കോൽക്കാരുടെ ചരിത്രം

കോൽക്കാരൻ എന്ന വാക്ക്‌ പലപ്പോഴും തമാശ മട്ടിലാണ്‌ മലബാറുകാർ ഉപയോഗിച്ചുകാണുന്നത്‌. സന്തതസഹചാരി എന്ന അർഥത്തിലാണ്‌ പലപ്പോഴും സഹൃദയർ ഈ വാക്ക്‌ ഉപയോഗിച്ചുവരുന്നത്‌. സത്യത്തിൽ എന്താണീ കോൽക്കാരന്റെ പ്രവൃത്തി എന്നുചോദിച്ചാൽ ചരിത്രകാരനും തോറ്റുപോകും. കാരണം, ഒരുവിധമെല്ലാ വേഷങ്ങളും അണിയാൻ വിധിക്കപ്പെട്ട ഒരു നടനായിരുന്നു ഈ പാവം കോൽക്കാരൻ. വില്ലേജ്‌ പ്യൂണായിട്ടും പൊലീസായിട്ടും തപാൽ വിതരണക്കാരനായിട്ടും പട്ടാളക്കാരനായിട്ടും ഈ സാധു വേഷം കെട്ടിയിട്ടുണ്ട്‌. ഈ ലേഖനത്തിൽ അന്വേഷിക്കുന്നത്‌ ഈ കോൽക്കാരന്റെ ചരിത്രമാണ്‌.

കോൽക്കാരൻ മലബാറിൽ പൊലീസുകാരനായിട്ടായിരുന്നു പൊതുവേ അറിയപ്പെട്ടിരുന്നത്‌. യഥാർഥത്തിൽ കോൽക്കാരൻ പൊലീസല്ല. മറിച്ച്‌ വില്ലേജ്‌ ശിപായി അഥവാ താലൂക്ക്‌ ശിപായി എന്ന തസ്‌തികയിൽപ്പെടുന്നു. നികുതി പിരിക്കുന്നതിനും മജിസ്‌റ്റീരിയൽ ഡ്യൂട്ടി ചെയ്യുന്നതിനും അധികാരിയെ സഹായിക്കുക എന്നതായിരുന്നു കോൽക്കാരന്റെ പ്രഥമ കർത്തവ്യം. അധികാരിയുടെ കേഡി ലിസ്‌റ്റിലുള്ള കുറ്റവാളികളുടെ നീക്കങ്ങൾ ശ്രദ്ധിക്കുക, കുറ്റകൃത്യങ്ങൾ നടക്കാതിരിക്കുവാനുള്ള നടപടികൾ കൈക്കൊള്ളുക, അധികാരിയുടെ റിപ്പോർട്ടുകൾ അടുത്ത പൊലീസ്‌ സ്‌റ്റേഷനിൽ എത്തിക്കുക എന്നിവയൊക്കെയായിരുന്നു കോൽക്കാരുടെ ഉത്തരവാദിത്വങ്ങൾ.

മലബാറിലെ കോൽക്കാർ ചിലപ്പോൾ തപാൽ ജോലിയും ചെയ്‌തുവന്നിരുന്നു. അതുകൊണ്ടാണ്‌ മേജർ ഹാലി ‘കോൽക്കാരെക്കൊണ്ട്‌ എല്ലാ പണികളും ചെയ്യിക്കുന്നത്‌ നിർത്തണം, പ്രത്യേകിച്ചും പൊലീസിലെ കോൽക്കാരെ മറ്റു പണികൾ ചെയ്യിക്കരുത്‌’ എന്ന്‌ നിർദേശിച്ചത്‌. മലബാറിലെ ‘അംശ’ങ്ങൾ പൊതുവെ വലുതായിരുന്നതിനാലും പൊലീസ്‌ സ്‌റ്റേഷനുകൾ തമ്മിൽ നല്ല അകലം ഉണ്ടായിരുന്നതിനാലും ഇവർക്ക്‌ ജോലിഭാരം കൂടുതലായിരുന്നു. പലപ്പോഴും ഇവർക്ക്‌ വേതനം കൊടുത്തിരുന്നത്‌ റവന്യൂ ഡിപ്പാർട്ട്‌മെന്റും പൊലീസ്‌ ഡിപ്പാർട്ട്‌മെന്റും ചേർന്നിട്ടാണ്‌ എന്നതാണ്‌ രസകരമായ വസ്‌തുത. 1802‐ൽ വാട്‌സൺ എന്ന യൂറോപ്യന്റെ കീഴിൽ എണ്ണൂറോളം കോൽക്കാർ വാട്‌സൺ സേന എന്ന പേരിൽ പ്രസിദ്ധരായിരുന്നു. കോൽക്കാരിൽനിന്നു തന്നെയാണ്‌ ജയിലിൽ സെക്യൂരിറ്റിക്കാരെ നിയമിച്ചിരുന്നത്‌.  തഹസിൽദാർക്കുണ്ടായിരുന്ന പൊലീസ്‌ സേനയും ഈ കോൽക്കാർ തന്നെ. മേജർ ആക്‌ ലോയിഡ്‌ ആണ്‌ കോൽക്കാർക്ക്‌ ശമ്പളത്തിനുപുറമെ ഒരു സേർ അരി കൊടുക്കണമെന്ന നിയമം കൊണ്ടുവന്നത്‌. ഇതിനുകാരണം, അന്നത്തെ അരിക്ഷാമമായിരുന്നു. കുറുമ്പ്രനാട്ടിലെ കോൽക്കാർക്ക്‌ മാസം കിട്ടുന്ന 15 രൂപ ശമ്പളത്തിൽ 13 രൂപയും അരി വാങ്ങിക്കാനാണ്‌ ചെലവാകുന്നതെന്നും ബാക്കിയുള്ള രണ്ടുരൂപ കൊണ്ട്‌ അവർക്ക്‌ ജീവിക്കാനാകില്ലെന്നും അദ്ദേഹം കണ്ടെത്തി. കമാൻഡിങ് ഓഫീസറോട്‌ അദ്ദേഹത്തിന്റെ കീഴിലുള്ള കോൽക്കാർക്ക്‌ കൊടുക്കാനുള്ള അരി പാർവത്യക്കാരോട്‌ മുൻകൂട്ടി വാങ്ങണമെന്നും അദ്ദേഹം നിഷ്‌കർഷിച്ചിരുന്നു. വയനാട്ടിലെ കോൽക്കാരെക്കുറിച്ച്‌ ഇനി പറയുന്ന പരാമർശം രേഖകളിൽ കാണാം: ‘ഇവർ വളരെയേറെ ആത്മാർഥതയുള്ളവരാണ്‌. ഇവിടെയുള്ള തണുപ്പിൽ അവർക്ക്‌ പിടിച്ചുനിൽക്കാൻ കഴിയണമെങ്കിൽ കാലിൽ കെട്ടാൻ തുണികൊടുക്കണം’.

പടയാളികളായും കോൽക്കാരെ നമുക്ക്‌ കാണാം. പഴശ്ശിരാജാവിന്‌ എതിരെയുള്ള ബ്രിട്ടീഷ്‌ പടനീക്കത്തിൽ കോൽക്കാരുടെ പങ്ക്‌ സ്‌തുത്യർഹമായിരുന്നുവെന്ന്‌ ടി എച്ച്‌ ബാബർ സാക്ഷ്യപ്പെടുത്തുന്നു. ഏറനാട്ടിലെ അസ്വസ്ഥതകൾ നേരിടുന്നതിനും കോൽക്കാരെന്ന ഈ പൊലീസ്‌ സേന പ്രശംസനീയമായ സേവനമാണ്‌ കാഴ്‌ചവെച്ചത്‌. ഇങ്ങനെയൊക്കെ ആയിരുന്നുവെങ്കിലും കാര്യമായ പരിശീലനമൊന്നും ഇവർക്ക്‌ ലഭ്യമായിരുന്നില്ല. അപദാനങ്ങൾ മാത്രമേയുള്ളുവെന്ന്‌ തെറ്റിദ്ധരിക്കരുത്‌. അപശ്രുതികളും ഉണ്ടായിരുന്നു. ഒടിയൻവേല ചെയ്യുന്നുവെന്നാരോപിച്ച്‌  ഏറനാട്ടിലെ ചില മേനോന്മാർ മൂന്നു പുലയരെ അടിച്ചുകൊന്നിരുന്നു. ഈ സംഭവം റിപ്പോർട്ട്‌ ചെയ്യാതിരുന്ന കോൽക്കാരെ പിരിച്ചുവിടാനും  മലബാർ കലക്‌ടർ ആവശ്യപ്പെട്ടതായി രേഖകളിൽ കാണുന്നുണ്ട്‌. കോൽക്കാർ തോളിൽ ബെൽറ്റ്‌ ധരിച്ചിരുന്നു. ഇത്‌ റെയിൽവേ പ്യൂണും ധരിക്കാൻ തുടങ്ങിയപ്പോൾ കലക്‌ടറായിരുന്ന റോബിൻസൺ 17.02.1855ൽ വിലക്കിയതായി രേഖകളിൽ കാണുന്നു.

കോഴിക്കോട്ടെ കോൽക്കാരെന്ന പൊലീസ്‌ സേനയെ നവീകരിക്കണമെന്ന്‌ 1803‐ൽ കലക്‌ടറായിരുന്ന റിക്കറ്റ്‌സ്‌ ഒരു തീരുമാനമെടുത്തു. ഇതിനായി കോഴിക്കോട്‌ നഗരത്തിലെ വീടുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നികുതി ഏർപ്പാടാക്കിയിരുന്നു. എല്ലാ സ്ഥാപനങ്ങളും വീടുകളും നേരിട്ട്‌ പരിശോധിച്ചാണ്‌ ഇതിന്‌ വില കെട്ടിയിരുന്നത്‌. ഗോഡൗണുകൾക്കും കച്ചവട സ്ഥാപനങ്ങൾക്കും മതിപ്പുവിലയുടെ രണ്ടര ശതമാനമായിരുന്നു വർഷത്തിൽ നികുതി ഏർപെടുത്തിയത്‌. വീടുകൾക്ക്‌ അതിന്റെ മതിപ്പുവില 200 വീരരായൻ പണമോ അതിനേക്കാൾ കൂടുതലോ ആണെങ്കിൽ വർഷത്തിൽ ഒന്നര ശതമാനമായിരുന്നു നികുതി. മതിപ്പുവില 200 വീരരായൻ പണത്തിന്‌ താഴെയാണെങ്കിൽ വർഷത്തിൽ രണ്ടു വീരരായൻ പണമായിരുന്നു കെട്ടിട നികുതി. കോഴിക്കോട്‌ ടൗണിൽ ഏർപെടുത്തിയ ഈ നികുതി പിന്നീട്‌ കണ്ണൂരിലേക്കും വ്യാപിപ്പിച്ചു. കണ്ണൂരിൽ അറക്കൽ ബീവിക്കായിരുന്നു പൊലീസിന്റെ മേൽനോട്ടം.  ഈ അധികാരം അന്ന്‌ ലഫ്‌റ്റനന്റ്‌ ആയിരുന്ന വിൽക്കിൻസനാണ്‌ ബീവിക്ക്‌ കൊടുത്തിരുന്നത്‌. കണ്ണൂരിൽ പക്ഷേ, കെട്ടിടങ്ങളുടെ മൂല്യനിർണയം സുഗമമായിരുന്നു എന്നു തോന്നുന്നില്ല. കാരണം, കമാൻഡിങ് ഓഫീസറോട്‌ എല്ലാ പ്രവൃത്തിയും ഉപേക്ഷിച്ച് പൊലീസിനെ സഹായിക്കുക എന്ന്‌ മലബാർ കലക്‌ടർ നിർദേശിച്ചതായി കാണുന്നു.

കോൽക്കാർക്ക്‌ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണല്ലോ കൈയാമം. ബേപ്പൂർ അയേൺ വർക്‌സ്‌ എന്ന പേരിലുള്ള സ്ഥാപനത്തിലാണ്‌ കൈയാമം ഉണ്ടാക്കിയിരുന്നത്‌. സ്‌റ്റീഫൻ എന്നൊരാളാണ്‌ ഇതിന്റെ മാനേജരായി പ്രവർത്തിച്ചിരുന്നത്‌. 866 ജോഡി കൈയാമങ്ങൾക്ക്‌ 1866 മെയ്‌ മാസം 10‐ാം തീയതി മലബാർ കലക്‌ടർ ഈ സ്ഥാപനത്തിന്‌ ഓർഡർ കൊടുത്തിരുന്നതായി രേഖകളിൽ കാണുന്നു. കൈയിലിടുന്ന ഭാഗത്തിന്‌ വണ്ണം കൂടിയതും  വണ്ണം കുറഞ്ഞതും എന്നിങ്ങനെ രണ്ടു തരത്തിലാണ്‌ കൈയാമങ്ങൾ ഇവിടെ നിർമിച്ചിരുന്നത്‌. കോൽക്കാർക്ക്‌ റിട്ടയർമെന്റ്‌ പ്രായത്തിന്‌ പ്രത്യേകിച്ച്‌ നിബന്ധനകളൊന്നും ഇല്ലായിരുന്നു. 70ഉം 80ഉം പ്രായമുള്ളവരൊക്കെ ഈ സേനയിൽ ഉണ്ടായിരുന്നു. ‘മനസ്സ്‌ എത്തുന്നിടത്ത്‌ ശരീരം എത്തുന്നില്ല’ എന്ന തോന്നൽ ഉണ്ടാകുന്നതുവരെയും ഇവർ ജോലിയിൽ തുടർന്നു.

(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്‌തകത്തിൽനിന്ന്‌)

Leave a Reply

Your email address will not be published. Required fields are marked *