‹

ദസറയുടെ ഐതിഹ്യവും സന്ദേശവുംകാലിക പ്രസക്തിയും

ഭാരതത്തിലെ ജനങ്ങൾ പരമ്പരാഗതമായി ആഘോഷിക്കുന്ന   ഉത്സവങ്ങളിൽ ഒന്നാണ് ദസറ. ഉത്തരേന്ത്യയിലാണ് കൂടുതലായി ഈ ആഘോഷം.
ഈ സമയം ദക്ഷിണേന്ത്യയിൽ നവരാത്രിയായും ആഘോഷിക്കുന്നു.

ദസറ എന്ന വാക്കിൻ്റെ ഉത്ഭവം സംസ്കൃത പദത്തിൽ നിന്നാണ്. ദശം എന്നാൽ പത്ത് ഹർ എന്നാൽ തോൽപ്പിക്കുക.
9 ദിനങ്ങളിലായാണ് ഉത്സവം. പത്താം ദിവസം ആഘോഷം.  ഭാരതത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ദസറയുമായി ബന്ധപ്പെട്ട് ആചാരങ്ങളിലും വിശ്വാസങ്ങളിലും വ്യത്യസവുണ്ട്.

a)  രാമായണവുമായി ബന്ധപ്പെട്ട ഐതിഹ്യം

ലങ്കാധിപനായ രാവണൻ ശ്രീരാമൻ്റെ പത്നി സീതയെ തട്ടി കൊണ്ട് പോയി.ഇതേ തുടർന്ന് ശ്രീരാമൻ്റെ നിർദ്ദേശ പ്രകാരം സഹോദരൻ ലക്ഷ്മണൻ്റെയും ഹനുമാൻ്റെയും നേതൃത്യത്തിൽ വാനര സേനയുടെ സഹായത്തോടെ രാവണനെതിരെ യുദ്ധം ചെയ്തു. പത്താം ദിവസം യുദ്ധത്തിൽ രാവണൻ രാമനാൽ കൊല്ലപ്പെടുകയും ചെയ്യുന്നു. ഇത് ആഘോഷിക്കപ്പെടുന്നതാണ് ദസറയുടെ ഐതിഹ്യം. അത് കൊണ്ട് തന്നെ ദസറ ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടവും ഒടുവിൽ ധർമ്മത്തിനാണ് അന്തിമ വിജയമെന്ന സന്ദേശവും നൽകുന്നു.

b) ദുർഗാ ദേവിയുമായി ബന്ധപ്പെട്ട ഐതിഹ്യം

മഹിഷാസുരന് നിരവധി വർഷങ്ങൾ തപസ്സ് ചെയ്തതിനെ തുടർന്ന് ഒരു വരം ലഭിക്കുന്നു. ഭൂമിയിലുള്ള ആർക്കും തന്നെ വധിക്കാൻ സാധ്യമല്ല എന്നായിരുന്നു ആ വരം . മഹിഷാസുരൻ ഈ വരം ലഭിച്ചതോടെ അഹങ്കാരിയായി മാറി. ലോകത്തെ മുഴുവൻ തൻ്റെ കാൽക്കീഴിലാക്കാനുള്ള വൃഗ്രതയിലായി.
ഈ ദുഷ്ടതക്കെതിരെ  എല്ലാ ദൈവീക ശക്തികളും ഒന്നിച്ചു. പരിഹാരമായി ദുർഗാ ദേവി മനുഷ്യ രക്ഷക്കായി അവതരിച്ചു.
9 രാത്രിയും 10 പകലും നീണ്ട യുദ്ധത്തിൽ മഹിഷാസുരനെ ദേവി വധിച്ചു. ഈ വിജയമാണ്  പത്താം ദിനം ആഘോഷിക്കുന്നത്.

c) ആയുധ / പുസ്തക പൂജ

തൊഴിൽ ചെയ്യുന്നവർ അവരുടെ പണിയായുധങ്ങൾ , ഉപകരണങ്ങൾ, വിദ്യാർ ഥികൾ അവരുടെ പുസ്തകങ്ങൾ എന്നിവയെ ബഹുമാനിക്കുന്നു. നവരാത്രിയിൽ അവസാനത്തെ 3 ദിവസങ്ങളിലായി പൂജ നടക്കും ( അഷ്ഠമി , നവമി , ദശമി ). ഗ്രന്ഥം അല്ലെങ്കിൽ ആയുധം സമർപ്പിച്ച് അടച്ചു പൂജ , രണ്ടാം ദിനം വെച്ച് പൂജ, മൂന്നാം ദിനം തുറന്ന പൂജ .ഒമ്പതാം ദിനം ദക്ഷിണേന്ത്യയിൽ വിജയ ദശമി എന്നും ഉത്തരേന്ത്യയിൽ പത്താം ദിനം ദസറയായി ആഘോഷിക്കുന്നു. ദുർഗാദേവി മഹിഷാ സുരനെ വധിച്ചത് അതീവ ശക്തിയുള്ള ആയുധം ഉപയോഗിച്ചായാണ് ഐതിഹ്യത്തിൽ പരാമർശിച്ചുള്ളത്.
നാം ഉപയോഗിക്കുന്ന ഏത് വസ്തുവും സൂക്ഷ്മമായി ഉപയോഗിക്കണമെന്നും  ഉദ്ദേശ്യശുദ്ധി ഉണ്ടായിരിക്കണമെന്നുമാണ് ആയുധ പൂജ അല്ലെങ്കിൽ പുസ്തക  പൂജ എന്ന സന്ദേശം നൽകുന്നത്.
ദുർഗാ ദേവിയോടുള്ള ആദര സൂചകമായാണ് ആദ്യത്തെ ഒൻപത് ദിനങ്ങൾ  നവരാത്രി ആഘോഷം  .
രാമ- രാവണ യുദ്ധത്തിലെ വിജയം പത്താം ദിനം   ദസറയായി ആഘോഷിക്കുന്നു . രാവണന് മേൽ  ശ്രീരാമൻ നടത്തിയതും മഹിഷാസുരന് മേൽ ദുർഗാ ദേവി നടത്തിയ പ്രതിരോധവും  സൂചിപ്പിക്കുന്നത് തിന്മയുടെ മേൽ നന്മ നടത്തിയ പോരാട്ട വിജയമാണ്.
ഈ ദിനങ്ങളിൽ കുടുംബങ്ങൾ ഒന്നിക്കുന്നു. സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയും സാഹചര്യം സൃഷ്ടിക്കുന്നു.

ആദ്യത്തെ മൂന്ന് ദിനങ്ങൾ മഹിഷാ സുരനിൽ നിന്നും ഭൂമിയെ രക്ഷിക്കാനുള്ള ദുർഗാ ദേവിയുടെ ശ്രമങ്ങളുടെ പ്രതിഫലനവും അടുത്ത മൂന്ന് ദിനങ്ങൾ വിജയ പ്രതീക്ഷയുടെതുമാണ്. അവസാന മൂന്ന് ദിനങ്ങൾ അറിവിൻ്റെയും ശാശ്വത സമാധാനത്തിൻ്റെയും വീണ്ടെടുക്കലിൻ്റെയും പ്രത്യാശയുടെയും ദിനങ്ങളാണ്. പത്താം ദിവസം ദസറ ആഘോഷിക്കുന്നു.
വേനൽക്കാലത്തിൻ്റെ  സമാപനവും ശീത കാലത്തിൻ്റെ തുടക്കവുമാകുന്നതിനാൽ കാർഷിക മേഖലക്ക് ഉണവർവും ഐശ്വര്യവും നിറഞ്ഞ കാലഘട്ടം കൂടിയാണ് ദസറ.

മൈസൂർ ദസറ

മൈസൂരിലെ ദസറ ആഘോഷം വളരെ പ്രസിദ്ധമാണ്. തിന്മയുടെ മേൽ ചാമുണ്ഡേശ്വരി ദേവി നടത്തിയ വിജയമായാണ് മൈസൂർ ദസ്റയുടെ സാരംശം. കർണ്ണാടക സർക്കാറിൻ്റെ ഔദ്യോഗിക ആഘോഷമാണിത്. ചാമുണ്ഡേശ്വരി ദേവിയാണ് മൈസൂരിൻ്റെ ആരാധന മൂർത്തി.

ദസറയുടെ സന്ദേശവും
കാലിക പ്രസക്തിയും

a)  രാവണനെതിരെ ശ്രീരാമൻ നടത്തിയ വിജയവും  മഹിഷാസുരനെതിരെ
ദുർഗാ ദേവി നടത്തിയ വിജയവും സൂചിപ്പിക്കുന്നത് വിജയം നേടാൻ ഇഛാശക്തിയും സമർപ്പണ ബോധവും ഉണ്ടായിരിക്കണമെന്നതാണ്.
അനീതിക്കെതിരെ ഏതറ്റം വരെയും പോരാടാനും സത്യസന്ധതയും ധീരതയുമാണ് പിന്തുടരേണ്ടത് എന്നും
ദസറ നമ്മെ പഠിപ്പിക്കുന്നു. മനുഷ്യൻ്റെ ഉള്ളിൽ കുടികൊള്ളുന്ന ആദ്ധ്യാത്മിക ഗുണങ്ങളെ പ്രചോദിപ്പിക്കുകയും അതിൻ്റെ  ഫലമായി ആന്തരിക നവീകരണവും ജീവിതത്തിൽ പുലർത്തേണ്ട ശ്രേഷ്ഠമായ മൂല്യങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നതാണ് സാരാംശം.

b) വിജയം സാക്ഷാത്ക്കരിക്കാൻ കൂട്ടായ്മ അനിവാര്യമാണ്. സമർപ്പണ ബോധവും ആത്മ വിശ്വാസവും വിജയത്തിലേക്കുള്ള ചവിട്ടു പടികളാണ്. ശ്രീരാമൻ്റെ നേതൃത്വത്തിലുള്ള വാനരപ്പട പ്രകൃതി ശക്തികളാണ്.
ദൈവിക ശക്തികൾ യോജിച്ച് ദുർഗാദേവിയെ സൃഷ്ടിച്ച് നേടിയ വിജയവും കൂട്ടായ്മയുടെയും സമർപ്പണ ബോധത്തിൻ്റെയും ഉദാത്തമായ മാതൃകകളാണ്.

c) വിജയദശമി: വിജയത്തിൻ്റെയും വിദ്യാരംഭത്തിൻ്റെയും ദിവസമാണ്, ആദ്യാക്ഷരം കുറിക്കുവാനും
പുതിയ തൊഴിലും സംരംഭങ്ങളും തുടങ്ങാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു. പ്രകൃതിയെ സ്നേഹിക്കുവാനും ജീവിതത്തിൽ നാം നിരന്തരം കൈകാര്യം ചെയ്യുന്ന ചേതന – അചേതന വസ്തുക്കളെ ബഹുമാനിക്കുവാനുമാണ് ദസറ നമുക്ക് നൽകുന്ന സന്ദേശം.
കന്നി  മാസത്തിലെ 9 ദിവസം നീണ്ട് നിൽക്കുന്ന ഈ ആഘോഷം ക്ഷേത്ര ഉപാസനയിലൂടെയും ജപം ,ധ്യാനം സ്തോത്രം, അർച്ചന എന്നി ചതുർവിധ ങ്ങളായ ഉപാസന രീതിയിലൂടെ പ്രകൃതീശ്വരിയായ ദേവിയുടെ ശക്തി സമാഹരിക്കാനുളള അവസരമാണ് 9 ദിവസം നീണ്ട് നിൽക്കുന്ന നവരാത്രിയുടെ പ്രധാന ലക്ഷ്യം.

d) മുതിർന്നവർ, മാതാ പിതാക്കൾ , അധ്യാപകർ എന്നിവരെ ബഹുമാനിക്കണമെന്ന് ഓർമ്മപ്പെടുത്തൽ കൂടിയാണ് ദസറയിലൂടെ ഉദ്ബോധിപ്പിക്കുന്നത്.

e) ശ്രീരാമൻ്റെ വനവാസവും ത്യാഗമനോഭാവവും

ശ്രീരാമൻ്റെ കിരീടധാരണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ദശരഥ മഹാരാജാവിനോട് കൈകേയി വരം ചോദിക്കുന്നു. മകൻ ഭരതനെ രാജാവായി കാണണം. ദശരഥൻ , രാമനോട് ദീർഘ  കാലത്തേക്ക് കാട്ടിൽ പോകാൻ നിർദേശിച്ചു. ഒരു നിമിഷം പോലും വൈകാതെ പിതാവിൻ്റെ ആഗ്രഹം നിറവേറ്റാൻ ശ്രീരാമൻ തീരുമാനിച്ചു.
സദുദ്ദേശം പ്രാബല്യത്തിൽ വരുത്താൻ ത്യാഗ മനോഭാവം അനിവാര്യമാണെന്ന് ശ്രീരാമൻ്റെ തീരുമാനത്തിലൂടെ  തിരിച്ചറിയുന്നു. ഇന്നത്തെ തലമുറയ്ക്ക് ഇതൊരു ഉത്തമ പാഠമാണ്.

f) *കൗമാര ആചരേത്* *പ്രാഞ്ജോ*
*ധർമ്മാൻ* *ഭാഗവതാനിഹ*
*ദുർലഭം മാനുഷം*
*ജന്മം : തദപ്യാധ്യവമർഥദം* !

ബാല്യത്തിൽ തന്നെ നമ്മുടെ കുട്ടികൾക്ക് ധാർമ്മിക മൂല്യങ്ങൾ പറഞ്ഞ് കൊടുക്കണം അഥവാ പിന്തുടരണം.
ഇത് മാതാപിതാക്കളുടെ ചുമതലയാണ്. പൂർണ ധന്യത നേടാനാവുന്ന മനുഷ്യ ജന്മങ്ങൾ വിരളമാണ്.

തയ്യാറാക്കിയത് :

വർഗീസ് മാത്യു
(ഗവേഷകൻ , ഇന്ത്യൻ നോളജ് സിസ്റ്റംസ് , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ,കാലിക്കറ്റ് കേരളം)


ഡോ. പ്രസാദ് കൃഷ്ണ
ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി,കാലിക്കറ്റ്‌ കേരളം

ഡോ. ആശിഷ് അവസ്തി
ചെയർപേഴ്സൺ, ഇന്ത്യൻ നോളേജ് സിസ്റ്റംസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റ്‌, കേരളം

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000