കോഴിക്കോട്: പാളയം ബസ് സ്റ്റാൻ്റ് പരിസരങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തുന്നയാൾ പിടിയിൽ. കക്കോടി ചെറുകുളം കള്ളിക്കാടത്തിൽ മൊറാർജി എന്ന ജംഷീർ പി എം (40) നെയാണ് 102 ഗ്രാം കഞ്ചാവുമായി പാളയം ജംഗ്ഷനിൽ നിന്നും പിടികൂടിയത്.
കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ.എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫും കസബ എസ്.ഐ ജഗ്മോഹൻ ദത്തിൻ്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
അതിഥി തൊഴിലാളികളെയും ഹോട്ടൽ ജോലിക്കാരെയും ലക്ഷ്യമിട്ട് കഞ്ചാവ് ചെറിയ പൊതികളിലാക്കി 500 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്. കഞ്ചാവ് വിൽപ്പനയിലൂടെ കിട്ടിയ 6200 രൂപയും ഇയാളിൽ നിന്ന് കണ്ടെടുത്തു. പിടി കൂടിയ ജംഷീറിന് മുമ്പ് കസബ സ്റ്റേഷനിൽ കഞ്ചാവ് കേസും ടൗൺസ്റ്റേഷനിൽ പിടിച്ചു പറി ബ്രൗൺഷുഗർ കേസും ഉണ്ട്.
ഡാൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ് ഐ അനീഷ് മൂസ്സേൻവീട്, ഷിനോജ് എം, കസബ സ്റ്റേഷനിലെ എസ്.ഐ സജിത്ത്മോൻ, സിപിഒ മുഹമ്മദ് സക്കറിയ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
ഇലക്ട്രിക് പോസ്റ്റിനടിയിൽ ഒളിപ്പിച്ച് കഞ്ചാവ് വിൽപന
പാളയം ജംഗ്ഷനിൽ അതി രാവിലെ ജോലി അന്വേഷിച്ച് കൂട്ടമായി നിൽക്കുന്ന അതിഥി തൊഴിലാളികളുടെയും ഹോട്ടൽ തൊഴിലാളികളുടെയും ഇടയിൽ നിന്ന് ആവശ്യക്കാരെ കണ്ടെത്തും. പണം വാങ്ങിയ ശേഷം പാളയം ജംഗ്ഷന് സമീപമുള്ള ഏതെങ്കിലും ഇലക്ട്രിക് പോസ്റ്റിൻ്റെ അടിയിൽ കടലാസു പൊതിയിൽ കഞ്ചാവ് ഒളിപ്പിച്ച് വച്ച ശേഷം സാധനം അവിടെയുണ്ടെന്ന് പറഞ്ഞ് അത് എടുത്ത് പോവാൻ പറയും. പൊലീസ് പിടി കൂടാതിരിക്കാൻ കഞ്ചാവ് കയ്യിൽ വയ്ക്കാതെ ഈ രീതിയിലാണ് വിൽപന നടത്തിയിരുന്നത്. ലഹരിക്കെതിരെ റെയിൽവെസ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻ്റുകൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ കെ എ ബോസ് പറഞ്ഞു.
പാളയത്തുനിന്ന് കഞ്ചാവുമായി ഒരാൾ പിടിയിൽ

