ഊരാളുങ്കൽ സൊസൈറ്റിയിൽ തൊഴിലവസരം

കോഴിക്കോട്: നിർമ്മാണമേഖലയിൽ യുവതീയുവാക്കൾക്ക് തൊഴിൽ നല്കുന്ന പദ്ധതിയുമായി ഊരാളുങ്കൽ സൊസൈറ്റി. കെട്ടിടം, റോഡ്, പാലം നിർമ്മാണങ്ങളുടെ വിവിധ തൊഴിൽമേഖലകളിലാണ് നിയമനം. തെരഞ്ഞെടുക്കുന്നവർക്ക് സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ സാങ്കേതികവിദ്യാ പരിശീലനം നല്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഊരാളുങ്കൽ സൊസൈറ്റിതന്നെ ജോലി ഉറപ്പുനല്കുന്നു.

പത്താംതരമോ പ്ലസ് ടുവോ ജയിച്ചവർക്ക് അപേക്ഷിക്കാം. നിർമ്മാണപ്രവൃത്തിയിൽ പരിചയമുള്ളവർക്കു മുൻഗണന. ശാരീരികക്ഷമതയും മാനദണ്ഡമാണ്. പ്രായം 18 – 25 വയസ്. എല്ലാ ജില്ലയിലുള്ളവർക്കും അപേക്ഷിക്കാം. മെയ് 24-നകം https://forms.gle/bMto9aiAtmWLno5d9 എന്ന ലിങ്കുവഴി അപേക്ഷിക്കണം. വിവരങ്ങൾക്ക് 9072556742 എന്ന നമ്പറിൽ വിളിക്കാം. ulccsltd.com ആണ് വെബ്സൈറ്റ്.

തെരഞ്ഞെടുക്കുന്നവർക്ക് തൊഴിൽവകുപ്പിന്റെ ഉടമസ്ഥതയിൽ സൊസൈറ്റിയുടെ ചുമതലയിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇപൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനി(IIIC)ലാണ് പരിശീലനം. കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസി(KASE)ന്റെയും രാജ്യത്തെ മറ്റു പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെയാണ് പരിശീലനം.

ബിൽഡിങ്, റോഡ് ടെക്നോളജികളിൽ തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്ന ആറുമാസത്തെ നൈപുണ്യപരിശീലനം ഐഐഐസിയിലെ ക്ലാസുമുറികളിലും അത്യാധുനിക ലാബിലും ഊരാളുങ്കൽ സൊസൈറ്റിയുടെ വർക് സൈറ്റുകളിലുമായാണ് നടക്കുക. ബാക്കി ആറുമാസം പൂർണമായും വർക് സൈറ്റുകളിലെ അപ്രന്റീസ്ഷിപ്പാണ്. പരിശീലനത്തിനിടയിലും അവസാനവും പ്രായോഗികപരിജ്ഞാനം പരിശോധിക്കാൻ ടെസ്റ്റുകൾ ഉണ്ടാകും.

ഊരാളുങ്കൽ സൊസൈറ്റിയിലെ പരിചയസമ്പന്നരായ എൻജിനീയർമാരും ലീഡർമാരും ഐഐഐസിയിലെ നിർമ്മാണവ്യവസായവിദഗ്ദ്ധരുമാണ് പരിശീലനം നല്കുന്നത്. ബാർ ബെൻഡിങ്, സ്റ്റേജിങ്, സ്കഫോൾഡിങ്, ഷട്ടറിങ്, കോൺക്രീറ്റ്, റോഡ് ജോലികൾ തുടങ്ങി നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രക്രിയകളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *