‹

താളത്തിൽ ചുവടുവെച്ച് ഉലക്ക മുട്ട്

ഉലക്കകൾ ഉപയോഗിച്ചുള്ള മുട്ടുകളി നിങ്ങൾ കണ്ടിട്ടുണ്ടോ. ലക്ഷദ്വീപിൻ്റെ ഭാഗമായ അഗത്തിയിലെ പ്രശസ്തവും ജനപ്രിയവുമായ കലാരൂപമാണ് ഇത്. പേര് ഉലക്ക മുട്ട്. അഗത്തിയിലെ യൂനുസ് കരകൊച്ച നേതൃത്വം നൽകുന്ന നേതാജി ഫോക് ഡാൻസ് ടീമാണ് ഉലക്ക മുട്ട് തനതായ ദൃശ്യഭംഗിയോടെ അവതരിപ്പിക്കുന്നത്.

തറയിൽ നെടുകെ വെച്ചിരിക്കുന്ന ഉലക്കകൾ താളാത്മകമായി പരസ്പരം മുട്ടുമ്പോൾ, അതിനിടയിലൂടെയും മുകളിലൂടെയും കലാകാരന്മാർ ചുവടുകൾ വെച്ച് നൃത്തം ചെയ്യുന്നു.
പാട്ടിന്റെയും ഉലക്കകൾ മുട്ടുന്നതിന്റെയും താളം മുറുകുന്നതിനനുസരിച്ച് നർത്തകരുടെ ചുവടുകളുടെ വേഗതയും വർധിക്കുന്നു. വളരെ ശ്രദ്ധയും ചടുലതയും ആവശ്യമുള്ള  കലാരൂപമാണിത്.
ലക്ഷദ്വീപിലെ പ്രാദേശിക ആഘോഷങ്ങളിലെയും സംസ്‌കാരിക പരിപാടികളിലെയും ഒഴിച്ചുകൂടാനാവാത്ത കലാരൂപമാണ് ഉലക്ക മുട്ട്. അഗത്തിയിൽ ഈ കലാരൂപം അവതരിപ്പിക്കുന്ന ഏക ടീമാണ് നേതാജി.

ആദ്യമായാണ് ഇത്തരമൊരു ‘ഉലക്കക്കളി’ കാണാൻ അവസരം ലഭിച്ചത്. സീനിയർ ജേണലിസ്റ്റ്സ് ഫോറം സംഘടിപ്പിച്ച കുടുംബയാത്രയുടെ ഭാഗമായാണ് അഗത്തിയിലെത്തിയത്. മൂന്നുദിവസത്തെ സന്ദർശനത്തിൻ്റെ അവസാനത്തിലാണ് യൂനുസിൻ്റെ നേതാജി ടീമിൻ്റെ സാംസ്കാരിക പരിപാടികൾ കാണാനിടയായത്. ഉലക്ക മുട്ടിൻ്റെ താളത്തിനൊപ്പിച്ച് ചുവട് വെക്കാൻ കുടുംബാംഗങ്ങൾക്കും അവസരമുണ്ടായി.

ഉലക്ക മുട്ടിനു പുറമെ പരിചകളി, കോൽക്കളി എന്നിവയും ലക്ഷദ്വീപിലെ കലാരൂപങ്ങളാണ്.  കേരളത്തിലെ മലബാർ സംസ്കാരത്തോടും ഇസ്ലാമിക പൈതൃകത്തോടും ഏറെ ആഭിമുഖ്യം പുലർത്തുന്നവയാണ് ഈ  കലകൾ. ഇതിനും നേതൃത്വം നൽകുന്നത് യൂനുസിൻ്റെ നേതാജി ടീം തന്നെയാണ്.

പുരുഷന്മാർ വട്ടത്തിൽ നിന്ന് കൈകളിൽ ചെറിയ വടികൾ (കോലുകൾ) ഏന്തി താളത്തിനൊപ്പിച്ചു ചുവടുവെച്ച് കളിക്കുന്ന നൃത്തരൂപമാണ് കോൽക്കളി. കേരളത്തിലെ കോൽക്കളിയോട് ഇതിന്  സാദൃശ്യമുണ്ട്.

പരിചകളി ആയോധന നൃത്തരൂപമാണ് (Martial art dance). കളിയിൽ പങ്കെടുക്കുന്നവർ മരം കൊണ്ടുണ്ടാക്കിയ വാളും പരിചയും ഏന്തിക്കൊണ്ടാണ് നൃത്തം ചെയ്യുന്നത്. കളരിപ്പയറ്റിന്റെ ചുവടുകളുമായി ഇതിന് ബന്ധമുണ്ട്.
 
ലക്ഷദ്വീപിലെ പൂർവികർ മുമ്പുള്ള കാലങ്ങളിൽ വിവാഹ വിട്ടിലും സുന്നത്ത് വീട്ടിലും നടത്തിവരാറുള്ള നാടൻ കലകളാണ് പരിചകളിയും കോൽക്കളിയും ഉലക്ക മുട്ടും. ഇതിൻ്റെയെല്ലാം തനിമ ചോരാതെ കാത്തുസൂക്ഷിക്കുകയാണ് നേതാജി ഡാൻസ് ഫോക് ഡാൻസ് ടീം. ലക്ഷദ്വീപിലേക്ക് വരുന്ന വിഐപിമാരെയും മറ്റും പരിചകളി കൊണ്ട് സ്വീകരിച്ചാണ് സ്വാഗതം ചെയ്യാറുള്ളതെന്ന് യൂനുസ് പറയുന്നു.

2026 ലെ ഡൽഹി ചെങ്കോട്ടയിലെ റിപ്പബ്ലിക് ദിന പരേഡിൽ യൂനുസിൻ്റെ നേതൃത്വത്തിലാണ് ലക്ഷദ്വീപിലെ കലാരൂപങ്ങൾ അവതരിപ്പിച്ചത്. ഗുജറാത്തിലും ദാദാ നാഗർഹവേലിയടക്കം മറ്റിടങ്ങളിലും പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇതുവരെ ഉലക്ക മുട്ട് അടക്കമുള്ളവ അവതരിപ്പിക്കാൻ അവസരം ലഭിച്ചിട്ടില്ലെന്ന് യൂനുസ് പറഞ്ഞു. ക്ഷണം ലഭിച്ചാൽ കലാരൂപങ്ങൾ അവതരിപ്പിക്കാൻ സന്തോഷമേയുള്ളുവെന്നും യൂനുസ് പറഞ്ഞുവെക്കുന്നു. ഫോൺ: 8281071706.

ഉലക്കമുട്ട്
കോൽക്കളി
പരിചകളി
പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000