കോഴിക്കോട്: ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകർ ക്കുള്ള ദുരന്ത നിവാരണ പരിശീലനം പൂർത്തിയായി.
കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ 1200 ഓളം സ്കൂളുകളിലെ പ്രധാന അധ്യാപകർക്കാണ്
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും
അതാത് ജില്ല വിദ്യാഭ്യാസ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ
പരിശീലനം നൽകിയത്.
സ്കൂളുകളിൽ ദുരന്തനിവാരണ പ്ലാൻ തയാറാക്കേണ്ട വിധം,
ദുരന്തനിവാരണത്തിന്റെ മുന്നൊരുക്കങ്ങൾ, സ്കൂളുകളിൽ മോക്ഡ്രിൽ നടത്തേണ്ട വിധം, കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്, സ്കൂളുകളിൽ ദുരന്തനിവാരണ ക്ലബ്ബുകൾ രൂപീകരിക്കേണ്ടത് എന്നിവയാണ് പരിശീലന ക്ലാസ്സിൽ വിശദീകരിച്ചത്. കോഴിക്കോട്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ പരിശീലനം വ്യാഴാഴ്ച പൂർത്തിയാക്കിയിരുന്നു.
വെള്ളിയാഴ്ച വടകര സെന്റ് ആന്റണിസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം വടകര എൽ ആർ തഹസിൽദാർ വർഗീസ് കുര്യൻ നിർവഹിച്ചു.
ജില്ലാ ഹസാർഡ് അനാലിസ്റ്റ് അശ്വതി പി, എച്ച് എം ഫോറം കൺവീനർമാരായ മനോജ് മാസ്റ്റർ, പ്രീജിത് കുമാർ, സെന്റ് ആന്റണിസ് സ്കൂൾ അധ്യാപിക അഞ്ചുമോൾ എൻ എ, എൽ എസ് ജി ഡി ഡി എം കോർഡിനേറ്റർ ഹർഷ എം, ഉസ്മാൻ കെ കെ എന്നിവർ സംസാരിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. പ്രതീഷ് സി മാമ്മൻ ക്ലാസെടുത്തു.
രാവിലെയും വൈകിട്ടുമായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ 650 ഓളം പ്രധാന അധ്യാപകരാണ് പങ്കെടുത്തത്.

