അൽപ്പം കാട്ടുവിശേഷം

ഒരുകാലത്ത്‌ വനങ്ങളാൽ സമ്പുഷ്‌ടമായിരുന്നു കോഴിക്കോടും പരിസരവും. അതുകൊണ്ടുതന്നെ, കിണറുകളിൽ അകപ്പെടുന്ന വന്യമൃഗങ്ങളും സാമൂതിരിയുടെ വരുമാനത്തിൽ ഉൾപെട്ടിരുന്നു. പണ്ട്‌ കാടിനെ നാട്ടുകാർ തരംതിരിച്ചിരുന്നത്‌ രസാവഹമായ പേരുകളിലാണ്‌. കുറ്റിക്കാട്‌, കോലോത്തെ കാട്‌, ഫോറസ്‌റ്റ്‌ കാട്‌ എന്നിങ്ങനെയായിരുന്നു ആ തരംതിരിവ്‌. ‘കോലോത്തെ കാട്‌’ എന്നുവെച്ചാൽ സ്വകാര്യ വ്യക്തിയുടെ കാട്‌ എന്നർഥം. അക്കാലത്തൊക്കെ കാടിന്റെ ഉടമാവകാശം പേരെടുത്ത കോവിലകങ്ങൾക്കായിരുന്നു. ‘ഫോസ്‌റ്റ്‌ കാട്‌’ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ സർക്കാർ കാട്‌ എന്നാണ്‌. കുറ്റിക്കാടാകട്ടെ, നാട്ടുകാർക്ക്‌ കടന്നുചെല്ലാൻ വിലക്കുകളില്ലാത്ത കാടും. മലബാറിലെത്തിയ സായ്‌പിനെയും നമ്മുടെ വനസമ്പത്ത്‌ വല്ലാതെ ആകർഷിച്ചിട്ടുണ്ട്‌.

അക്കാലത്തെ കാടുകളുടെ പൂർണവിവരം ലഭിക്കണമെങ്കിൽ മലബാർ കലക്‌ടറായിരുന്ന ലോഗന്റെ ‘മലബാർ മാന്വൽ’ വായിച്ചാൽ മതി. ഫോറസ്‌റ്റ്‌ ഓഫീസറായിരുന്ന മോർഗൻ എലത്തൂർ നിന്ന്‌ വയനാട്ടിലേക്ക്‌ നടത്തിയ യാത്രയുടെ വിവരണം ഇതിൽ കൊടുത്തിട്ടുണ്ട്‌. അകലാപ്പുഴയിൽ ഇരുവശത്തും വിശ്രമിക്കുന്ന മുതലകളെക്കുറിച്ചും വയനാട്ടിലെ പുഴയിൽനിന്ന്‌ തുരുതുരാ പിടിച്ചെറിയുന്ന 64 റാത്തൽ വീതം ഭാരമുള്ള മീനുകളെക്കുറിച്ചുമൊക്കെ മോർഗൻ വിവരിക്കുന്നുണ്ട്‌. തെന്നിന്ത്യൻ കാടുകളിലെ നരഭോജികളായ കടുവകളെ കൊല്ലാൻ നിയുക്തനായ കെന്നത്ത്‌ ആൻഡേഴ്‌സൺ എന്ന സായ്‌പിന്റെ ഒരു ഡസനിലേറെ പുസ്‌തകങ്ങൾ തെന്നിന്ത്യൻ കടുവകളെക്കുറിച്ചും കാടുകളെക്കുറിച്ചും നമുക്ക്‌ വിവരം തരുന്നു. ഇത്രയേറെ കാടും കടുവകളും നമുക്കുണ്ടായിരുന്നോ എന്ന്‌ നാം അത്ഭുതം കൂറും അത്‌ വായിച്ചാൽ. ഇത്രയും എഴുതിയത്‌ ബ്രിട്ടീഷ്‌ സർക്കാരിന്റെ അക്കാലത്തെ രസാവഹമായ ഒരു വിജ്ഞാപനത്തെക്കുറിച്ച്‌ പറയാനാണ്‌‐ കാട്ടുമൃഗങ്ങളെ കൊന്നാൽ സർക്കാർ കൊടുക്കുന്ന സമ്മാനത്തുകയെക്കുറിച്ച്‌. അത്‌ ഇങ്ങനെ:

വന്യമൃഗങ്ങളുടെ ബാഹുല്യം നിമിത്തം അവയെ കൊല്ലുന്നതിനെതിരെ തുടക്കത്തിൽ ബ്രിട്ടീഷ്‌ സർക്കാർ നിയമങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. എന്നുമാത്രമല്ല, വന്യമൃഗങ്ങളെ കൊന്നാൽ സർക്കാർ സമ്മാനത്തുക കൊടുത്തിരുന്നുതാനും; പക്ഷേ കിട്ടാൻ അത്ര എളുപ്പമൊന്നുമായിരുന്നില്ല. അതിന്‌ അതിന്റേതായ ചില ചിട്ടവട്ടങ്ങളൊക്കെ ഉണ്ടായിരുന്നു. കടുവ, കരടി, പുലി, ആന എന്നീ മൃഗങ്ങളെ കൊന്നാലാണ്‌ സമ്മാനത്തുകയ്‌ക്ക്‌ അർഹരാവുക. വെറുതേ അങ്ങ്‌ കൊന്നുവെന്നു പറഞ്ഞാൽ പോരാ, തെളിവ്‌ ഹാജരാക്കണം. കൊന്ന മൃഗങ്ങളുടെ ജഡം ഹജൂർ കച്ചേരിയിൽ ഹാജരാക്കണം. എന്നിട്ട്‌ ഇവയുടെ ജഡത്തിൽനിന്ന്‌ സബ്‌ കലക്ടറുടെ മുന്നിൽവെച്ച്‌ തല വെട്ടിമാറ്റണം. പിന്നീട്‌ ഉരിഞ്ഞെടുത്ത്‌ വൃത്തിയാക്കിയ ചർമം സബ്‌ കലക്‌ടറെ ഏൽപ്പിക്കണം. ഓഫീസർ ഇത്‌ സ്‌റ്റോർ റൂമിൽ ഭദ്രമായി സൂക്ഷിച്ചുവെക്കും. തുടർന്ന്‌ ജഡത്തിൽനിന്ന്‌ പല്ലും നഖവും ഇളക്കിയെടുത്ത്‌ ഓഫീസറെ ഏൽപ്പിക്കണം. അദ്ദേഹം ഇതൊരു സ്‌ട്രോങ്‌ ബാഗിൽ വെച്ച് ഹജൂർ കച്ചേരിയിലെ ട്രഷറിയിൽ സൂക്ഷിക്കും. ഓഫീസറുടെ അനുവാദമില്ലാതെ കച്ചേരിയിൽനിന്ന്‌ ഇവ മാറ്റാൻ നിയമമുണ്ടായിരുന്നില്ല. സമ്മാനത്തുക അവകാശപ്പെടുന്ന വ്യക്തി, വില്ലേജ്‌ ഓഫീസറുടെ കൈയിൽനിന്ന്‌ അദ്ദേഹം മൃഗത്തിന്റെ ജഡം നേരിട്ട്‌ കണ്ടു പരിശോധിച്ചു എന്ന്‌ ഒരു സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്‌.

ഇത്രയും കേട്ട സ്ഥിതിക്ക്‌ ‘ദൈവമേ ഒരാനയെ കൊന്നാൽ കുടുങ്ങുമല്ലോ’ എന്നു കരുതേണ്ട. ആനയെ കൊന്നാൽ ജഡമൊന്നും ഹജൂർ കച്ചേരിയിലേക്ക്‌ കൊണ്ടുവരേണ്ട ആവശ്യമില്ല. അതിന്റെ വാൽ മാത്രം മുറിച്ചെടുത്ത്‌ ചോര ഉണങ്ങുന്നതിനു മുൻപായി ഹജൂർ കച്ചേരിയിൽ ഹാജരാക്കണം. ഇങ്ങനെ ഹാജരാക്കുന്ന വാൽ ഉടനടി സബ്‌ കലക്‌ടർ കൊച്ചുകൊച്ചു തുണ്ടങ്ങളായി മുറിക്കേണ്ടതാണ്‌. ഓഫീസർക്ക്‌ ഒരു ഇറച്ചിവെട്ടുകാരന്റെ റോൾ കൂടി ചെയ്യേണ്ടിയിരുന്നു എന്നു സാരം. ഇങ്ങനെ കഷ്‌ണങ്ങളാക്കിയില്ലെങ്കിൽ നമ്മുടെ വിരുതന്മാർ ഒരേ വാൽതന്നെ വീണ്ടും വീണ്ടും ഹാജരാക്കാൻ ഇടയുണ്ടല്ലോ. ആനയുടെ കാര്യത്തിൽ ‘ശല്യക്കാരനായ’ എന്നൊരു പ്രയോഗം രേഖകളിൽ കാണാം. പക്ഷേ, മറ്റു മൃഗങ്ങളുടെ കാര്യത്തിൽ ഈ ‘ശല്യക്കാരൻ’ പ്രയോഗം കാണുന്നില്ല. ആനയെ കൊന്നാൽ 40 രൂപയായിരുന്നു 1820‐ലെ സമ്മാനത്തുക. അക്കാലത്ത്‌ ഒത്ത ഒരാനയ്‌ക്ക്‌ 2000 രൂപയായിരുന്നു മാർക്കറ്റ്‌ വില.

വയനാട്ടിലെ കടുവകളുടെ കാര്യത്തിൽ പക്ഷേ, ഈ ചിട്ടവട്ടങ്ങൾക്ക്‌ ഒരിളവ് കൊടുത്തിരുന്നതായി കാണാം. ഇത്‌ ജൈനമതത്തിന്റെ സ്വാധീനം കാരണമാണെന്ന്‌ കരുതുന്നു. അക്കാലത്ത്‌ വയനാട്ടുകാർ കടുവയുടെ ജഡത്തിനോട്‌ ഒരു തരത്തിലും അനാദരവ്‌ കാണിക്കാറില്ലത്രെ. 1817 മാർച്ച്‌ 24ന്‌ മദ്രാസ്‌ ഗവർണർ പുറപ്പെടുവിച്ച ഒരു കല്‌പന പ്രകാരം വയനാട്ടിൽ കടുവകളെ കൊല്ലുകയാണെങ്കിൽ ജഡം ഹജൂർ കച്ചേരിയിൽ കൊണ്ടുവന്ന്‌ തല വെട്ടി തൊലിയുരിയേണ്ട കാര്യമില്ല. മറിച്ച്‌, ജഡം റോഡ്‌ വക്കിലെ  ഒരു മരത്തിൽ കെട്ടിത്തൂക്കി അത്‌ അഴുകുന്നതുവരെ കാത്തിരിക്കണം. എന്നിട്ട്‌, അഴുകിയ ജഡത്തിൽനിന്ന്‌ പല്ലും നഖവും എടുത്ത്‌ ഹജൂർ കച്ചേരിയിൽ ഹാജരാക്കിയാൽ മതി. പക്ഷേ, വില്ലേജ് ഓഫീസറുടെ ജഡ പരിശോധനയുടെ സർട്ടിഫിക്കറ്റ്‌  നിർബന്ധമായും ഹാജരാക്കേണ്ടതുണ്ട്‌. 1820 മാർച്ച്‌ 13ന്‌ കൺസർവേറ്റർ മദ്രാസ്‌ ഗവർണർക്കെഴുതിയ കത്തിൽനിന്നാണ്‌ മേൽപ്പറഞ്ഞ സമ്മാനത്തുകയെയും അതിനുവേണ്ട ചിട്ടവട്ടങ്ങളെയും കുറിച്ച്‌ വിവരം ലഭിക്കുന്നത്‌. സ്വകാര്യ വ്യക്തികളുടെ കാട്ടിൽനിന്ന്‌ മൃഗങ്ങളെ കൊല്ലാമായിരുന്നു. പക്ഷേ, മൃഗങ്ങളുടെ വിലയുടെ അഞ്ചിലൊന്ന്‌ ഉടമയ്‌ക്ക്‌ കൊടുക്കേണ്ടിയിരുന്നു.

(ടി ബി സെലുരാജിന്റെ കോഴിക്കോടിന്റെ പൈതൃകം പുസ്‌തകത്തിൽനിന്ന്‌)