജ്യം നടത്തിയ വിദേശീയരിൽ അറബികളും ചീനക്കാരുമാണ് മുന്നിട്ടുനിന്നത്. ചീനക്കാർ ചെറിയ വാസസങ്കേതം തന്നെ കോഴിക്കോടുനഗരത്തിൽ സ്ഥാപിച്ചു. ചീനക്കോട്ടയെന്നാണ് അത് അറിയപ്പെട്ടിരുന്നത്. അറബികളും ചീനക്കാരും തമ്മിലുണ്ടായിരുന്ന വാണിജ്യമത്സരത്തിൽ ആദ്യത്തെ കൂട്ടരോടായിരുന്നു സാമൂതിരിക്ക് അനുഭാവം. അദ്ദേഹം അവർക്ക് വിശേഷാനുകൂല്യങ്ങൾ നൽകി. തത്‌ഫലമായി കോഴിക്കോട്ടെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും കുത്തക അറബികൾക്കായിത്തീർന്നു. കോഴിക്കോട്ട് നിരന്തരം നടന്ന വാണിജ്യമായിരുന്നു സാമൂതിരിയുടെ ഭണ്ഡാരം നിറച്ചതും അയൽരാജ്യങ്ങളാക്രമിച്ച് രാജ്യം വികസിപ്പിക്കാനുള്ള രാഷ്‌ട്രീയാഭിലാഷം അദ്ദേഹത്തിൽ ആളിപ്പടർത്തിയതും. അറബികൾ സ്വന്തം താൽപ്പര്യം പരിഗണിച്ച് കപ്പലുകൾക്കുപുറമേ കുതിരകളെയും പടയാളികളെയും നൽകി യുദ്ധങ്ങളിൽ സാമൂതിരിയെ സഹായിച്ചു.
(എ ശ്രീധരമേനോന്റെ ‘കേരള ചരിത്രം’ പുസ്‌തകത്തിൽനിന്ന്)
കോഴിക്കോടിന്റെ ഉദ്‌ഭവം

