ആഞ്ഞിലോറ മല മാലിന്യ മുക്തമാക്കി വിദ്യാർഥികൾ
ഡെപ്യൂട്ടി കലക്ടറുടെ ആശങ്ക അസ്ഥാനത്ത്
കോഴിക്കോട്: “ഇതെന്ത് ചെയ്യും”- പരിപാടിയിൽ മുഖ്യാതിഥിയായ ഡെപ്യൂട്ടി കലക്ടർ സി സുബൈർ വിദ്യാർത്ഥികളോട് ചോദിച്ചു. “ഞങ്ങൾ മല വൃത്തിയാക്കും” -കുട്ടികളുടെ ഉറച്ച മറുപടി. സ്കൂളിൽ മാലിന്യവിമുക്ത ഹരിത വിദ്യാലയവും ഹരിത ഭവനവും ഒരുക്കാൻ നേതൃത്വം നൽകുന്ന പറമ്പിൽക്കടവ് മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ യു.പി.സ്കൂളിലെ സ്കൗട്ട്സ്, ഗൈഡ്സ് കുട്ടികൾ വാക്കിൽ ഒതുങ്ങാതെ അത് പ്രവൃത്തിപഥത്തിലെത്തിച്ചു.
പ്രകൃതി സൗന്ദര്യം സംരക്ഷിക്കുന്നതിനും വിനോദ സഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുമായി മാലിന്യ സംസ്കരണ പദ്ധതിയും ടൂറിസം പദ്ധതിയും തയ്യാറാക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കുരുവട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. നൂറുദ്ദീൻ ചെറുവറ്റ പറഞ്ഞു.
സ്കൂളിലെ അമ്പതോളം കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന സംഘമാണ് ‘ദേശ മറിയാൻ പുലർകാല യാത്ര’ എന്ന പേരിൽ പോർളാതിരിയുടെ ചരിത്രമുറങ്ങുന്ന ആഞ്ഞിലോറ മലയിലേക്ക് കാൽനടയാത്ര നടത്തിയത്. മലയുടെ പ്രകൃതിയും പൈതൃകവും അടുത്തറിഞ്ഞ് മടങ്ങേണ്ടിയിരുന്ന യാത്ര, മല സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടുള്ള പ്രവർത്തനമായി മാറുകയായിരുന്നു.
മലയോരത്ത് ഉപേക്ഷിക്കപ്പെട്ട കുപ്പികളും പ്ലാസ്റ്റിക്കുകളും കണ്ട ഡെപ്യൂട്ടി കലക്ടറുടെ ആശങ്ക കുട്ടികൾ ഏറ്റെടുത്തപ്പോൾ പ്രകൃതി സംരക്ഷണത്തിന് പുതിയ സന്ദേശം പകർന്ന യാത്രയായി കുട്ടികൾക്ക്; വേറിട്ട അനുഭവവും.
കുരുവട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. നൂറുദ്ദീൻ ചെറുവറ്റ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടർ സി സുബൈർ മുഖ്യാതിഥിയായി. വാർഡ് മെമ്പർമാരായ ഷൈജു പറമ്പടത്തിൽ, ഷോണാ സുധീഷ്, ഹിമാലയൻ വുഡ് ബാഡ്ജ് എം രാമചന്ദ്രൻ , പി ടി എ പ്രസിഡൻ്റ് പി പ്രമോദ് ,നിറവ് വേങ്ങേരി ഡയറക്ടർ ബാബു പറമ്പത്ത് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി രജീഷ് കുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ എം മുർഷിദ് സ്വാഗതവും പി പി ജയ നന്ദിയും പറഞ്ഞു.