മാനാഞ്ചിറയിൽ വായനയുടെ പുതുപ്രഭാതം
വായന പ്രതിസന്ധികളിൽ വഴികാട്ടിയാകും- ജില്ലാ കലക്ടർ
കോഴിക്കോട്: മനുഷ്യന്റെ ഒറ്റപ്പെടലുകളിൽ വലിയ ആശ്വാസം പകരാൻ പുസ്തകങ്ങൾക്ക് സാധിക്കുമെന്ന് ജില്ലാ കലക്ടർ എം എസ് മാധവിക്കുട്ടി. നമ്മൾ അനുഭവിക്കുന്ന അതേ പ്രയാസങ്ങൾ ലോകത്തിന്റെ മറ്റേതോ കോണിലുള്ള മനുഷ്യരും നേരിടുന്നുണ്ടെന്ന വലിയ തിരിച്ചറിവ് നൽകാൻ പുസ്തകങ്ങൾക്കാകുമെന്നും മാനാഞ്ചിറ മൈതാനത്തിന്റെ പച്ചപ്പിൽ സംഘടിപ്പിച്ച ‘വായനാ പ്രഭാതം’ കൂട്ടായ്മയിൽ ജില്ലാ കളക്ടർ പങ്കുവച്ചപ്പോൾ പ്രിയപ്പെട്ട പുസ്തകവും കയ്യിൽ പിടിച്ചു ചുറ്റിലും ഇരുന്നവർ അവരുടെ വായന അനുഭവങ്ങളിലൂടെ യാത്ര ആരംഭിച്ചു. വ്യക്തിപരവും തൊഴിൽപരവുമായ പ്രതിസന്ധികളിൽ കൃത്യമായ വഴികാട്ടിയാകാനും വായനയ്ക്ക് കഴിയുമെന്നു ജില്ലാ കലക്ടർ പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിൽ അവർ ഏവരും ശരിവെച്ചു.
ജില്ലാ ഭരണകൂടത്തിന്റെയും കലക്ടേഴ്സ് ഇൻ്റേൺഷിപ് പ്രോഗ്രാമിലെ ഇൻ്റേൺസിൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ നാലു വയസ്സുകാരി മുതൽ എഴുപത് വയസുകാർവരെയുള്ള എഴുപതിലധികം പുസ്തകപ്രേമികളാണ് പങ്കെടുത്തത്. രാവിലെ എട്ടിന് നിശ്ശബ്ദ വായനയോടെയാണ് പരിപാടി ആരംഭിച്ചത്.
അച്ഛന്റെ വായനാശീലവും വീട്ടിലുണ്ടായിരുന്ന രണ്ടായിരത്തിലധികം പുസ്തകങ്ങളുമാണ് തന്നിലെ അക്ഷരസ്നേഹിയെ വളർത്തിയതെന്ന്
ജില്ലാ കലക്ടർ ഓർത്തെടുത്തു. തുടർന്നു കൂടിയിരുന്നവർ അവരുടെ പ്രിയപ്പെട്ട പുസ്തകങ്ങളും കഥകളും കവിതകളും പങ്കുവച്ചു. വായന തങ്ങളുടെ ജീവിതത്തെ തൊട്ടുതലോടിയ നിമിഷങ്ങൾ ഓർത്തെടുത്തു. ചിലർ സ്വന്തം രചനകൾ അവതരിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പ്രത്യേകമായി ഒരുക്കിയ ബുക്ക്മാർക്ക് സ്റ്റാളിൽ നിന്ന് ഇഷ്ടപ്പെട്ടവ തിരഞ്ഞെടുത്തു സ്വന്തമാക്കി. പിരിയാൻ നേരം ഇത്തരം കൂട്ടായ്മകളും സംരംഭങ്ങളും തുടർന്നും സംഘടിപ്പിക്കണമെന്ന ആഗ്രഹം പങ്കുവച്ചു. വായനയുമായി ബന്ധപ്പെട്ട പരിപാടികളും കൂട്ടായ്മകളും ഇനിയും സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടർ ഉറപ്പു നൽകി. മനുഷ്യരെ വൈകാരികമായി കൂട്ടിയോജിപ്പിക്കുന്ന ശക്തിയാണ് വായന എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് മാനാഞ്ചിറയുടെ പച്ചപ്പിൽ നിന്ന് നഗരത്തിന്റെ തിരക്കുകളിലേക്ക് അവർ മടങ്ങി.